ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 45
[ad_1]
രചന: റിൻസി പ്രിൻസ്
ഞങ്ങൾ നേരത്തെ പരിചയക്കാരാ
മറുപടി പറഞ്ഞത് സാമാണ്
” എങ്ങനെ…?
ആകാംക്ഷയോടെ സഞ്ജീവ് ചോദിച്ചു
” ഞങ്ങൾ ഒരേ നാട്ടുകാര
സാം എന്തെങ്കിലും മറുപടി പറയും മുൻപേ ചാടി കയറി ശ്വേത പറഞ്ഞിരുന്നു അവനവളുടെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി.
” അതു കൊള്ളാലോ, ഏതായാലും അത് കാര്യമായി. ഞാനൊന്നു കുളിച്ചിട്ട് വരാം…
നമ്മൾ ഇവിടെ മൊത്തം ആറുപേരാ ഉള്ളത് നമുക്ക് ഒരു ഷെഡ്യൂൾ ചെയ്യണം നമുക്ക് ഫുഡ് ഉണ്ടാക്കുന്ന കാര്യം എങ്ങനെയാണെന്ന് ഒക്കെ തീരുമാനിക്കാനുള്ള ഷെഡ്യൂൾ…
ചിലർക്കൊക്കെ നൈറ്റ് ഷിഫ്റ്റ് വരുമല്ലോ, അപ്പോൾ നൈറ്റ് ഷിഫ്റ്റ് വരുന്ന ആളുകൾക്ക് വേണ്ടി ബാക്കിയുള്ളവരും കൂടെ ഫുഡ് പ്രിപ്പയർ ചെയ്യുകയാണെങ്കിൽ എല്ലാവർക്കും ഒരുമിച്ച് നല്ല രീതിയിൽ മുന്നോട്ടു പോകാലോ, അവര് കൂടി വന്നിട്ട് നമുക്കൊരു ചെറിയ ടീമിനെ തെരഞ്ഞെടുക്കാം…
സഞ്ജീവ് പറഞ്ഞപ്പോൾ രണ്ടുപേരും സമ്മതിച്ചിരുന്നു, സഞ്ജീവ് കുളിക്കാൻ ആയി പോയപ്പോൾ അവൾ വീണ്ടും ബാൽക്കണിയിലേക്കും സാം ഫോണിലേക്കും ശ്രദ്ധ നൽകി… വൈകിട്ട് ബാക്കി മൂന്നുപേരും കൂടി വന്നതോടെ എല്ലാവരും വിശദമായി തന്നെ പരിചയപ്പെട്ടിരുന്നു, പിറ്റേദിവസം മുതൽ ആരൊക്കെയാണ് അടുക്കളയിൽ കയറുന്നത് എന്നും വീട് വൃത്തിയാക്കുന്നത് എന്നുമൊക്കെയുള്ള ഒരു രൂപരേഖ എല്ലാവരും കൂടി തയ്യാറാക്കിയിരുന്നു… വേണമെങ്കിൽ പകൽ കിടന്നുറങ്ങാനുള്ള രീതിയിലും സൗകര്യം ഒരുക്കി.. അന്ന് വൈകിട്ട് പുറത്തുനിന്ന് കഴിക്കാം എന്നായിരുന്നു ഭൂരിപക്ഷാഭിപ്രായം, അതുകൊണ്ടു തന്നെ ആറു പേരും ഷെയർ ചെയ്തു പുറത്തു നിന്ന് ഹൈദരാബാദി ബിരിയാണിയാണ് കഴിച്ചത്.. ഇതിനിടയിൽ സഞ്ജീവും സാമും നല്ല കമ്പനിയായെന്ന് അവൾ ശ്രദ്ധിച്ചിരുന്നു… തനിക്കും സാമൂമായുള്ള അകലത്തിൽ ഒരുപാട് കുറവ് വന്നു എന്നും ശ്വേതയ്ക്ക് മനസ്സിലാക്കാൻ സാധിച്ചു… പൂനം എന്ന ഒരു കന്നടക്കാരി പെൺകുട്ടിയുമായി നല്ലതായി തന്നെ ശ്വേത അടുത്തിരുന്നു, വളരെ എളുപ്പത്തിൽ കന്നഡ പറയുന്നവളെ ഒരു അത്ഭുതത്തോടെയാണ് അവൻ നോക്കി കണ്ടത്…..പതിയെ പഠിക്കുമെന്ന് അവൾ അവനോട് പറയുകയും ചെയ്തു, തിരികെ സ്ട്രീറ്റിലൂടെ നടന്നാണ് ആറുപേരും ഫ്ലാറ്റിലേക്ക് എത്തിയത്…
