15 വർഷത്തെ അസ്വാഭാവിക മരണങ്ങളുടെ രേഖകൾ സ്റ്റേഷനിലില്ല; ധർമസ്ഥലയിൽ ദുരൂഹത വർധിപ്പിച്ച് പോലീസിന്റെ മറുപടി

ധർമസ്ഥല വെളിപ്പെടുത്തലിൽ ദുരൂഹത വർധിപ്പിച്ച് വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് പോലീസിന്റെ മറുപടി. 15 വർഷത്തെ അസ്വാഭാവിക മരണങ്ങളുടെ രേഖകൾ സ്റ്റേഷനിൽ ഇല്ലെന്നാണ് പോലീസ് മറുപടി നൽകിയത്. 2024ൽ ലഭിച്ച ഈ വിചിത്രമായ രേഖ ആക്ഷൻ കമ്മിറ്റി വീണ്ടും ചർച്ചയാക്കുകയാണ്
2000 മുതൽ 2015 വരെയുള്ള അസ്വാഭാവിക മരണങ്ങളുടെ വിവരങ്ങളാണ് തേടിയത്. എന്നാൽ ഈ വിവരങ്ങൾ സൂക്ഷിച്ചിട്ടില്ലെന്നാണ് ബൽത്തങ്ങാടി പോലീസ് നൽകിയ മറുപടി. സ്റ്റേഷൻ പരിധിയിൽ നൂറിലേറെ മൃതദേഹങ്ങൾ കുഴിച്ച് മൂടിയെന്ന സാക്ഷിയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് ധർമസ്ഥലയിൽ അന്വേഷണം നടക്കുന്നത്
മണ്ണ് നീക്കിയുള്ള പരിശോധന ഇന്ന് പുനരാരംഭിക്കും. ഇനി മൂന്ന് സ്‌പോട്ടുകളിലാണ് പരിശോധന ബാക്കിയുള്ളത്. ഇന്നലെ ഞായറാഴ്ച പരിശോധന നടന്നിരുന്നില്ല. 1998നും 2014നും ഇടയിൽ ധർമസ്ഥലയിൽ വെച്ച് ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങൾ സംസ്‌കരിക്കാൻ താൻ നിർബന്ധിതനായെന്നാണ് സാക്ഷിയുടെ മൊഴി