Novel

ഹൃദയം: ഭാഗം 8

[ad_1]

രചന: മുല്ല

കുളിയൊക്കെ കഴിഞ്ഞ് വീട്ടിലേക്ക് കയറിയതും ഗൗതമിന്റെ അമ്മ ഫുഡ്‌ കഴിക്കാൻ വിളിച്ചു….

അനുവിനെയും ഗീതുവിനെയും കാത്തു നിന്ന് അവർക്കൊപ്പം ടേബിളിന്റെ അരികിൽ എത്തിയതും അവിടെ ഗൗതമും അച്ഛനും ഒക്കെ ഇരിക്കുന്നുണ്ട്…

“ഇരിക്ക് മോളെ….”

ചിരിയോടെ അച്ഛൻ പറയുന്നത് കേട്ട് അവൾ ഗൗതമിനെ നോക്കി…
ഇരിക്കാൻ അവൻ കണ്ണു കൊണ്ട് കാണിച്ചതും അവന്റെ ഓപ്പോസിറ്റ് ആയി ഇരുന്നു….

“നിങ്ങള് ഇന്ന് പോകുമോ ഉണ്ണീ…”

അമ്മയാണ് ദീപുവിന് വെള്ളേപ്പം വിളമ്പി കൊടുക്കുന്നതിന്റെ ഇടയിൽ ചോദിച്ചത്…

“മ്… പോണം… നാളെ മുതല് ഓഫീസിൽ പോണ്ടേ അമ്മേ….”

“മോളും പോകുവാണോ….”

ദീപു അവരെയൊന്നു നോക്കി…

“അത്‌… ഞാൻ…”

“അവൾക്കും ജോലി ഉള്ളതല്ലേ അമ്മേ…”

“മോള് ഒരാഴ്ച്ച കൂടി ഇവിടെ നിന്നിട്ട് പോയാ മതി… ലീവ് പറഞ്ഞൂടെ….”

“അമ്മക്കിത് എന്താ… അവള് ജോലിക്ക് പോണത് അവൾക്ക് വേണ്ടീട്ടാ… ലീവ് എടുത്തു ശമ്പളം കുറച്ചാല് അവൾക്ക് തന്നെയാ അതിന്റെ ബുദ്ധിമുട്ട്…”

ഗൗതം പറഞ്ഞതും അവര് പിന്നെയൊന്നും പറഞ്ഞില്ല…
ദീപുവിന് കണ്ണുകൾ നിറയുന്നുണ്ടായിരുന്നു….

ഇനി ഇങ്ങോട്ടൊരു വരവ് ഉണ്ടാവില്ലേ…. ഗൗതം കൊണ്ട് വരില്ലേ തന്നെ…. അവൻ സമ്മതിച്ചാൽ അല്ലാതെ തനിക്കെങ്ങനെയാ ഇങ്ങോട്ട് വരാൻ കഴിയാ….

കഴിക്കുന്നത് മതി എന്ന് തോന്നിയെങ്കിലും ഭക്ഷണം വേസ്റ്റ് ആക്കാൻ തോന്നിയില്ല.. ഒരു തരി അന്നത്തിനു വേണ്ടി കൊതിച്ചിട്ടുള്ള നാളുകൾ ഓർമ വന്നു… വയറു നിറയെ ഭക്ഷണം കഴിക്കാൻ കൊതിച്ച ദിവസങ്ങൾ… അനാഥാലയത്തിൽ കഴിഞ്ഞിരുന്ന നാളുകളിൽ അറിഞ്ഞ പട്ടിണി… ഭക്ഷണം ഇല്ലാഞ്ഞിട്ടും പലതിനും കിട്ടുന്ന ശിക്ഷ ആയിട്ടും…. 

ആ ഓർമയിൽ കണ്ണുകൾ നീറി… എങ്ങനെയോ ഒക്കെ കഴിച്ചു എഴുന്നേറ്റു…..

“ആ കുട്ടിക്ക് പോകാൻ തീരെ ഇഷ്ടല്ലാന്ന് തോന്നണു….”

