ബംഗളൂരുവിൽ 13കാരനെ തട്ടിക്കൊണ്ടുപോയി കൊന്ന കേസിലെ പ്രതികളെ പോലീസ് വെടിവെച്ച് കീഴ്‌പ്പെടുത്തി

ബംഗളൂരുവിൽ 13 വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് വെടിവെച്ച് കീഴ്‌പ്പെടുത്തി. ക്രൈസ്റ്റ് സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർഥി നിക്ചിതിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച സംഭവത്തിൽ ഗുരുമൂർത്തി, ഗോപികൃഷ്ണൻ എന്നിവരാണ് പിടിയിലായത്
നിക്ചിതിന്റെ വീട്ടിലെ ഡ്രൈവറായിരുന്നു ഗുരുമൂർത്തി. ബുധനാഴ്ച വൈകിട്ടാണ് അരക്കെരെയിലെ ശാന്തിനികേതൻ ലേ ഔട്ടിൽ ട്യൂഷൻ ക്ലാസ് കഴിഞ്ഞ് മടങ്ങിയ കുട്ടിയെ പ്രതികൾ തട്ടിക്കൊണ്ടു പോയത്
്ഒരു ദിവസത്തിന് ശേഷം കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം വിജനമായ സ്ഥലത്ത് നിന്ന് ലഭിച്ചു. പ്രതികൾ കുട്ടിയുടെ കുടുംബത്തെ വിളിച്ച് കുട്ടിയെ വിട്ടുനൽകാൻ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാൻ തയ്യാറായിരുന്നിട്ടും പോലീസ് അന്വേഷണം ദ്രുതഗതിയിൽ നടന്നിട്ടും പ്രതികൾ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു
രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ വെടിവെച്ചാണ് പോലീസ് കീഴ്‌പ്പെടുത്തിയത്. പ്രതികളുടെ കാലുകളിലാണ് വെടിയേറ്റത്. ഏറ്റുമുട്ടലിൽ ഇൻസ്‌പെക്ടർ അടക്കം രണ്ട് പേർക്ക് പരുക്കേറ്റിട്ടുണ്ട്.