Kerala
പിതാവ് ഓടിച്ച ഓട്ടോറിക്ഷ കുഴിയിൽ വീണു; മാതാവിന്റെ മടിയിലിരുന്ന ആറ് വയസുകാരി റോഡിൽ തെറിച്ചുവീണ് മരിച്ചു

പിതാവ് ഓടിച്ച ഓട്ടോറിക്ഷയിൽ സഞ്ചരിക്കവെ മാതാവിന്റെ മടിയിൽ നിന്നും തെറിച്ച് റോഡിലേക്ക് വീണ് ആറ് വയസുകാരിക്ക് ദാരുണാന്ത്യം. തിരൂർ ചമ്രവട്ടം റോഡിൽ പൂങ്ങോട്ടുകുളത്ത് ഹൈപ്പർ മാർക്കറ്റിന് മുന്നിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം.
വളാഞ്ചേരി പുറമണ്ണൂർ സ്വദേശി പണിക്കപ്പറമ്പിൽ ഫൈസലിന്റെയും ബൽക്കീസിന്റെയും മകൾ ഫൈസയാണ് മരിച്ചത്. പുറമണ്ണൂർ യുപി സ്‌കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു. ഇൻസ്റ്റാൾമെന്റ് സാധനങ്ങൾ കൊണ്ടുപോകുന്ന ജോലിക്കാരനാണ് ഫൈസൽ.
ഭാര്യയും കുട്ടിയുമൊന്നിച്ച് തിരൂർ ജില്ലാ ആശുപത്രിയിൽ കഴിയുന്ന ബന്ധുവിനെ കാണാൻ പോകുന്നതിനിടെയാണ് അപകടം. ഓട്ടോറിക്ഷ കുഴിയിൽ ചാടുകയും പിൻഭാഗം പൊങ്ങുകയും ചെയ്തതോടെയാണ് മാതാവിന്റെ മടിയിലിരുന്ന കുട്ടി റോഡിലേക്ക് തെറിച്ചു വീണത്.