അനുവിന്റെ അമ്മ പറഞ്ഞതും ഗൗതം അവൾ പോയ വഴിയേ ഒന്ന് നോക്കി….

ഉച്ച കഴിഞ്ഞിട്ട് ഇറങ്ങും എന്ന് ഗൗതം പറഞ്ഞത് കൊണ്ട് പേക്കിങ്ങിൽ ആണ് ദീപു….

ഇങ്ങോട്ട് വരുമ്പോൾ രണ്ട് ജോഡി ഡ്രെസ്സും മാത്രം ആയി വന്നതാണ്… അങ്ങോട്ട് പോകുമ്പോൾ എക്സ്ട്രാ ഒരു ദാവണിയും കൂടെ… ഗൗതമിന്റെ വക….
പോരാത്തതിന് ഗൗതമിന്റെ അമ്മയുടെ വക കടുമാങ്ങാ അച്ചാറും വേറെ എന്തൊക്കെയോ പലഹാരങ്ങളും മുത്തശ്ശി പറഞ്ഞ എണ്ണയും ഒക്കെയുണ്ട്….

എല്ലാം എടുത്തു വെക്കുമ്പോഴും പലപ്പോഴും അവളുടെ കണ്ണ് നിറയുന്നുണ്ട്… ഇതെല്ലാം ഒരു സ്വപ്നം ആണെന്ന് തോന്നി… തനിക്ക് വേണ്ടിയും ഇതൊക്കെ തന്നു വിടാനും ചെയ്ത് തരാനും ആളുകൾ…. രണ്ട് ദിവസം കൊണ്ട് തന്റെ ആരൊക്കെയോ ആയി മാറിയവർ… തനിക്ക് സ്നേഹം തന്നു കൊണ്ട് ഇരിക്കുന്നവർ… അവരെയെല്ലാം വിട്ടു പോകുന്ന വിഷമം…

വൈകിട്ട് പോകാൻ ഇറങ്ങിയതും മുത്തശ്ശി കെട്ടിപ്പിടിച്ചു….

“ഇനിയും ഇങ്ങോട്ടൊക്കെ വരണം ട്ടോ….”

മ്….

ഗൗതമിന്റെ അമ്മയും വന്നു പുൽകി….

“ആരും ഇല്ലെന്ന് വിചാരിച്ചു വിഷമം ഒന്നും വേണ്ടാട്ടോ മോൾക്ക്… ഒറ്റക്കാവുമ്പോ പൊട്ടബുദ്ധി ഒന്നും തോന്നരുത്… ഞങ്ങളൊക്കെയുണ്ട് മോൾക്ക് … ഇനീം ഇവൻ വരുമ്പോ വരണം…. ഞങ്ങളൊക്കെ കാത്തിരിക്കും….”

പുഞ്ചിരിയോടെ തലയാട്ടിയെങ്കിലും കരഞ്ഞു പോയിരുന്നു…. അവരുടെയും കണ്ണ് നിറഞ്ഞു… 

എല്ലാവരും സഹതാപത്തോടെ നോക്കി അവളെ….

ഗീതുവും അനുവും ഒന്നും കെട്ടിപ്പിടിച്ചിട്ട് വിടുന്നില്ലായിരുന്നു…. അത്രത്തോളം അടുത്ത് പോയിരുന്നു…. കൂടപ്പിറപ്പുകൾ ഇല്ലാത്ത തനിക്ക് കിട്ടിയ സഹോദരിമാർ…

കണ്ണൊന്നു തുടച്ചു പുഞ്ചിരി വരുത്തി എല്ലാവരോടും യാത്ര പറഞ്ഞിട്ട് ദീപു പോയി കാറിൽ ഇരുന്നു…. ഗൗതം ആദ്യമേ തന്നെ കാറിൽ സ്ഥാനം പിടിച്ചിരുന്നു….

കാർ മുന്നോട്ട് നീങ്ങിയതും ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി അവർക്ക് നേരെ കൈ വീശി….

കാറിനുള്ളിൽ മൗനം നിറഞ്ഞു നിന്നു….

