National
വവ്വാൽ മാംസം കോഴിയിറച്ചിയെന്ന പേരിൽ വിൽപ്പന നടത്തി; രണ്ട് പേർ അറസ്റ്റിൽ

തമിഴ്നാട്ടിലെ സേലത്ത് വവ്വാൽ മാംസം കോഴിയിറച്ചിയെന്ന വ്യാജേന വിറ്റ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. സേലം ജില്ലയിൽ ഒമല്ലൂരിലെ ഡാനിഷ്പേട്ടൈയിലാണ് സംഭവം. ഇവർ പഴംതീനി വവ്വാലുകളെ വേട്ടയാടി പാചകം ചെയ്യുകയും കോഴിയിറച്ചിയെന്ന വ്യാജേന വിൽപ്പനയ്ക്ക് വെക്കുകയുമായിരുന്നു
വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഇവരെ അറസ്റ്റ് ചെയ്തത്. തോപ്പൂർ രാമസ്വാമി ഫോറസ്റ്റ് റേഞ്ചിൽ ഒന്നിലധികം വെടിയൊച്ചകൾ കേട്ടതായി വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഫോറസ്റ്റ് റേഞ്ചർ വിമൽ കുമാറിന്റെ നേതൃത്വത്തിലുളള പട്രോളിംഗ് സംഘം പരിശോധന നടത്തുകയായിരുന്നു.
കമൽ, സെൽവം എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്. കഴിഞ്ഞ ജൂലൈയിൽ ബംഗളൂരുവിലും സംശയകരമായ സാഹചര്യത്തിൽ ഇറച്ചി പിടികൂടിയിരുന്നു.