ധർമസ്ഥല വെളിപ്പെടുത്തൽ: മൂന്നാം ദിവസത്തെ പരിശോധനയിൽ അസ്ഥികൂടങ്ങൾ കണ്ടെത്തി

ധർമസ്ഥല വെളിപ്പെടുത്തലിൽ മൂന്നാം ദിവസത്തെ പരിശോധനയിൽ നിർണായക തെളിവുകൾ കണ്ടെത്തി. പോയിന്റ് നമ്പർ ആറിൽ നടത്തിയ തെരച്ചിലിൽ അസ്ഥികൂടത്തിന്റെ ഭാഗം കണ്ടെത്തി. രണ്ടടി താഴ്ചയിൽ കുഴിച്ചപ്പോഴാണ് അസ്ഥികൾ കണ്ടെത്തിയത്. ഇത് മനുഷ്യന്റേതാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല
സ്ഥലത്ത് കൂടുതൽ പരിശോധന നടക്കുകയാണ്. രണ്ട് ദിവസമായി അഞ്ച് പോയിന്റുകളിൽ നടത്തിയ പരിശോധനകളിൽ തെളിവുകൾ ഒന്നും കണ്ടെത്തിയിരുന്നില്ല. ഇന്നലെ എസ് ഐ ടി മേധാവി പ്രണബ് മെഹന്തി ബംഗളൂരുവിൽ നിന്ന് നേരിട്ട് ധർമസ്ഥലയിൽ എത്തി പോയിന്റുകളിൽ പരിശോധന നടത്തിയിരുന്നു
സാക്ഷി പറഞ്ഞതനുസരിച്ച് എട്ട് പോയിന്റുകളാണ് ഇനി ബാക്കിയുള്ളത്. ഇതിൽ മൂന്നെണ്ണം കാടിനുള്ളിലാണ്. നാല് പോയിന്റുകൾ നേത്രാവതി നദിയോട് ചേർന്നുള്ള ദേശീയപാതയിലാണ്. മറ്റൊന്ന് നേത്രാവതി സ്നാനഘട്ടത്തിൽ നിന്ന് ആജുകുരിയിലേക്ക് പോകുന്ന ചെറുറോഡിലാണ്. കന്യാടി എന്നയിടത്തെ സ്വകാര്യ ഭൂമിയിലും രണ്ട് പോയിന്റുകളുണ്ട്.