ഗൗതം ഒരക്ഷരം പോലും മിണ്ടിയിട്ടില്ല ഇത് വരെ…. അവിടെ വെച്ച് കളിയാക്കാൻ എങ്കിലും തന്നോട് മിണ്ടിയിരുന്നു….

പുറത്തേക്ക് തന്നെ നോക്കി ഇരുന്നു അവൾ… വീണ്ടും ആ നഗരത്തിലേക്ക് തന്നെ അടുക്കുകയാണ്…. തന്റെ ഒറ്റപ്പെടലിന്റെ നാളുകൾ പുനരാരംഭിക്കുകയാണ്…. തനിക്കിവിടെ ഉണ്ടായിരുന്ന ഏക ആശ്വാസം…. അത്‌ യദു ആയിരുന്നു…. ഇപ്പൊ അവന് പോലും തന്നെ വേണ്ട….

കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയതും ഗൗതം നീട്ടി ഹോൺ അടിക്കുന്നത് കേട്ടു….

നോക്കിയപ്പോൾ കാർ ട്രാഫിക് ബ്ലോക്കിൽ കുരുങ്ങിയിരിക്കുകയാണ്….

“ഡാം പൊട്ടി കഴിഞ്ഞില്ലേ ഇത് വരെ….”

മുന്നോട്ട് നോക്കി ഇരുന്നു കൊണ്ട് തന്നെ ആണ് അവന്റെ ചോദ്യം…
മറുപടി ഒന്നും പറഞ്ഞില്ല….

“See ദീപിക…. കഴിഞ്ഞ് പോയതെല്ലാം കഴിഞ്ഞത് തന്നെ ആണ്…. അതോർത്തിരുന്നു കണ്ണീർ ഒഴുക്കിയിട്ട് എന്താ കാര്യം….
മുന്നോട്ട് എങ്ങനെ എന്നാണ് ചിന്തിക്കേണ്ടത്…..”

“എനിക്കറിയില്ല ഗൗതം മുന്നോട്ട് ഇനി എങ്ങനെയാണെന്ന്… രണ്ട് ദിവസം എല്ലാം മറന്നതാ ഞാൻ… പക്ഷെ ഇവിടെ എത്തിയപ്പോ വീണ്ടും യദുവും സാക്ഷിയും ഒക്കെ എന്റെ മനസ്സിനെ ഉലച്ചു കൊണ്ടിരിക്കുന്നു… മനസ് തകരും പോലെ….”

“അതിനെ എല്ലാം overcome ചെയ്തേ മതിയാകൂ ദീപിക… ഇല്ലെങ്കിൽ മുന്നോട്ട് ജീവിക്കാൻ ബുദ്ധിമുട്ടാണ്… “

“അറിയാം…. But how…..”

“നിനക്ക് അവനോട് revenge ചെയ്യണ്ടേ….”

“ഒന്നും വേണ്ട ഗൗതം… അവൻ എങ്ങനെ എങ്കിലും ജീവിച്ചോട്ടെ…  ഒന്ന് ഞാൻ ഉറപ്പ് പറയാം… ഞാനെന്റെ ജീവൻ അവസാനിപ്പിക്കില്ല…. അവന് മുന്നിൽ ജീവനോടെ തന്നെ ഞാൻ ഉണ്ടാവും….”

ഗൗതം പിന്നീട് ഒന്നും പറഞ്ഞില്ല….

വീടിനു മുൻപിൽ ഇറങ്ങുമ്പോൾ അവനോടൊന്ന് തലയാട്ടി യാത്ര പറഞ്ഞു.. തിരികെ തലയൊന്ന് അനക്കി അവനും കാർ മുന്നോട്ടെടുത്തു…

ഗ്രേസി ആന്റിയുടെ കയ്യിൽ നിന്നും കീ വാങ്ങാൻ ചെല്ലുമ്പോൾ അവർ ചൂഴ്ന്നു നോക്കുന്നത് കണ്ടു…

മുകളിലെ റൂമിലേക്കുള്ള സ്റ്റെപ് കയറുമ്പോൾ ആണ് അവർ മോളോട് പറയുന്നത് കേൾക്കുന്നത്….

