കൊളംബിയ യൂണിവേഴ്സിറ്റിയിൽ പ്രോ-പലസ്തീൻ പ്രകടനങ്ങൾക്ക് 70-ലധികം വിദ്യാർത്ഥികൾക്ക് അച്ചടക്ക നടപടി

ന്യൂയോർക്ക്: പലസ്തീൻ അനുകൂല പ്രകടനങ്ങളിൽ പങ്കെടുത്തതിനെ തുടർന്ന് 70-ൽ അധികം വിദ്യാർത്ഥികൾക്കെതിരെ കൊളംബിയ യൂണിവേഴ്സിറ്റി അച്ചടക്ക നടപടി സ്വീകരിച്ചു. സസ്പെൻഷൻ, താൽക്കാലികമായി ബിരുദം റദ്ദാക്കൽ തുടങ്ങിയ നടപടികളാണ് സർവകലാശാല സ്വീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം കാമ്പസിനുള്ളിൽ നടന്ന പ്രോ-പലസ്തീൻ പ്രതിഷേധങ്ങളുടെ പേരിലാണ് നടപടി. കാമ്പസിലെ ഹാമിൽട്ടൺ ഹാളിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെയാണ് പ്രധാനമായും സസ്പെൻഡ് ചെയ്തിരിക്കുന്നത്. ചില വിദ്യാർത്ഥികളെ പുറത്താക്കിയതായും റിപ്പോർട്ടുകളുണ്ട്.
പ്രോ-പലസ്തീൻ പ്രക്ഷോഭങ്ങളെ തുടർന്ന് രാജ്യത്തെ വിവിധ സർവകലാശാലകളിൽ വിദ്യാർത്ഥികൾക്കെതിരെ സമാനമായ നടപടികൾ സ്വീകരിച്ചിരുന്നു. ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ വലിയ തോതിലുള്ള പ്രതിഷേധങ്ങളാണ് അമേരിക്കൻ കാമ്പസുകളിൽ നടന്നിരുന്നത്. വിദ്യാർത്ഥികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചും സർവകലാശാലകളുടെ നടപടികളെക്കുറിച്ചും വലിയ ചർച്ചകൾക്ക് ഇത് വഴിവെച്ചിട്ടുണ്ട്.