രാവിലെ സാം ഉണർന്നു വരുമ്പോൾ കിച്ചണിൽ ശ്വേതയും പൂനവും ആണ് ഉള്ളത്, അവർ രാവിലത്തെയൊക്കെ ചപ്പാത്തി ഉണ്ടാക്കാൻ ഉള്ള പരിപാടിയിലാണ്… ചപ്പാത്തി മേക്കറിൽ ഓരോന്നായി ഉണ്ടാക്കിയെടുക്കുന്നുണ്ട് പൂനം.. ശ്വേത ആണെങ്കിൽ ക്യാപ്സിക്കവും മഷ്റൂമും ഒക്കെ ഒരുമിച്ചിട്ട് എന്തോ ഒരു വെജിറ്റബിൾ കുറുമയുണ്ടാക്കാനുള്ള പരിപാടിയിലാണ്, സാമിനെ കണ്ടതും അവൾ നന്നായി ഒന്ന് ചിരിച്ചു കാണിച്ചിരുന്നു… കോഫി ടേബിളിൽ വെച്ചിട്ടുണ്ട് അതിന്റെ അടുത്ത് തന്നെ ടി ബാഗും ഷുഗറും ഇരിപ്പുണ്ട്, അവൻ കോഫിക്ക് വേണ്ടിയാണ് നിൽക്കുന്നത് എന്ന് തോന്നി ശ്വേത പറഞ്ഞിരുന്നു…
” ഞാൻ രാവിലെ കോഫി കുടിക്കില്ല ഒരു ഗ്ലാസ് വെള്ളം മതി…
അവൻ പറഞ്ഞപ്പോൾ അവൾ തന്നെയാണ് ഒരു ഗ്ലാസ് ചൂടുവെള്ളം എടുത്ത് അവന് നേരെ നീട്ടിയത്.
ഇന്ന് ഓഫീസിൽ ജോയിൻ ചെയ്യേണ്ടത് ശ്വേതക്കും സാമിനും മാത്രമാണ് ബാക്കിയുള്ളവരൊക്കെ ഇന്ന് ലീവ് എടുത്തിരിക്കുകയാണ്.. അതുകൊണ്ടുതന്നെ സഞ്ജീവ് വന്ന് ശ്വേതയെ നിർബന്ധിച്ച് അടുക്കളയിൽ നിന്നും പറഞ്ഞ് റെഡിയാകാൻ വിട്ടിരുന്നു… അവൾ വേഗം മുറിയിൽ ചെന്ന് ഫ്രഷായി പുറത്തു വന്നതിനു ശേഷം ഒരു റാണി പിങ്ക് നിറത്തിലുള്ള റയോൺ കുർത്തയും ആങ്കിൽ ലെങ്ത്തിന്റെ വൈറ്റ് ബോട്ടവും ധരിച്ചു, പിന്നെ ബാഗിലേക്ക് ലാപ്ടോപ്പും ആവശ്യമായ സാധനങ്ങളും ഒക്കെ വെച്ചു… ഇതിനിടയിൽ തന്നെ അമ്മയോട് വീട്ടിൽ വിളിച്ച് സംസാരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു, റെഡിയായി പുറത്തേക്ക് ഇറങ്ങിയപ്പോൾ എല്ലാവരും ഭക്ഷണം കഴിക്കാൻ ഹാളിൽ എത്തിയിട്ടുണ്ട്… ആറുപേരും ഒരുമിച്ചിരുന്നാണ് ഫുഡ് കഴിച്ചതും… എപ്പോഴും ഫുഡ് വയ്ക്കാൻ മടി ആയതുകൊണ്ട് രാവിലെ തന്നെ ശ്വേതയും പൂനവും ചേർന്ന് ഉച്ചക്കത്തേക്കുള്ളത് കൂടി തയ്യാറാക്കിയിരുന്നു, ഇടയ്ക്ക് വന്ന് സഞ്ജീവും സോയയും അഫ്സലും കൂടി അതിന് കുറച്ച് കൂട്ടാനുകൂടി തയ്യാറാക്കി… ഒപ്പം ശ്വേതയുടെ വീട്ടിൽ നിന്ന് കൊണ്ടുവന്ന അച്ചാറും ചമ്മന്തിപ്പൊടിയും പുളിമാങ്ങയും ഒക്കെ ഇടം പിടിച്ചതോടെ ഒരു സദ്യക്കുള്ള സാധനങ്ങൾ റെഡിയായി, അതെല്ലാം ഒരു ടിഫിൻ ബോക്സിൽ ആക്കി ശ്വേത ബാഗിലേക്ക് എടുത്തുവച്ചു, സാമിന് വേണ്ടതും അവൾ തന്നെയാണ് വിളമ്പിക്കൊടുത്തത്.. അവന് ഒരു പരിചയക്കുറവ് ഉണ്ട് എന്ന് അവൾക്ക് മനസ്സിലായിരുന്നു….
