Kerala

തുടക്കം മുതൽ മണ്ണിലുറച്ച് നിന്നതാണ് മലയാള സിനിമ; ഈ മഹത്വത്തെ ഇടിച്ച് താഴ്ത്താൻ ശ്രമം നടക്കുന്നു: മുഖ്യമന്ത്രി

കേരളത്തിന്റെ സാമൂഹിക പുരോഗതിക്ക് വേണ്ട സാംസ്‌കാരിക ഊർജം പകരുന്നതിൽ മലയാള സിനിമ വലിയ സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയിലെ പല ഭാഷങ്ങളിലെയും സിനിമകൾ അതിന്റെ ശൈശവദശയിൽ പുരാണ കഥകൾ പറഞ്ഞപ്പോൾ മലയാള സിനിമ ആദ്യ സിനിമയായ വിഗതകുമാരനിലും ആദ്യ ശബ്ദസിനിമയായ ബാലനിലും സാമൂഹിക പ്രസക്തമായ പ്രമേയങ്ങളാണ് അവതരിപ്പിച്ചത്.

മലയാള സിനിമ തുടക്കം മുതൽ മണ്ണിലുറച്ച് നിന്നു. സ്വാധീനശക്തി കൂടി ബഹുജന മാധ്യമം എന്ന നിലയ്ക്ക് പ്രബുദ്ധ കേരളം പടുത്തുയർന്നതിൽ സിനിമക്ക് നിർണായക പങ്ക് വഹിക്കാനുണ്ടായിരുന്നുവെന്ന് സിനിമാ കോൺക്ലേവിൽ മുഖ്യമന്ത്രി പറഞ്ഞു. മലയാള സിനിമയുടെ ചരിത്രപരമായ മഹത്വത്തെ കുറിച്ച് ഓർക്കുന്ന വേളയിൽ ഈ മഹത്വത്തെ ഇടിച്ച് തകർക്കാൻ ചിലർ ശ്രമിക്കുന്നതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി

പ്രൊപഗാണ്ട ചിത്രമായ കേരള സ്റ്റോറിക്ക് ദേശീയ അവാർഡ് നൽകിയതിനെ മുഖ്യമന്ത്രി വിമർശിച്ചു. കേരള സമൂഹത്തെ അപകീർത്തിപ്പെടുത്തുന്ന ഒരു സിനിമയും ഏതെങ്കിലും തരത്തിൽ കലയ്ക്കുള്ള അംഗീകാരമായ കണക്കാക്കാനാകില്ല. മറിച്ച് വർഗീയ വിദ്വേഷം പടർത്തുന്നതിനുള്ള ഉപാധിയായി ചലചിത്രങ്ങളെ ദുരുപയോഗിക്കുന്ന സാംസ്‌കാരിക ദുഷിപ്പിനുള്ള അംഗീകാരമായി മാത്രമേ കാണാനാകൂ.

ദേശീയ അവാർഡിന് അർഹമായ ചിത്രം വ്യാജ നിർമിതികൾ കൊണ്ട് കേരളത്തെ മോശമായി ചിത്രീകരിക്കുകയാണ്. ലോകമാകെ അറിയപ്പെടുന്ന കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യം ഓരോ ഘട്ടത്തിലും കൂടുതൽ തെളിഞ്ഞു വരുന്ന കാഴ്ചയാണ് നാം കാണുന്നത്. അങ്ങനെയൊരു ഘട്ടത്തിലാണ് അതിനെ വക്രീകരിച്ച് അവതരിപ്പിക്കുകയും പരസ്പര സ്പർധ വളർത്താനായി ഉപയോഗിക്കുകയും ചെയ്യുന്നത്. ഇത്തരം പ്രവണതകൾ തീർച്ചയായും ചലചിത്ര ഇടങ്ങളിൽ ചർച്ച ചെയ്യപ്പെടണം എന്നും മുഖ്യമന്ത്രി പറഞ്ഞു

Related Articles

Back to top button
error: Content is protected !!