നിന്റെ ദൗത്യം കുട്ടനാട്ടിലാണ്, പോരാട്ടത്തിനിറങ്ങൂവെന്ന് പി കൃഷ്ണപിള്ള; പിന്നെ നടന്നത് ചരിത്രം

സഖാക്കളുടെ സഖാവ് എന്നാണ് പി കൃഷ്ണപിള്ള അറിയപ്പെടുന്നത്. സാക്ഷാൽ കൃഷ്ണപിള്ളയാണ് വിഎസ് അച്യുതാനന്ദന്റെ രാഷ്ട്രീയഗുരു. വിഎസിലെ തീപ്പൊരി ആദ്യം കണ്ടെത്തിയതും തിരിച്ചറിഞ്ഞതും അത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചക്കായി ഉപയോഗിച്ചതും പി കൃഷ്ണപിള്ള ആയിരുന്നു. ഇതൊരു തീപ്പൊരിയാണ്. തീ പടർത്താൻ ഇവന് കഴിയും എന്നായിരുന്നു കൃഷ്ണപിള്ള വിഎസിനെ കുറിച്ച് പറഞ്ഞിരുന്നത്
വിഎസിന്റെ നേതൃപാടവം തിരിച്ചറിഞ്ഞ കൃഷ്ണപിള്ള അദ്ദേഹത്തെ കുട്ടനാട്ടിലേക്ക് പറഞ്ഞയച്ചു. കുട്ടനാട്ടിൽ പാവപ്പെട്ട കർഷക തൊഴിലാളികൾ ചൂഷണത്തിന് ഇരയാകുന്നു. സ്ത്രീകൾ മാനഭംഗത്തിന് ഇരയാകുന്നു. അവിടെ ചെന്ന് അവരെ സംഘടിപ്പിച്ച് പോരാട്ടത്തിനിറങ്ങു. നിന്റെ ദൗത്യം കുട്ടനാട്ടിലാണ് എന്ന കൃഷ്ണപിള്ളയുടെ വാക്കുകൾ ശിരസാ വഹിച്ച് വിഎസ് പോരാട്ടത്തിനിറങ്ങി. പിന്നീട് നടന്നതെല്ലാം കേരള രാഷ്ട്രീയത്തിലെ ചരിത്രമാണ്
പകൽ ഫാക്ടറിയിലെ പണി കഴിഞ്ഞാൽ രാത്രി പാർട്ടിയുടെ സ്റ്റഡി ക്ലാസിലെത്തും. പോലീസ് ജന്മികൾക്ക് വേണ്ടി നിലനിന്ന് കർഷക തൊഴിലാളികളെ പീഡിപ്പിച്ചപ്പോൾ വിഎസ് കുട്ടനാട്ടിലെത്തി. ഗുണ്ടകളെ അയച്ച് വിരട്ടിയെങ്കിലും വിഎസ് പിൻമാറിയില്ല. കൊയ്ത്ത് കഴിഞ്ഞ് നെല്ല് കളത്തിൽ കൂട്ടിയിട്ട സമയത്ത് സമരം തുടങ്ങി. നെല്ല് മാറ്റാൻ കഴിയാതെ വന്നതോടെ ജന്മിമാർ മുട്ടുമടക്കി. 17 വയസ് മാത്രമുള്ള വിഎസ് നയിച്ച ആദ്യ സമരം തന്നെ വിജയത്തിലേക്ക് എത്തി. തന്റെ ജീവിതം കൊണ്ട് പുതിയ സമരചരിത്രം കേരളത്തിൽ എഴുതിപ്പിടിപ്പിക്കുകയായിരുന്നു വിഎസ് അവിടെ
പുന്നപ്ര വയലാർ സമരകാലത്ത് അതിക്രൂരമായ മർദനത്തിന് വിധേയനായി. കാല് രണ്ടും ലോക്കപ്പിന്റെ അഴികളിലൂടെ പുറത്തേക്ക് വലിച്ച് ലാത്തികൾ വെച്ച് കമ്പിയഴികളിൽ ചേർത്തു കെട്ടി. തുടർന്ന് കാലിന്റെ വെള്ളയിൽ മർദനം. ഒരു പോലീസുകാരൻ തോക്കിലെ ബയണറ്റ് കൊണ്ട് കാലിൽ ആഞ്ഞുകുത്തി. ബോധരഹിതനായി വീണ വിഎസ് മരിച്ചെന്നായിരുന്നു പോലീസുകാരുടെ ധാരണ. മൃതദേഹം കൊണ്ടുകളയാനായിരുന്നു ഇടിയൻ നാരായണൻപിള്ള എന്ന ഇൻസ്പെക്ടറുടെ നിർദേശം
മൃതദേഹം കൊണ്ടുകളയാൻ പോകുമ്പോഴാണ് കള്ളൻ കോവാലനെയും പോലീസ് ഒപ്പം കൂട്ടുന്നത്. പക്ഷേ ചാക്കിനുള്ളിലെ ശരീരത്തിൽ ജീവനുണ്ടെന്ന് കോവാലൻ പോലീസുകാരോട് തറപ്പിച്ച് പറഞ്ഞു. അങ്ങനെയാണ് മരിച്ചെന്ന് കരുതിയ വിഎസിനെ ആശുപത്രിയിൽ എത്തിക്കുന്നത്. മരണത്തെ തോൽപ്പിച്ച് എത്തിയ പോരാളിയാണ് വിഎസ്. ഒരിക്കലും തോറ്റ് മടങ്ങാൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നില്ല