പഹൽഗാം ആക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ; നിർണായക തെളിവുകൾ ലഭിച്ചതായി സുരക്ഷാ ഏജൻസികൾ

പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്താനാണെന്ന് സൂചന നൽകി സുരക്ഷാ ഏജൻസികൾ. ആക്രമണം നടത്തിയ ഭീകരർക്ക് പാകിസ്ഥാനുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന നിർണായകമായ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. പാക് അധിനിവേശ കാശ്മീരിലെ ഭീകര ക്യാമ്പുകളിൽ പരിശീലനം നേടിയവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.
ഇതിനോടകം, ലഷ്‌കർ-ഇ-ത്വയ്ബയുമായി ബന്ധമുള്ള ദി റെസിസ്റ്റൻസ് ഫ്രണ്ട് (TRF) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും പിന്നീട് പിൻവലിക്കുകയും ചെയ്തിരുന്നു. കൂടാതെ, സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് പാകിസ്താൻ സർക്കാർ നൽകിയ രേഖകളും കണ്ടെടുത്തിട്ടുണ്ട്.
ഈ ആക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരസംഘടനകളാണെന്ന് ഇന്ത്യ നേരത്തെ തന്നെ ആരോപിച്ചിരുന്നു. പാകിസ്ഥാൻ ഭീകരതയെ പിന്തുണയ്ക്കുന്നതിന്റെ വ്യക്തമായ തെളിവാണിതെന്ന് നയതന്ത്ര വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ അന്താരാഷ്ട്ര വേദികളിൽ പാകിസ്താനെതിരെ ശക്തമായ നിലപാടെടുക്കാനും ഇന്ത്യ ഒരുങ്ങുന്നുണ്ട്.