Kerala
മലയാളി കന്യാസ്ത്രീകൾക്ക് ഉപാധികളോടെ ജാമ്യം; ഒമ്പത് ദിവസത്തിന് ശേഷം ജയിലിന് പുറത്തേക്ക്

ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം. ബിലാസ്പൂർ എൻഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒൻപത് ദിവസമായി കന്യാസ്ത്രീകൾ ജയിലിലാണ്. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ പ്രീതി മേരി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.
പാസ്‌പോർട്ട് കെട്ടി വെക്കണം, രണ്ട് പേർ ജാമ്യം നിൽക്കണം, 50,000 രൂപ വീതം കെട്ടിവെക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് ബിലാസ്പുർ എൻഐഎ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്.
ഇന്നലെ ഉച്ചക്ക് ശേഷം കോടതി കേസ് പരിഗണിച്ചിരുന്നു. നേരത്തെ സെഷൻസ് കോടതിയിൽ ഉന്നയിച്ച ആരോപണങ്ങൾ തന്നെ എൻഐഎ കോടതിയിലും പ്രോസിക്യൂഷൻ ആവർത്തിക്കുകയായിരുന്നു. ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തില്ല.