” ഞാൻ പണ്ട് പഠിക്കുന്ന കാലത്ത് മാത്രമാണ് ഫുഡ് എങ്ങനെ പൊതിഞ്ഞു കിട്ടി പോയിട്ടുള്ളത്, പിന്നീട് ജോലി ചെയ്യുമ്പോഴൊക്കെ കാൻഡിനിൽ നിന്നോ പുറത്തു ഫുഡ് കഴിക്കും. ഗൾഫിലെയും നമ്മുടെ നാട്ടിലെ ഒന്നും ഫുഡ് അങ്ങനെ പുറത്തു നിന്ന് കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ല. പക്ഷേ ബാംഗ്ലൂരിൽ നിന്ന് രണ്ട് ദിവസത്തിൽ കൂടുതൽ ഫുഡ് കഴിച്ചാൽ പിന്നെ കിട്ടുന്ന സാലറി ഹോസ്പിറ്റലിൽ കളയാനെ ഉണ്ടാവുള്ളൂ, വയർ കേടായി പോകും മാഷേ…
ശ്വേത ലഞ്ച് ബോക്സ് അവനു നേരെ നീട്ടിക്കൊണ്ട് പറഞ്ഞു, അവൻ ചിരിയോടെ അത് വാങ്ങി.
മറ്റു നാലു പേരോടും യാത്ര പറഞ്ഞ് രണ്ടുപേരും ഇറങ്ങിയിരുന്നു, ലിഫ്റ്റിൽ കയറിയപ്പോഴും ഇടയിൽ മൗനം ഒരു വലിയ മറ തീർത്തു… രണ്ടുപേരും ഒറ്റയ്ക്കാകുന്ന സമയത്ത് എന്തോ ഒരു മതിൽക്കെട്ട് ഇരുവരെയും തമ്മിൽ അകറ്റുന്നതായി അവർക്ക് തന്നെ തോന്നിയിട്ടുണ്ടായിരുന്നു, അതിന് കാരണം എന്താണെന്ന് ഇപ്പോഴും അറിയില്ല. ഒരിക്കൽ പറഞ്ഞ സ്നേഹം ഇപ്പോഴും അതിനേക്കാൾ കൂടുതൽ ഉള്ളിലുള്ളത് കൊണ്ട് തന്നെ സ്നേഹം ഇല്ലാത്ത രീതിയിൽ അവന്റെ മുഖത്തേക്ക് നോക്കാൻ ശ്വേതയ്ക്ക് കഴിയുന്നുണ്ടായിരുന്നില്ല, അവന്റെ മുഖത്തേക്ക് നോക്കി എന്തെങ്കിലും പറയുമ്പോൾ ഒരു കള്ളത്തരം ചെയ്യുന്നതു പോലെയാണ് അവൾക്ക് തോന്നുന്നത്.. അതുകൊണ്ടാണ് കൂടുതലും മിണ്ടാതെ ഇരിക്കുന്നത്, ഒരിക്കൽ പ്രണയം അവഗണിച്ചവളെ വീണ്ടും അരികിൽ ലഭിച്ചപ്പോൾ അവളോട് എന്ത് സംസാരിക്കണം എന്നറിയാത്ത ഒരു അവസ്ഥയിലാണ് അവനും…
