
ദുബായ്: സോഷ്യൽ മീഡിയയിലും മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും മുൻ പങ്കാളിയെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നത് യുഎഇയിൽ വലിയ നിയമലംഘനമാണ്. ഇത്തരത്തിൽ മോശം പോസ്റ്റുകൾ പങ്കുവെച്ചാൽ 500,000 ദിർഹം (ഏകദേശം 1.1 കോടി രൂപ) വരെ പിഴയും തടവും ലഭിക്കുമെന്ന് നിയമവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
സൈബർ നിയമങ്ങൾ കർശനമായ യുഎഇയിൽ, ഓൺലൈൻ അപകീർത്തിപ്പെടുത്തൽ (Defamation) ഒരു ക്രിമിനൽ കുറ്റമായി കണക്കാക്കുന്നു. വിവാഹമോചനത്തിന് ശേഷമോ അല്ലാതെയോ മുൻ പങ്കാളിയുടെ അന്തസ്സിനോ സൽപ്പേരിനോ കോട്ടം വരുത്തുന്ന തരത്തിൽ എന്തെങ്കിലും എഴുതുകയോ, പോസ്റ്റ് ചെയ്യുകയോ, ചിത്രങ്ങളോ വീഡിയോകളോ പങ്കിടുകയോ ചെയ്യുന്നത് സൈബർ കുറ്റകൃത്യ നിയമപ്രകാരം ശിക്ഷാർഹമാണ്.
കമ്പ്യൂട്ടർ നെറ്റ്വർക്കുകൾ, ഇലക്ട്രോണിക് സംവിധാനങ്ങൾ, സോഷ്യൽ മീഡിയ എന്നിവ ഉപയോഗിച്ച് മറ്റൊരാളെ അപമാനിക്കുന്നതും നിയമലംഘനമാണ്. സ്വകാര്യ ചാറ്റുകളിലെ മോശം പരാമർശങ്ങൾ പോലും തെളിവായി കോടതിയിൽ ഹാജരാക്കാൻ സാധിക്കും.
അതിനാൽ, വ്യക്തിപരമായ പ്രശ്നങ്ങൾക്ക് സോഷ്യൽ മീഡിയ വേദിയാക്കുമ്പോൾ അതീവ ജാഗ്രത പുലർത്തണമെന്ന് നിയമവിദഗ്ദ്ധർ ഉപദേശിക്കുന്നു. ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ വിദേശികൾക്ക് തടവ് ശിക്ഷയ്ക്കും പിഴയ്ക്കും പുറമെ നാടുകടത്തലിനും കാരണമാകാമെന്നും അവർ ഓർമ്മിപ്പിച്ചു.