ഓസ്ട്രേലിയക്ക് പുതിയ യുദ്ധക്കപ്പലുകൾ ജപ്പാനിൽ നിന്ന്; നിർണായക കരാർ ഒപ്പിട്ടു

ഓസ്ട്രേലിയൻ നാവികസേനയുടെ പുതിയ യുദ്ധക്കപ്പലുകൾ ജപ്പാനിൽ നിന്ന് വാങ്ങുമെന്ന് ഓസ്ട്രേലിയൻ സർക്കാർ പ്രഖ്യാപിച്ചു. ഏകദേശം 6.5 ബില്യൺ ഡോളർ (ഏകദേശം 55,000 കോടി രൂപ) വരുന്ന കരാറാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഏറ്റവും വലിയ പ്രതിരോധ കരാറാണിത്.
ചൈനയുടെ നാവികസേനയുടെ വളർച്ചയെ പ്രതിരോധിക്കാൻ ലക്ഷ്യമിട്ട് ഓസ്ട്രേലിയ നടപ്പാക്കുന്ന സൈനിക പരിഷ്കരണങ്ങളുടെ ഭാഗമാണിത്. ജപ്പാനിലെ മിത്സുബിഷി ഹെവി ഇൻഡസ്ട്രീസ് നിർമ്മിക്കുന്ന മൊഗാമി ക്ലാസ് ഫ്രിഗേറ്റുകളാണ് ഓസ്ട്രേലിയ വാങ്ങുന്നത്. 11 യുദ്ധക്കപ്പലുകളാണ് കരാറിലുള്ളത്. ഇതിൽ ആദ്യത്തെ മൂന്നെണ്ണം ജപ്പാനിൽ നിർമ്മിക്കും, ശേഷിക്കുന്ന എട്ടെണ്ണം ഓസ്ട്രേലിയയിൽ തന്നെ നിർമ്മിക്കാനാണ് പദ്ധതി.
പുതിയ കപ്പലുകൾക്ക് നിലവിലെ ഓസ്ട്രേലിയൻ കപ്പലുകളേക്കാൾ കൂടുതൽ ദൂരപരിധിയും, മിസൈൽ ശേഷിയുമുണ്ടായിരിക്കും. പ്രതിരോധ മേഖലയിൽ സഹകരണം വർദ്ധിപ്പിക്കാനും, ഇന്തോ-പസഫിക് മേഖലയിൽ സമാധാനം നിലനിർത്താനും ഈ കരാർ സഹായിക്കുമെന്ന് ഇരു രാജ്യങ്ങളും പ്രതീക്ഷിക്കുന്നു.