Kerala
വിഎസിന്റെ സംസ്‌കാര ചടങ്ങിൽ കേന്ദ്ര സർക്കാർ പ്രതിനിധി പങ്കെടുക്കും

അന്തരിച്ച മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ സംസ്‌കാര ചടങ്ങിൽ കേന്ദ്ര സർക്കാരിന്റെ പ്രത്യേക പ്രതിനിധി പങ്കെടുക്കും. മുൻ മുഖ്യമന്ത്രി എന്ന നിലക്കാണ് ആദരവ് അർപ്പിക്കാൻ പ്രത്യേക പ്രതിനിധിയെ അയയ്ക്കുന്നത്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉൾപ്പെടെയുള്ളവർ വി.എസിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു.
വി എസ് ആദർശ ധീരതയുള്ള നേതാവായിരുന്നുവെന്നായിരുന്നു പ്രധാനമന്ത്രി കുറിച്ചത്. കേരളത്തിന്റെ പുരോഗതിക്ക് വേണ്ടിയും പൊതുപ്രവർത്തനത്തിനു വേണ്ടിയും ജീവിതം മാറ്റിവെച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു.
ഇരുവരും മുഖ്യമന്ത്രിമാരായിരുന്ന കാലത്തെ കൂടിക്കാഴ്ചകൾ ഓർത്തെടുത്ത്, അന്നത്തെ ചിത്രം സഹിതമാണ് പ്രധാനമന്ത്രി അനുസ്മരണ കുറിപ്പ് രേഖപ്പെടുത്തിയത്.