എന്നാൽ അടുത്തറിഞ്ഞപ്പോഴേക്കും ശ്വേതയെ അവന് ഒരുപാട് ഇഷ്ടമായിരുന്നു, ആ ഇഷ്ടത്തിന് മറ്റു നിറങ്ങൾ ഒന്നുമില്ലെങ്കിലും ഒരുപാട് ബഹുമാനം തോന്നുന്ന ഒരു വ്യക്തിത്വം ഒരാളോട് അവൾ ഇടപെടുന്ന രീതി പോലും നമ്മൾ നോക്കി നിന്നുപോകും, അത്രയ്ക്ക് മനോഹരമാണ്.. ഓരോ വാക്കും ശ്രദ്ധിച്ചാണ് സംസാരിക്കുന്നത്, ആവശ്യമില്ലാതെ ഒരു തമാശ പോലും പറയില്ല. അവൾ പറഞ്ഞതു പോലെ അവളുടെ ക്ലോസ് സർക്കിളിൽ വളരെ ഹാപ്പിയും ആണ്… താനുമായി അത്രയും വലിയ ഒരു അടുപ്പം ഇതുവരെ ഉണ്ടായില്ല അവൾക്ക്… ഇന്നലെ ഒറ്റ ദിവസം കൊണ്ട് തന്നെ ആയിരുന്നു ബാക്കി നാലു പേരുമായും അവൾ കമ്പനിയായത്… അവരോടൊക്കെ രാവിലെ എന്തൊക്കെയോ തമാശ പറഞ്ഞു ചിരിക്കുന്നതും കണ്ടിരുന്നു… പക്ഷേ തന്നോട് മാത്രം എന്തോ ഒരു അകലം, അതിന് കാരണം എന്താണെന്ന് അവനു അറിയാമായിരുന്നു.. ഒരുപക്ഷേ തന്നോട് പ്രണയം പറഞ്ഞിട്ടുള്ള ചമ്മൽ ആയിരിക്കാം, അല്ലെങ്കിൽ അവളുടെ മനസ്സിൽ ഇപ്പോഴും തന്നോട് എന്തെങ്കിലും ഒരു ഇഷ്ടം ഉണ്ടായിരിക്കാം… രണ്ടാമത്തെ കാര്യത്തിന് സാധ്യത വളരെ കുറവാണെന്ന് അവന് തോന്നിയിരുന്നു… അവളുടെ പതിനഞ്ചാമത്തെ വയസ്സും 24 മത്തെ വയസ്സും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്… ആ കാലഘട്ടത്തിൽ മാറിമറിയുന്ന ചിന്തകൾക്കും ഒരുപാട് വ്യത്യാസങ്ങളുണ്ട്, ഒരിക്കൽ തന്നോട് ഇഷ്ടമാണെന്ന് പറഞ്ഞു പോയല്ലോ എന്ന ഒരു മടിയായിരിക്കാം ഇപ്പോഴും തന്നോട് അടുത്ത് ഇടപഴകാൻ അവളെ പിന്തിരിപ്പിക്കുന്ന ഘടകം എന്ന് അവനു തോന്നി… അങ്ങനെയൊരു പ്രശ്നം തനിക്കില്ല എന്ന് അവളോട് കാണിക്കാൻ വേണ്ടിയാണ് കൂടുതൽ അടുത്ത് ഇടപഴകിയിട്ടുള്ളത്.. എന്നാൽ അവളുടെ മനസ്സിൽ അത് മാഞ്ഞിട്ടില്ലഎന്നതുകൊണ്ടാണ് തന്നോട് ഇപ്പോഴും ഒരു അകലം കാത്തുസൂക്ഷിക്കുന്നത്..
