ഹൃദയം: ഭാഗം 5
[ad_1]
രചന: മുല്ല
അന്നാ രാത്രിയിൽ മുൻപെങ്ങും ഇല്ലാത്തത് പോലെ സുഖമായി ഉറങ്ങി ദീപു….
യദുവിന്റെ ചതി അറിഞ്ഞ അതേ ദിവസം ആയിരുന്നിട്ടും അതൊന്നും അവളെ ബാധിച്ചിരുന്നില്ല… തനിക്ക് ചുറ്റും നിറയെ ആളുകൾ ഉള്ള സമാധാനമായിരുന്നുവോ …
ചിന്തകളുടെ പിരിമുറുക്കം ഇല്ലാതെ നിദ്രയിലേക്ക് ആണ്ടു പോയി അവൾ…..
പിറ്റേന്ന് കാലത്ത് ഡോറിൽ തട്ടുന്നത് കേട്ടാണ് കണ്ണുകൾ തുറന്നത്… ഞെട്ടലോടെ എഴുന്നേറ്റ് ക്ലോക്കിലേക്ക് നോക്കിയതും എട്ടു മണി ആയിരിക്കുന്നു….
ഡോർ തുറന്നപ്പോ ഗീതുവും അനുവും ആണ്….
“ആഹാ.. നല്ല ആളാ… ഡോർ തുറക്കാതായപ്പോ ഞങ്ങളങ്ങു പേടിച്ചു പോയി….”
ചിരിയോടെ അനു പറയെ ചമ്മലോടെ ഒന്ന് ചിരിച്ചു അവൾ….
“അത് പിന്നെ … കിടന്നു ഉറങ്ങി പോയി…. നല്ല സുഖം തോന്നി കിടക്കാൻ…. നേരം വെളുത്തത് അറിഞ്ഞില്ല.. “
“എന്തെ… ഇന്നലെ രാത്രി ഉറങ്ങീലെ… ആ പോയവനെ ആലോചിച്ച് കിടന്നിട്ടുണ്ടാവും ല്ലേ….”
അനു ചെറിയൊരു ശാസനയോടെ പറഞ്ഞു….
“ഏയ്…. ഇല്ല….”
“മ്….. പോയവര്‍ പോവട്ടെന്നേ… ഞങ്ങളൊക്കെ ഇല്ലേ ദീപൂന്….”
ചിരിയോടെ അനു പറയെ മിഴിച്ചു നോക്കി അവളെ…
“എന്തെ ഇങ്ങനെ നോക്കണേ… ദീപു എന്ന് വിളിച്ചത് കേട്ടിട്ടാണോ…. ഉണ്ണിയേട്ടനാ പറഞ്ഞേ ദീപു എന്നാ ഇയാളെ എല്ലാരും വിളിക്കാറ് എന്ന്….”
വെറുതെ ഒന്ന് ചിരിച്ചു ദീപു….
” എല്ലാരും എന്ന് പറയാൻ എനിക്ക് ആരുമില്ല അനു… യദു.. യദുവാ എന്നെ അങ്ങനെ വിളിക്കാറ്…. വേറെ ആരും വിളിക്കാറില്ല … പിന്നെ ഓർഫനേജിൽ എല്ലാർക്കും ദീപികയാ… “
“സാരല്ല… ഇനി ഞങ്ങളൊക്കെ ഇല്ലേ വിളിയ്ക്കാൻ….. അത് വിട് ദീപു…. നീ ഫ്രഷ് ആയിട്ട് വേഗം വാ… താഴെ ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ ഇരിക്കാൻ പോവാ എല്ലാരും…. അമ്പലത്തില്‍ പോണ്ടേ…. കുളി ഒക്കെ ഫുഡ് കഴിച്ചിട്ട് മതി….”
അത് പറഞ്ഞു അനു തിരികെ പോയി …. ഗീതു അവളെ നോക്കിയൊന്ന് പുഞ്ചിരിച്ചു….
“വേഗം വായോ ചേച്ചി….”
ചിരിയോടെ പറഞ്ഞിട്ട് അവൾ അനുവിന്റെ പിന്നാലെ ഓടി….
