“ഇന്ത്യ-യുഎസ് ബന്ധം പല പ്രതിസന്ധികളെയും അതിജീവിച്ചു”; ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തിൽ പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: ഇന്ത്യ-യുഎസ് ബന്ധം പല പ്രതിസന്ധികളെയും അതിജീവിച്ചതാണെന്നും, പരസ്പര താൽപ്പര്യങ്ങളിലൂന്നിയ ഈ ബന്ധം തുടർന്നും ശക്തമായി മുന്നോട്ട് പോകുമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം താരിഫ് ചുമത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തോടും, ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശങ്ങളോടും പ്രതികരിക്കുകയായിരുന്നു വിദേശകാര്യ മന്ത്രാലയം.
അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. ഇന്ത്യ-യുഎസ് ബന്ധം ശക്തമായ പ്രതിരോധ സഹകരണത്തിലും, ജനങ്ങൾ തമ്മിലുള്ള ബന്ധത്തിലും, ജനാധിപത്യ മൂല്യങ്ങളിലും അധിഷ്ഠിതമാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി. റഷ്യയിൽ നിന്ന് എണ്ണയും ആയുധങ്ങളും വാങ്ങുന്നതുമായി ബന്ധപ്പെട്ട ട്രംപിന്റെ ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, തങ്ങൾ ഏത് രാജ്യവുമായി സഹകരിക്കണം എന്നത് ഓരോ രാജ്യത്തിന്റെയും പരമാധികാര തീരുമാനമാണെന്നും, ഇന്ത്യയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന നിലപാടുകളാണ് സർക്കാർ സ്വീകരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധം കാലങ്ങളായി നിലനിൽക്കുന്നതാണെന്നും, ഊർജ്ജ ആവശ്യങ്ങൾ വിപണിയിലെ ലഭ്യതയനുസരിച്ചാണ് തീരുമാനിക്കുന്നതെന്നും ജയ്സ്വാൾ പറഞ്ഞു. താരിഫ് പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചർച്ചകൾ തുടരും. ഇന്ത്യയുടെ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് ഉഭയകക്ഷി വ്യാപാര കരാറുകൾക്ക് അന്തിമരൂപം നൽകുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ട്രംപിന്റെ പുതിയ താരിഫ് പ്രഖ്യാപനം ഇന്ത്യൻ സാമ്പത്തിക മേഖലയിൽ കാര്യമായ സ്വാധീനം ചെലുത്തില്ലെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. നിലവിൽ യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയുടെ പകുതിയിലധികവും താരിഫിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്.