തലസ്ഥാന നഗരിയിലേക്ക് ഒഴുകി ആയിരങ്ങൾ; ദർബാർ ഹാളിൽ പൊതുദർശനം

അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം തിരുവനന്തപുരത്തെ വസതിയിൽ നിന്നും സെക്രട്ടേറിയറ്റ് ദർബാർ ഹാളിലെത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള മന്ത്രിമാരും സിപിഎം നേതാക്കളും ദർബാർ ഹാളിലുണ്ട്. ഉച്ചയ്ക്ക് രണ്ട് മണി വരെ ഇവിടെ പൊതുദർശനം തുടരും.
തലസ്ഥാനത്തേക്ക് ആയിരങ്ങളാണ് പ്രിയ നേതാവിന് വിട നൽകാനായി പ്രവഹിക്കുന്നത്. വിഎസിന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ കക്ഷി രാഷ്ട്രീയഭേദമില്ലാതെ നേതാക്കളും എത്തുന്നുണ്ട്. ദർബാർ ഹാളിലെ പൊതുദർശനത്തിന് ശേഷം ദേശീയപാതയിലൂടെ വിലാപയാത്രയായി ഭൗതിക ശരീരം ആലപ്പുഴ പുന്നപ്രയിലെ വീട്ടിലേക്ക് കൊണ്ടുപോകും
പോകുന്ന വഴി വിവിധ കേന്ദ്രങ്ങളിൽ പൊതുദർശനമുണ്ടാകും. ഇന്ന് രാത്രിയോടെ പുന്നപ്ര പറവൂരിലെ വീട്ടിലെത്തിക്കും. നാളെ രാവിലെ ഒമ്പത് മണി മുതൽ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം. തുടർന്ന് 10 മണിയോടെ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിക്കും. വൈകിട്ട് മൂന്ന് മണിക്ക് വലിയ ചുടുകാട്ടിലാണ് സംസ്‌കാരം