പൊതുദർശനവും വിലാപയാത്രയും കണക്കിലെടുത്ത് തിരുവനന്തപുരത്ത് ഇന്ന് ഗതാഗത നിയന്ത്രണം

അന്തരിച്ച മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ പൊതുദർശനവും വിലാപയാത്രയും കണക്കിലെടുത്ത് തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ ഏഴ് മണി മുതലാണ് ഗതാഗത നിയന്ത്രണം. സെക്രട്ടേറിയറ്റ് ഭാഗത്തേക്ക് വാഹന ഗതാഗതം അനുവദിക്കില്ലെന്ന് പോലീസ് അറിയിച്ചു.
ആയിരങ്ങളാണ് വിഎസിനെ അവസാനമായി ഒരുനോക്ക് കാണുന്നതിനായി തലസ്ഥാന നഗരിയിലേക്ക് ഒഴുകിയെത്തുന്നത്. ഇന്നലെ രാത്രി പതിനൊന്നര മണി വരെ എകെജി പഠന ഗവേഷണകേന്ദ്രത്തിൽ പൊതുദർശനം നടന്നിരുന്നു. വിഎസിനോടുള്ള ആദരസൂചകമായി ഇന്ന് സംസ്ഥാനത്ത് പൊതു അവധിയാണ്. മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചു.
വിഎസിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തുന്നവർ പുളിമൂട്, ഹൗസിംഗ് ബോർഡ് ജംഗ്ഷൻ, രക്തസാക്ഷി മണ്ഡപം എന്നിവിടങ്ങളിൽ ഇറങ്ങിയ ശേഷം ദർബാർ ഹാളിലേക്ക് പോകണം. പൊതുദർശനത്തിനായി വരുന്നവരുടെ ചെറിയ വാഹനങ്ങൾ യൂണിവേഴ്‌സിറ്റി ക്യാമ്പസ്, വെള്ളയമ്പലം വാട്ടർ അതോറിറ്റി പാർക്കിംഗ്, ജിമ്മി ജോർജ് സ്‌റ്റേഡിയം ഗ്രൗണ്ട്, ടാഗോർ തീയറ്റർ ഗ്രൗണ്ട്, തൈക്കാട് പിടിസി ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം
വലിയ വാഹനങ്ങൾ ആറ്റുകാൽ ക്ഷേത്ര ഗ്രൗണ്ടിലും കവടിയാറിലെ സാൽവേഷൻ ആർമി ഗ്രൗണ്ടിലും പൂജപ്പുര ഗ്രൗണ്ടിലുമായി പാർക്ക് ചെയ്യണം. പ്രധാന റോഡിലും ഇടറോഡിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. വിലാപ യാത്ര കടന്നുപോകുന്ന സെക്രട്ടേറിയറ്റ്, പിഎംജി, പട്ടം, കേശവദാസപുരം, ഉള്ളൂർ, പോങ്ങുംമൂട്, ശ്രീകാര്യം, പാങ്ങപ്പാര, കാര്യവട്ടം, കഴക്കൂട്ടം, വെട്ട് റോഡ് വരെയുള്ള റോഡിന്റെ വശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടുള്ളതല്ല