ഓപ്പറേഷൻ സിന്ദൂരിൽ ലക്ഷ്യം 100% കൈവരിച്ചു: പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ നൂറ് ശതമാനം വിജയമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ സൈനിക ശക്തി ലോകം കണ്ടുവെന്നും പാകിസ്താന്റെ ഭീകരവാദ ശക്തിയെ തകർക്കാൻ ഈ ദൗത്യത്തിലൂടെ സാധിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാഗമായി ഭീകരവാദികളുടെ കേന്ദ്രങ്ങൾ 22 മിനിറ്റിനുള്ളിൽ തകർത്തതായും മോദി എടുത്തുപറഞ്ഞു. ഈ ദൗത്യത്തിൽ ഇന്ത്യൻ നിർമ്മിത ആയുധങ്ങൾ വലിയ പങ്ക് വഹിച്ചു. ലോകം ഇപ്പോൾ “മെയ്ഡ് ഇൻ ഇന്ത്യ” സൈനിക ശക്തിയിൽ ആകൃഷ്ടരാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഈ വർഷകാല സമ്മേളനം വിജയത്തിന്റെ ആഘോഷമാണെന്നും, എല്ലാ പാർട്ടികളും ഈ വിഷയത്തിൽ ഒന്നിച്ചുനിൽക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഇത് ഇന്ത്യൻ സൈന്യത്തിന്റെ ആത്മവീര്യം വർദ്ധിപ്പിക്കുകയും പ്രതിരോധ മേഖലയിലെ ഗവേഷണങ്ങളെയും ഉത്പാദനത്തെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ വലിയ നേട്ടങ്ങളെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. രാജ്യത്തെ നക്സൽ ബാധിത മേഖലകൾ ഹരിത മേഖലകളായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് തിരിച്ചെത്തിയ ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ലയെയും മോദി അഭിനന്ദിച്ചു. ആദ്യമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഇന്ത്യൻ പതാക ഉയർന്നത് അഭിമാന നിമിഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.