കച്ചവട താൽപര്യങ്ങൾ മാത്രം പരിഗണിച്ച് ‘കൂലി’യിൽ ‘മോണിക്ക’ എന്ന ഗാനം ഉൾപ്പെടുത്തി: ലോകേഷ് കനകരാജ്

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘കൂലി’യിലെ ‘മോണിക്ക’ എന്ന ഗാനം കച്ചവടപരമായ ആവശ്യങ്ങൾക്ക് വേണ്ടി മാത്രം സിനിമയിൽ ഉൾപ്പെടുത്തിയതാണെന്ന് സംവിധായകൻ ലോകേഷ് കനകരാജ്. വലൈ പേച്ച് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ലോകേഷ് ഇക്കാര്യം തുറന്നു പറഞ്ഞത്.
സിനിമയുടെ തിരക്കഥയുടെ ഒഴുക്കിന് ഈ ഗാനം തടസ്സമാകില്ലെന്നും, ബിസിനസ് ആവശ്യങ്ങൾക്കായി മാത്രമാണ് ഇത് ചേർത്തതെന്നും ലോകേഷ് പറഞ്ഞു. സാധാരണ താൻ ചെയ്യുന്ന സിനിമകളിൽ ഇത്തരം ഗാനങ്ങൾ ഉണ്ടാവാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘മോണിക്ക’ എന്ന ഗാനത്തിന്റെ കഥാഗതിക്ക് രജനികാന്തിന്റെ കഥാപാത്രത്തിന്റെ സാന്നിധ്യം ആവശ്യമില്ലാത്തതിനാലാണ് അദ്ദേഹത്തെ ഗാനരംഗത്തിൽ ഉൾപ്പെടുത്താതിരുന്നതെന്നും ലോകേഷ് വ്യക്തമാക്കി.
സിനിമയിലെ ഒരു ഐറ്റം ഡാൻസ് നമ്പർ എന്ന നിലയിലല്ല ഈ ഗാനം ഉൾപ്പെടുത്തിയത്. മികച്ചൊരു നർത്തകനായ സൗബിൻ ഷാഹിറിൻ്റെ കഴിവ് പരിഗണിച്ചാണ് അദ്ദേഹത്തെ ഈ ഗാനത്തിൽ ഉൾപ്പെടുത്തിയതെന്നും ലോകേഷ് പറഞ്ഞു.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ‘കൂലി’ നിർമ്മിക്കുന്നത്. രജനികാന്തിനൊപ്പം ആമിർ ഖാൻ, നാഗാർജുന, സത്യരാജ്, ഉപേന്ദ്ര, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. ചിത്റം ഓഗസ്റ്റ് 14-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.