
ദുബായ്: ഗാസയിലെ പലസ്തീൻ ജനതയ്ക്ക് മാനുഷിക സഹായം എത്തിക്കുന്നതിനുള്ള യുഎഇയുടെ ശ്രമങ്ങൾ തുടരുന്നു. ‘ഓപ്പറേഷൻ ഷിവാൾറസ് നൈറ്റ് 3’-ന്റെ ഭാഗമായി ‘ബേർഡ്സ് ഓഫ് ഗുഡ്നെസ്’ എന്ന ദൗത്യത്തിലൂടെ 61-ാമത് വ്യോമ സഹായ വിതരണം വിജയകരമായി പൂർത്തിയാക്കി. ജോർദാനുമായി സഹകരിച്ച് ഫ്രാൻസ്, ജർമ്മനി, ബെൽജിയം, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുടെ പങ്കാളിത്തത്തോടെയാണ് വ്യോമമാർഗമുള്ള ഈ സഹായ വിതരണം.
ഭക്ഷണസാധനങ്ങളും മറ്റ് അവശ്യസാധനങ്ങളും വ്യോമമാർഗം എത്തിച്ചതിനു പുറമെ 20 ഭക്ഷ്യ ട്രക്കുകൾ കരമാർഗവും ഗാസയിലെത്തിച്ചു. നിലവിലെ സാഹചര്യങ്ങൾ കാരണം കരമാർഗം എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലേക്കാണ് വ്യോമമാർഗമുള്ള സഹായങ്ങൾ പ്രധാനമായും എത്തിക്കുന്നത്.
ഈ ഓപ്പറേഷനുകൾ ആരംഭിച്ചത് മുതൽ ഇതുവരെയായി 3,818 ടണ്ണിലധികം ഭക്ഷണസാധനങ്ങളും ദുരിതാശ്വാസ സാമഗ്രികളും യുഎഇ വ്യോമമാർഗം ഗാസയിൽ എത്തിച്ചിട്ടുണ്ട്. ഏറ്റവും ദുരിതമനുഭവിക്കുന്ന സമൂഹങ്ങൾക്ക് സഹായം എത്തിക്കുക എന്നതാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. പ്രതിസന്ധി ഘട്ടങ്ങളിൽ സൗഹൃദ രാജ്യങ്ങളോടൊപ്പം നിൽക്കാനുള്ള യുഎഇയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ മാനുഷിക പ്രവർത്തനങ്ങൾ.