രണ്ടുപേരും ഒരുമിച്ചാണ് ഓഫീസിൽ ചെന്നത്. പിന്നീട് രണ്ട് സെക്ഷൻ ആയതുകൊണ്ട് വൈകുന്നേരം വരെ രണ്ടുപേരും കണ്ടില്ല. അവൾ ഇറങ്ങി കഴിഞ്ഞ് കുറച്ച് അധികം നേരം അവനെ കാത്തു നിന്നു. അവനെ ഒന്ന് വിളിക്കാമല്ലോ എന്ന് കരുതിയപ്പോഴാണ് നമ്പർ കയ്യിൽ ഇല്ലല്ലോ എന്ന് അവൾ ഓർത്തത്.. പണ്ടെപ്പോഴോ മനസ്സിൽ കോറിയിട്ടൊരു നമ്പർ അവളുടെ മനസ്സിൽ നിറഞ്ഞു വന്നു… വെറുതെ ആ നമ്പറിൽ ഒന്ന് വിളിച്ചു നോക്കിയാലോ എന്ന് അവൾക്ക് തോന്നി, ആ നമ്പരൊക്കെ ഇപ്പോൾ മാറിയിട്ടുണ്ടാവില്ലെ എന്ന് ആ നിമിഷം തന്നെ ചിന്തിച്ചു… എങ്കിലും എന്തോ ഒരു ഉൾവിളിയുടെ പുറത്ത് അവൾ ഫോൺ എടുത്തു കോൺടാക്ട് നിന്നും മൈ ലവ് എന്ന് സേവ് ചെയ്ത നമ്പർ എടുത്ത് ഡയൽ ചെയ്തു… ആദ്യമായി ഫോൺ വാങ്ങിയപ്പോൾ മുതൽ ഫോണിൽ ഈ ഒരു നമ്പരും സേവ് ചെയ്തിട്ടുണ്ടായിരുന്നു, ഒരിക്കൽപോലും അങ്ങോട്ടും ഇങ്ങോട്ടും വിളികളോ സന്ദേശങ്ങളോ ഉണ്ടാവില്ലന്ന് ഉറപ്പുണ്ടായിട്ടും വെറുതെ ഒരു സമാധാനത്തിന് അങ്ങനെയൊരു കോൺടാക്ട് ഫോണിൽ നിലനിർത്തിയിരുന്നു
ഫോൺ അറ്റൻഡ് ചെയ്തപ്പോൾ മറ്റാരെങ്കിലും ആയിരിക്കാം ഒരുപക്ഷേ എടുക്കുന്നത് എന്നാണ് അവൾ ചിന്തിച്ചത്…
എന്നാൽ ഹലോ എന്ന അവന്റെ സ്വരം കേട്ടപ്പോൾ തന്നെ അത് അവനാണെന്ന് അവൾക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നു… ഇത്രയും വർഷമായിട്ടും അവൻ നമ്പർ മാറിയില്ലേ എന്നുള്ള ഒരു ചിന്ത അവളിൽ ഉണ്ടായി, എങ്കിലും അവൾ പെട്ടെന്ന് ഹലോ പറഞ്ഞു
” ഞാ….. ഞാൻ ശ്വേതാ
വിറയിലൂടെയാണ് അവൾ പറഞ്ഞത്… ഒരു നിമിഷം അപ്പുറത്തും ഒരു ഞെട്ടൽ ഉണ്ടായി എന്ന് അവൾക്ക് തോന്നിയിരുന്നു,
” വർക്ക് കഴിഞ്ഞു ഞാൻ ഇറങ്ങി പോകാൻ വരുന്നുണ്ടോ എന്ന് അറിയാൻ വേണ്ടിയാണ്,
” താൻ എവിടെയാ നിക്കുന്നെ, ഞാനിവിടെ പുറത്തുണ്ട്…
” ശരി അവിടെ നിൽക്കു, ഞാൻ അങ്ങോട്ട് വരാം.
അതു പറഞ്ഞ് അവൻ ഫോൺ കട്ട് ചെയ്തിരുന്നു… ഒരു നിമിഷം വിളിക്കേണ്ടിയിരുന്നില്ലന്ന് അവൾക്ക് തോന്നിയിരുന്നു… 5 മിനിറ്റിനുള്ളിൽ തന്നെ അവൻ തിരികെ വന്നു, അവളെ കണ്ടതും ഏറെ അത്ഭുതത്തോടെ അവൻ അവളെ ഒന്ന് നോക്കുകയാണ് ചെയ്തത്… മനസ്സിലാവാതെ അവൾ അവന്റെ മുഖത്തേക്ക് നോക്കി,
” എന്റെ നമ്പർ അറിയാമായിരുന്നോ..?
അവൻ ചോദിച്ചു, അവളുടെ മുഖത്തെ ഞെട്ടൽ പ്രകടമായി തന്നെ അവൻ കണ്ടിരുന്നു…
” അത് ഓഫീസിൽ നിന്ന് വാങ്ങി….
പെട്ടെന്ന് അങ്ങനെ ഒരു കള്ളം പറയാനാണ് അവൾക്ക് തോന്നിയത്…
അവളുടെ മറുപടി കേട്ട് അവൻ ഒന്ന് ചിരിച്ചു… കൈകൾ നെഞ്ചിൽ കെട്ടി അവളെ അടിമുടി ഒന്ന് നോക്കി…
“എന്താ…?
അവൾ ചമ്മലോടെ അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.
” ഓഫീസിൽ ഞാൻ ഈ നമ്പർ അല്ല കൊടുത്തിരിക്കുന്നത്…
അവന്റെ ആ വെളിപ്പെടുത്തലിൽ അവൾ ഞെട്ടി പോയിരുന്നു….കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]