അമ്പയർമാർ ഇംഗ്ലണ്ടിന് അനുകൂലമായ തീരുമാനങ്ങളെടുത്തു; മാച്ച് റഫറിക്ക് പരാതി നൽകി ഇന്ത്യൻ ടീം

ടെസ്റ്റ് പരമ്പരയിൽ അമ്പയർമാർ ഇംഗ്ലണ്ടിന് അനുകൂലമായ തീരുമാനങ്ങൾ എടുക്കുന്നുവെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം മാച്ച് റഫറിക്ക് പരാതി നൽകിയതായി റിപ്പോർട്ട്. ലോർഡ്‌സ് ടെസ്റ്റിൽ പന്ത് മാറ്റുന്ന കാര്യത്തിൽ അമ്പയർമാർ സ്വീകരിച്ച നിലപാട് മത്സരഫലം ഇംഗ്ലണ്ടിന് അനുകൂലമാകുന്നതിന് കാരണമായെന്നാണ് ഇന്ത്യയുടെ ആക്ഷേപം
പന്ത് മാറ്റുന്ന കാര്യത്തിൽ കൃത്യമായ ചട്ടങ്ങളുണ്ടെങ്കിലും ഇക്കാര്യത്തിൽ ഇംഗ്ലണ്ടിനോട് അമ്പയർമാർ പക്ഷപാതം കാണിച്ചതായി ഇന്ത്യ ഔദ്യോഗികമായി തന്നെ മാച്ച് റഫറിക്ക് പരാതി കൈമാറിയെന്നാണ് വാർത്ത. ലോഡ്‌സിൽ നടന്ന മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിംഗ്‌സിൽ രണ്ടാം ന്യൂബോളിന് 10 ഓവർ പിന്നിടും മുമ്പേ തകരാറുണ്ടെന്ന് ഇന്ത്യ അമ്പയർമാരെ അറിയിച്ചിരുന്നു
പന്ത് മാറ്റുമ്പോൽ അതേ അവസ്ഥയിലുള്ള പന്താണ് നൽകണമെന്നാണ് ചട്ടമെങ്കിലും ഇന്ത്യക്ക് പകരം ലഭിച്ചത് 30, 35 ഓവർ പഴക്കമുള്ള പന്ത് ആണെന്ന് ഇന്ത്യ പരാതി ഉന്നയിച്ചിരുന്നു. ഇതോടെ ഇന്ത്യക്ക് താളം തെറ്റുകയും ചെയ്തിരുന്നു. കൂട്ടത്തകർച്ചയിലേക്ക് പോയ ഇംഗ്ലണ്ട് കരകയറുകയും ചെയ്തിരുന്നു