National

നിമിഷ പ്രിയ കേസ്: ചില വ്യക്തികൾ പങ്കുവെക്കുന്ന വിവരങ്ങൾ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ കേസുമായി ബന്ധപ്പെട്ട് ചില വ്യക്തികൾ പങ്കുവെക്കുന്ന വിവരങ്ങൾ കൃത്യമല്ലെന്നും തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിൽ സാധ്യമായ എല്ലാ സഹായങ്ങളും തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് ഉൾപ്പെടെയുള്ള പ്രചാരണങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. എന്നാൽ ഇത്തരം വാദങ്ങൾ ശരിയല്ലെന്നും, കേസിൽ കൂടുതൽ നീക്കങ്ങളൊന്നും നടന്നിട്ടില്ലെന്നും സർക്കാർ വൃത്തങ്ങൾ വിശദീകരിച്ചു. തലാലിന്റെ കുടുംബവുമായി ദയാധനം സംബന്ധിച്ച ചർച്ചകൾ തുടരുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

 

നിമിഷ പ്രിയയുടെ കുടുംബത്തിന് ആവശ്യമായ നിയമസഹായങ്ങൾ നൽകിയിട്ടുണ്ടെന്നും, ഒരു അഭിഭാഷകനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ നേരത്തെ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. പ്രാദേശിക അധികൃതരുമായും നിമിഷ പ്രിയയുടെ ബന്ധുക്കളുമായും സർക്കാർ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശ്നപരിഹാരത്തിന് സമയം നൽകാനാണ് യെമൻ സർക്കാർ വധശിക്ഷ നീട്ടിവെച്ചതെന്നും മന്ത്രാലയം അറിയിച്ചു.

നിമിഷ പ്രിയയെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും, ഔദ്യോഗിക വിവരങ്ങൾ മാത്രമേ വിശ്വസിക്കാവൂ എന്നും വിദേശകാര്യ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Related Articles

Back to top button
error: Content is protected !!