അത് നോക്കി നിൽക്കുമ്പോൾ ഉള്ളിലൊരു പുഞ്ചിരി നിറഞ്ഞു…
ഇവർക്കൊക്കെ എന്ത് ഭാഗ്യം ആണ്… ചുറ്റും സ്നേഹിക്കാൻ മാത്രം അറിയുന്നവരുടെ ഇടയിൽ ഉള്ള ജീവിതം …. തനിക്ക് മാത്രം എന്തിനാ ഇങ്ങനെ ഒരു വിധി….
കണ്ണുകൾ നിറഞ്ഞു വന്നെങ്കിലും അത് പെട്ടെന്ന് തുടച്ചിട്ട് അവൾ റൂമിലേക്ക് പോയി….
എല്ലാവർക്കും ഒപ്പം ഇരുന്നു ഭക്ഷണം കഴിക്കുമ്പോൾ ഇന്നലത്തെ അകൽച്ച ഇല്ലെന്ന് തോന്നി…. തനിക്കും അവർക്കും….
കുളിക്കാൻ കയറാൻ പോകുമ്പോൾ ആണ് ഗീതു ഒരു കവർ ആയി വരുന്നത് കണ്ടത്….
“ദീപുവേച്ചി…. കുളി കഴിഞ്ഞിട്ട് ഇതിട്ടാ മതീട്ടോ…..”
“എന്താ ഇത്….”
കവർ വാങ്ങി അത് ചോദിക്കുമ്പോൾ അവളുടെ കണ്ണിൽ കൗതുകം ആയിരുന്നു….
“ദാവണിയാ…. ഇന്ന് രാവിലെ തന്നെ ഞങ്ങള്‍ ഏട്ടനേം കൂട്ടി പോയി എടുത്തു…. ഇവിടെ അടുത്തുള്ള textile ഷോപ്പിൽ നിന്നാ… ഞങ്ങൾക്കൊക്കെ എടുത്തപ്പോ ഏട്ടനാ പറഞ്ഞേ ചേച്ചിക്കും എടുക്കാൻ…”
കണ്ണൊന്നു നിറഞ്ഞെങ്കിലും പുഞ്ചിരിച്ചു…..
“ഇത്ര രാവിലെ കട തുറന്നോ ഇവിടൊക്കെ….”
“ഉത്സവം അല്ലേ ചേച്ചി… ഉത്സവം അടുത്താല്‍ ഇവിടൊള്ള കടക്കാർക്കും അതൊരു ഉത്സവാ … കച്ചോടം കൂടുവല്ലോ…. എല്ലാ കടയും പാതിരാത്രിയ്ക്ക് അടച്ചിട്ടു വെളുപ്പിനെ ഒക്കെ തുറക്കും….”
“മ്… അല്ല മോളെ… ബ്ലൗസ് ഒക്കെ….”
“എല്ലാം അതിലുണ്ട്… റെഡിമെയ്ഡ് ആണ്…. ചേച്ചിക്ക് കറക്റ്റ് ആയിരിക്കും…. അയ്യോ… നേരം വൈകി…. വേഗം കുളിച്ചു വായോ ട്ടോ…..”
അതും പറഞ്ഞു ഗീതു ഓടി…..
റൂം അടച്ചു ആകാംക്ഷയോടെ കവർ തുറന്ന് നോക്കിയതും പിങ്ക് ഷെയ്ഡ് വരുന്ന ദാവണി ആണ്….
ഒരുപാട് സന്തോഷം തോന്നി… ഇതേവരെ തനിക്ക് ഒരു ഡ്രെസ് വാങ്ങി തരാൻ പോലും ആരും ഉണ്ടായിട്ടില്ല… യദു പോലും ഒരു ഡ്രസ്സ് എടുത്ത് തന്നിട്ടില്ല ഇത് വരെ….. അവന് തന്നോട് ശെരിക്കും പ്രണയം ആയിരുന്നോ അതിന്.. സ്വന്തം ആണെന്ന് തോന്നുന്നവർക്ക് അല്ലേ എന്തെങ്കിലും ഒക്കെ വാങ്ങി കൊടുക്കാൻ തോന്നൂ… പെട്ടെന്ന് അവൾ തിരുത്തി….
വേണ്ട… അവന്റെ പേര് പോലും ഇനിയെന്റെ മനസിലേക്ക് കൊണ്ട് വരണ്ട……
ഒരു നെടുവീർപ്പോടെ ആ ഡ്രസ്സ് ധരിക്കാൻ തുടങ്ങി അവൾ….
