ചേർത്തല തിരോധാന കേസ്: സെബാസ്റ്റ്യന്റെ വീട്ടിൽ മൃതദേഹമെന്ന് സംശയം; തറ പൊളിച്ച് പരിശോധിക്കും

ആലപ്പുഴ ചേർത്തലയിലെ തിരോധാന കേസുകളിലെ പ്രതി സെബാസ്റ്റ്യന്റെ വീട്ടിനുള്ളിൽ മൃതദേഹമെന്ന് സംശയം. പുതിയതായി ഗ്രാനൈറ്റ് പാകിയ മുറിയുടെ തറ പൊളിച്ച് പരിശോധിക്കും. ഇതിനായി ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ എത്തിക്കും. ഭൂമിക്കടിയിലെ അസ്ഥി സാന്നിധ്യം യന്ത്ര സഹായത്തോടെ കണ്ടെത്താനാണ് നീക്കം.
രണ്ടര ഏക്കർ പുരയിടത്തിൽ വ്യാപക പരിശോധന നടത്തും. നിർണായക ഡിഎൻഎ ഫലങ്ങൾ രണ്ട്. ദിവസത്തിനകം ലഭിക്കും. ബിന്ദു, ഐഷ, ജെയിനമ്മ എന്നിവരുടെ ബന്ധുക്കളുടെ സാമ്പിളുകൾ ശേഖരിച്ചിരുന്നു.
കോട്ടയം ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള പ്രതി സെബാസ്റ്റ്യനെ അൽപസമയത്തിനകം തെളിവെടുപ്പിനായി ആലപ്പുഴയിലെത്തിക്കും. പള്ളിപ്പുറത്തുള്ള സെബാസ്റ്റ്യന്റെ വീട്ടിലാണ് ഇന്നത്തെ തെളിവെടുപ്പ്.
വീടിന് സമീപത്തു നിന്നാണ് കഴിഞ്ഞ ദിവസം അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയത്. കൂടുതൽ ശരീരാവശിഷ്ടങ്ങൾ വീടിന് സമീപത്ത് ഉണ്ടാകുമോ എന്ന സംശയം അന്വേഷണ സംഘത്തിന് ഉണ്ട്. തെളിവെടുപ്പിൽ ഇക്കാര്യങ്ങളിൽ വ്യക്തത വരും.