രക്ഷപ്പെടാനായി കിണറ്റിലേക്ക് ചാടി ഗോവിന്ദച്ചാമി; തൂക്കിയെടുത്ത് പുറത്തിട്ട് പോലീസ്

അതിസാഹസികമായി ജയിൽ ചാടിയിട്ടും ഗോവിന്ദച്ചാമിയെന്ന കൊടുംകുറ്റവാളി പോലീസിന് മുന്നിൽ ഒടുവിൽ മുട്ടുകുത്തി. അതീവ സുരക്ഷയുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും തടവുചാടി മണിക്കൂറുകൾ പിന്നിടുമ്പോഴാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. ജയിൽ സ്ഥിതി ചെയ്യുന്ന പള്ളിക്കുന്നിൽ നിന്നും വെറും രണ്ട് കിലോമീറ്റർ അകലെയുള്ള തളാപ്പിൽ നിന്നാണ് ഇയാളെ പിടികൂടിയത്
ആളൊഴിഞ്ഞ പുരയിടത്തിൽ ഒളിച്ച് നിൽക്കുകയായിരുന്നു ഗോവിന്ദച്ചാമി. പോലീസ് വരുന്നുവെന്ന് മനസ്സിലായപ്പോൾ ഓടി കിണറ്റിൽ ചാടി. പിന്തുടർന്നെത്തിയ പോലീസ് കിണറ്റിൽ നിന്ന് ഇയാളെ വലിച്ചെടുത്തു. വെള്ളിയാഴ്ച അർധരാത്രി 1.15ഓടെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയതെന്നാണ് വിവരം. രാവിലെ പത്തരയോടെ ഇയാൾ പോലീസിന്റെ കൈയിൽ പെടുകയും ചെയ്തു
കൊടുംകുറ്റവാളി തടവുചാടിയെന്ന വിവരമറിഞ്ഞതോടെ പോലീസ് ജാഗരൂഗരായി. നഗരത്തിലും പരിസരപ്രദേശങ്ങളിലും പോലീസ് വ്യാപക തെരച്ചിൽ ആരംഭിച്ചു. ഡിഐജി യതീഷ് ചന്ദ്ര വിവരങ്ങൾ നേരിട്ട് ഏകോപിപ്പിച്ചതോടെ പോലീസ് നടപടികൾ ദ്രൂതഗതിയിലായി. നാട്ടുകാരും അതീവ ജാഗ്രത പാലിച്ചതോടെയാണ് കൂടുതൽ ദൂരത്തിലേക്ക് രക്ഷപ്പെടാൻ ഗോവിന്ദച്ചാമിക്ക് സാധിക്കാതെ വന്നത്
ജയിലിന്റെ സെല്ലിന്റെ കമ്പികൾ മുറിച്ചുമാറ്റിയാണ് ഇയാൾ പുറത്തുകടന്നത്. തുണികൾ കെട്ടിക്കൂക്കൂട്ടി വടമാക്കി ഉപയോഗിച്ചാണ് ഏഴര മീറ്റർ ഉയരമുള്ള മതിൽ ഇയാൾ ചാടിക്കടന്നത്. ഇയാൾക്ക് രക്ഷപ്പെടാൻ ജയിലിനുള്ളിൽ നിന്നും സഹായം ലഭിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിക്കുകയാണ്.