കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാതെ കോടതി; എൻഐഎ കോടതിയിലേക്ക് മാറ്റി

ഛത്തിസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ സെഷൻസ് കോടതി പരിഗണിച്ചില്ല. ജാമ്യാപേക്ഷ പരിഗണിക്കാൻ അധികാരമില്ലെന്ന് വ്യക്തമാക്കിയ കോടതി അപേക്ഷ എൻഐഎ കോടതിയിലേക്ക് മാറ്റി. ഇതോടെ കന്യാസ്ത്രീകൾ ജയിലിൽ തുടരും. വെള്ളിയാഴ്ചയാണ് ഛത്തിസ്ഗഡിൽ വെച്ച് കന്യാസ്ത്രീകൾ അറസ്റ്റിലായത്
ഇന്ന് ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതിന് മുമ്പ് നാടകീയ രംഗങ്ങളാണ് കോടതിക്ക് മുമ്പാകെ നടന്നത്. കന്യാസ്ത്രീകൾക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് ബജ്‌റംഗ് ദൾ പ്രവർത്തകർ പ്രതിഷേധവുമായി എത്തി. കന്യാസ്ത്രീകളെ ഉപദ്രവിച്ച ജ്യോതി ശർമയടക്കമുള്ളവരാണ് കോടതിക്ക് പുറത്ത് മുദ്രവാക്യം വിളികളുമായി എത്തിയത്.
ജാമ്യാപേക്ഷ എൻഐഎ കോടതിയിലേക്ക് മാറ്റിയതോടെ ഇവർ ആഹ്ലാദ പ്രകടനം നടത്തി. അതേസമയം ദുർഗ് സെൻട്രൽ ജയിലിൽ കഴിയുന്ന കന്യാസ്ത്രീകളെ ഇടത് എംപിമാരുടെ സംഘം ഇന്ന് സന്ദർശിച്ചു. ഇരുവർക്കും ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ഇരുവരെയും നിലത്താണ് കിടത്തിയതെന്നും ബൃന്ദ കാരാട്ട് പ്രതികരിച്ചു.