National
വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസ്: പ്രജ്വൽ രേവണ്ണക്ക് ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ

48കാരിയായ വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസിൽ ജനതാദൾ(എസ്) മുൻ എംപി പ്രജ്വൽ രേവണ്ണക്ക് ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ. ബംഗളൂരുവിലെ ജനപ്രതിനിധികൾക്കുള്ള പ്രത്യേക കോടതിയുടേതാണ് വിധി. പ്രജ്വലിന്റേത് അതീവ ഗുരുതരമായ കുറ്റമാണെന്ന് കോടതി നിരീക്ഷിച്ചു
തനിക്ക് ശിക്ഷയിൽ ഇളവ് നൽകണമെന്ന് പ്രജ്വൽ ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് തള്ളി. രാഷ്ട്രീയത്തിൽ പെട്ടെന്ന് വളർന്നത് മാത്രമാണ് താൻ ചെയ്ത തെറ്റെന്ന് പ്രജ്വൽ രേവണ്ണ പറഞ്ഞു. ആരെയും ഉപദ്രവിച്ചിട്ടില്ല. തനിക്കെതിരെ സ്വമേധയാ സ്ത്രീകളാരും പരാതി നൽകിയിട്ടില്ലെന്നും ഇയാൾ പറഞ്ഞു
പ്രോസിക്യൂഷൻ മനപ്പൂർവം അവരെ രംഗത്ത് കൊണ്ടുവന്നതാണെന്ന് പറഞ്ഞ പ്രജ്വൽ കോടതിയിൽ പൊട്ടിക്കരയുകയും ചെയ്തു. പ്രജ്വൽ രേവണ്ണയുടെ പേരിലുള്ള നാല് പീഡനക്കേസുകളിൽ ആദ്യത്തെ കേസിലാണ് വിധി വന്നത്.