Kerala
എറണാകുളത്ത് സ്കൂട്ടറിന് പിന്നിൽ ബസിടിച്ച് വിദ്യാർഥി മരിച്ചു; ഇറങ്ങിയോടിയ ഡ്രൈവർ കസ്റ്റഡിയിൽ

എറണാകുളത്ത് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. തേവര എസ് എച്ച് കോളേജിലെ ഒന്നാം വർഷ വിദ്യാർഥിയായ ഗോവിന്ദ് എസ് ഷേണായ്(18) ആണ് ഇന്ന് രാവിലെയുണ്ടായ അപകടത്തിൽ മരിച്ചത്.
ഗോവിന്ദ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. എറണാകുളം ടിഡി റോഡിൽ എസ് എസ് കലാമന്ദിരിന് എതിർവശത്താണ് ഗോവിന്ദിന്റെ വീട്.
എളമക്കരയിലെ രാഘവേന്ദ്ര സ്വാമി മഠത്തിൽ രാവിലെ ഭജനക്ക് ശേഷം വീട്ടിലേക്ക് തിരികെ വരികയായിരുന്നു. ടൗൺഹാളിന് സമീപത്ത് വെച്ചാണ് സ്വകാര്യ ബസ് സ്കൂട്ടറിന് പിന്നിൽ ഇടിച്ചത്. അപകടത്തിന് പിന്നാലെ ഇറങ്ങിയോടിയ ബസ് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.