ദാവണി കുത്തുമ്പോൾ ആണ് ഡോറിൽ വീണ്ടും തട്ടുന്നത്…. ചെന്നു നോക്കിയപ്പോൾ മുൻപിൽ അനുവും…..
“ദേ…. ഈ മുല്ലപ്പൂ ചൂടിക്കോ ദീപു….”
“ഇതൊന്നും വേണ്ട അനു….”
“വേണം…. ഒരുങ്ങി കഴിഞ്ഞിട്ട് ഞങ്ങളൊക്കെ നോക്കട്ടെ ഈ പെണ്ണ് എങ്ങനെയുണ്ടെന്ന്….”
“പ്ലീസ് അനു…. എനിക്ക് ഇതൊന്നും ശീലമില്ല….”
“ഇങ്ങനൊക്കെ അല്ലേ ശീലിക്കണേ
എന്റെ ദീപുവേ ….”
അത് പറഞ്ഞു അനു തന്നെ അവളെ പിടിച്ചു നിർത്തി മുടി മെടഞ്ഞിട്ട് കൊടുത്തു മുല്ലപ്പൂവും ചൂടി കൊടുത്തു….
അവള് കൊണ്ട് വന്ന കുപ്പിവളയും ഇട്ടു കൊടുത്തു.. കണ്ണിൽ ഐ ലൈനർ വെച്ചിട്ടൊന്നു വരച്ചു… ഒരു പൊട്ടും കുത്തി കൊടുത്തു….
“കഴിഞ്ഞോ താജ് മഹല്‍ പണിയല്‍….”
അറിയാതെ ഉള്ളിൽ നിന്നും വന്ന കുറുമ്പോടെ ദീപു ചോദിച്ചു പോയി….
“ഓ…. കഴിഞ്ഞല്ലോ….”
അതും പറഞ്ഞു കണ്ണാടിയുടെ മുന്നിലേക്ക് അവളെ നീക്കി നിർത്തി അനു….
സ്വന്തം പ്രതിരൂപത്തിലേക്ക് അറിയാതെ നോക്കി നിന്നു പോയി ദീപു…. ഇത് താൻ അല്ലെന്ന് തോന്നി… ഇങ്ങനെ ഒന്നും ഒരിക്കലും ഒരുങ്ങിയിട്ടില്ല താൻ….
കണ്ണ് നിറഞ്ഞു വന്നതും അനു കൂർപ്പിച്ചു നോക്കി…
“ആ… ഇനി കരഞ്ഞിട്ട് ആ കണ്മഷിയൊക്കെ പരത്തിക്കോ….”
“ഇല്ല…. കരയില്ല…..”
പുഞ്ചിരിയോടെ പറഞ്ഞിട്ട് കണ്ണ് തുടച്ചു അവൾ …..
അനു തന്നെ ആണ് ദീപുവിനെ കയ്യിൽ പിടിച്ചു താഴേക്ക് കൊണ്ട് പോയത്…. എല്ലാവരും പുഞ്ചിരിയോടെ നോക്കുന്നുണ്ടായിരുന്നു അവളെ…..
പുറത്തു നിന്ന് കയറി വന്ന ഗൗതം അവളെയൊന്ന് നോക്കിയിട്ട് അകത്തേക്ക് പോയി…. കൂടെ വേറെയും ചെറുപ്പക്കാർ ഉണ്ട്….
“ഇതൊക്കെ ഈ തറവാട്ടിലെ ആൺ തരികൾ ആണുട്ടോ ദീപു… ഉണ്ണിയേട്ടൻ അമ്പലത്തില്‍ പോയി വന്നതാ…. വെളുപ്പിനെ എഴുന്നേറ്റ് പോയി… ഇവിടെ ഉൽസവം എന്ന് പറഞ്ഞാ എല്ലാവർക്കും ഭയങ്കര ലഹരിയാണ്…. കാവടിയാട്ടവും മയിലാട്ടവും ഒക്കെ ഉണ്ടാവും… രാത്രിയാ രസം… ഗാനമേളേം സിനിമാറ്റിക് ഡാൻസും ഒക്കെ ആയിട്ട് നല്ല രസം ആയിരിക്കും… എല്ലാരും കൂടെ ഏട്ടന്മാരുടെ കീശ കാലിയാക്കും ഉത്സവം കഴിയുമ്പോഴേക്കും….”
