ജയിൽ ചാട്ടം ഒന്നര മാസത്തെ ആസൂത്രണത്തിന് ശേഷം; ലക്ഷ്യം ഗുരുവായൂരിലെത്തി കവർച്ച നടത്താനെന്ന് ഗോവിന്ദച്ചാമി

സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം ഒന്നര മാസത്തെ ആസൂത്രണത്തിനൊടുവിലാണെന്ന് മൊഴി. പോലീസിന്റെ ചോദ്യം ചെയ്യലിലാണ് ഗോവിന്ദച്ചാമി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ജയിലിന്റെ അഴികൾ മുറിക്കാൻ ഏകദേശം ഒന്നര മാസത്തോളം സമയമെടുത്തുവെന്ന് പ്രതി പറഞ്ഞു
മുറിച്ചതിന്റെ പാടുകൾ പുറത്ത് നിന്ന് കാണാതിരിക്കാൻ തുണി കൊണ്ട് കെട്ടിവെച്ചതായും ഇയാൾ പറഞ്ഞു. മതിൽ ചാടുന്നതിനായി പാൽപാത്രങ്ങളും ഡ്രമ്മുകളും ഉപയോഗിച്ചു. ജയിൽ ചാടിയതിന് ശേഷം ഗുരുവായൂരിൽ എത്തി മോഷണം നടത്താനായിരുന്നു ലക്ഷ്യം. കവർച്ച ചെയ്യുന്ന പണവുമായി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയി രക്ഷപ്പെടാനായിരുന്നു പദ്ധതിയിട്ടതെന്നും ഇയാൾ മൊഴി നൽകി
റെയിൽവേ സ്റ്റേഷൻ എവിടെയെന്ന് അറിയാത്തതു കൊണ്ടാണ് തളാപ്പ് ഭാഗത്ത് എത്തിയത്. ജയിലിനുള്ളിൽ വെച്ച് പുറത്തുള്ള ചിലരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും ഗോവിന്ദച്ചാമി പറഞ്ഞു. ജയിൽ അധികൃതരുടെ ഭാഗത്ത് നിന്നുള്ള സുരക്ഷാ വീഴ്ചയും പോലീസ് പരിശോധിക്കുന്നുണ്ട്.
അതേസമയം ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിലെ നാല് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തു. നാല് പേരെ സർവീസിൽ നിന്ന് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. ജയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി ജയിൽ മേധാവി എഡിജിപി ബൽറാം കുമാർ ഉപാധ്യായ പറഞ്ഞു.
ഇന്നലെ രാത്രി ജയിലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെയാണ് സസ്‌പെൻഡ് ചെയ്തത്. ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് റിജോ, ഡെപ്യൂട്ടി പ്രിസൺ ഓഫീസർ രജീഷ്, അസി. പ്രിസൺ ഓഫീസർമാരായ സഞ്ജയ്, അഖിൽ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.