ഗീതുവും അനുവും കൂടി ഓരോന്നൊക്കെ പറയുന്നത് കേട്ട് നടന്നു….
അമ്പലത്തിലേക്ക് പോകുമ്പോൾ ഒക്കെ ഒരുപാട് സന്തോഷം തോന്നി… ആദ്യമായി അനുഭവിക്കുന്ന ഓരോന്നും തന്റെ ഇനിയുള്ള ജീവിതത്തിലേക്ക് ചേർത്ത് വെക്കാൻ കൂടെ ഉള്ളതാണെന്ന് അവൾക്ക് തോന്നി….
അമ്പലത്തിൽ എത്തിയതും അവിടത്തെ ഐതിഹ്യം ഒക്കെ പറഞ്ഞു തന്നു മുത്തശ്ശി….
ഓരോന്നും കേൾക്കുമ്പോൾ അത്ഭുതം ആയിരുന്നു മനസ്സിൽ… ആ അമ്പലപറമ്പും ആൽത്തറയും ഒക്കെ മനസ്സിൽ പതിപ്പിച്ചു…. അവിടത്തെ ഓരോ കാഴ്ചകളും…
ഇതാണ് ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ…. ഇന്നലെ താൻ ജീവിതം അവസാനിപ്പിച്ചിരുന്നെങ്കിൽ ഈ കാഴ്ചകളും അനുഭവങ്ങളും എല്ലാം തനിക്ക് അന്യമായി പോയേനെ…
ഇവിടന്ന് മടങ്ങി പോയാൽ ഇനിയും ഇതെല്ലാം കാണാൻ കഴിയുമോ… ഇനി ഈ സ്ഥലത്തേക്ക് ഒരു മടക്കം തനിക്കുണ്ടാകുമോ…. എന്തോ ഒന്ന് തന്നെ ഇവിടെ നിൽക്കാൻ പ്രേരിപ്പിക്കുന്നുണ്ട്….
അതേ… ഇനിയും വരണം ഇങ്ങോട്ട്… ഈ ദിവസം ഓർത്ത് വെച്ചുകൊണ്ട് എല്ലാ വർഷവും ഇങ്ങോട്ട് വരണം…..
ഈ നാടിനെയും നാട്ടുകാരെയും ഗൗതമിന്റെ വീട്ടുകാരെയും തന്റെ ഹൃദയത്തിലേക്കാണ് താൻ ചേർത്തു വെച്ചിരിക്കുന്നത്….
തിരിഞ്ഞൊന്ന് നോക്കിയതും കൂട്ടുകാരുടെയും കസിൻസിന്റെയും ഇടയിൽ നിന്നു കൊണ്ട് ചിരിയോടെ സംസാരിക്കുന്ന ഗൗതമിനെ കണ്ടു…. അത്ഭുതം തോന്നി… അവിടെ താൻ കണ്ടിട്ടുള്ള ഗൗതം അല്ല ഇതെന്ന് തോന്നി…. സ്വഭാവത്തിലും വേഷത്തിലും പോലും മാറ്റം…. ആള് തന്നെ മാറിയത് പോലെ…
കൂട്ടുകാരോട് എന്തോ സംസാരിച്ചു തിരിഞ്ഞ ഗൗതം തന്നെ നോക്കി നിന്ന് എന്തോ ആലോചിക്കുന്ന ദീപുവിനെ കണ്ട് ഗൗരവത്തോടെ പിരികം ഉയർത്തി ‘ എന്തെ ‘ എന്ന് ചോദിച്ചു…..
ഞെട്ടിക്കൊണ്ട് ചുമലൊന്ന് കൂച്ചി ഒന്നുമില്ലെന്ന് കാണിച്ചു കൊണ്ട് ദീപു ചുറ്റും നോക്കി…. അനുവും ഗീതുവും ഒക്കെ കുറച്ചു ദൂരെ അമ്പലപ്പറമ്പിൽ ഉള്ള വള വിൽക്കുന്ന കടയിൽ നിൽക്കുന്നു…. തിരിഞ്ഞു പോലും നോക്കാതെ അങ്ങോട്ട് ഓടിയിരുന്നു ദീപു……….കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]