“ഇത്രേം നാള് ഒരുത്തൻ ഉണ്ടായിരുന്നു… അവന്റെ കൂടെ കറക്കവും അവന്റെ ഫ്ലാറ്റില് പോകലും… എന്തൊക്കെ നടന്നിട്ടുണ്ടാവുംന്ന് ആർക്കറിയാം… ഇപ്പൊ ദേ വേറൊരുത്തൻ…. അവന്റെ കൂടെ രണ്ട് ദിവസം നിന്നിട്ടാ ഈ വന്നേക്കുന്നെ…. ഹാ…. ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ.. എന്നാ വേണേലും കാണിക്കാം… പോരാത്തേന് സിറ്റിയും… അവസാനം വല്ലതും പറ്റിയിട്ട് നമ്മടെ തലയില് എങ്ങാനും ആകുവോ ആവോ… ഓരോരോ വൃത്തികെട്ടവളുമാര്….”

“അമ്മച്ചി ഒന്ന് മിണ്ടാതിരുന്നേ…..”

റീന അവരെ ചീത്ത പറയുന്നത് കേട്ടു…
തലയിൽ കൂടം വെച്ച് അടിച്ചത് പോലെ തോന്നി ദീപുവിന്… അവരുടെ വാക്കുകൾ… അവ വല്ലാതെ നോവിക്കുന്നു..
ഒന്ന് നിന്നിട്ട് തിരിഞ്ഞു നോക്കിയതും റീന അവളോട് ജാള്യതയോടെ ചിരിച്ചിട്ട് അവരെ പിടിച്ചു വലിച്ചു കൊണ്ട് പോകുന്നത് കണ്ടു…. അവർ അകത്തേക്ക് കയറി പോകും വരെ നോക്കി നിന്നു…. പിന്നെ പടികൾ കയറി മുകളിലേക്ക് പോയി….

റൂം തുറന്നു അകത്തേക്ക് കയറുമ്പോൾ വല്ലാതെ മടുത്തു പോയിരുന്നു മനസ്സ്….. മുറിയിൽ നിറഞ്ഞു നിൽക്കുന്ന നിശബ്ദത അലോസരപ്പെടുത്തി…. വീണ്ടും ഒറ്റപ്പെടലിന്റെ വേദന….

എങ്ങനെ ഒക്കെയോ ഒന്ന് കുളിച്ചു ഇറങ്ങി ബെഡിലേക്ക് കിടന്നു… വെള്ളം ദേഹത്തു ഒട്ടിപ്പിടിക്കും പോലെ തോന്നി.. മനസ് മടുപ്പിക്കുന്ന ഒരു ഗന്ധം…. മനസ് പോലെ ശരീരവും മൂടികെട്ടിയത് പോലെ ആയി തോന്നി…
കഴിയ്ക്കാൻ അമ്മ കൊടുത്തു വിട്ട ചോറ് ഉണ്ടായിരുന്നു… പക്ഷേ കഴിക്കാൻ തോന്നിയില്ല…. വിശപ്പ് കെട്ട് പോയത് പോലെ… റൂമിലെ ഫ്രിഡ്ജിലേക്ക് അതെടുത്തു വെച്ച് ഒരിടത്തു കിടന്നു ഫോൺ എടുത്തു നോക്കി…. വാട്സ് അപ്പ്‌ എടുത്തു അനൂന് മെസ്സേജ് വിട്ടു…. എത്തി  എന്ന്… അവിടെ കണ്ടെന്നു മനസ്സിലായി… കാത്തിരിക്കുകയായിരുന്നു എന്ന് തോന്നുന്നു… അപ്പൊ തന്നെ അവളുടെ call വന്നു….. ചോദിക്കുന്നതിനൊക്കെ മറുപടി പറയുന്നുണ്ടെങ്കിലും ഉള്ളിലെ സങ്കടം അവൾ അറിയാതിരിക്കാൻ ശ്രമിച്ചു…. ഗൗതമിന്റെ അമ്മയുടെ അടുത്തും സംസാരിച്ചിട്ടാണ് ഫോൺ വെച്ചത്…. അത്‌ കഴിഞ്ഞ് 
ഗാലറി ഓപ്പൺ ചെയ്തപ്പോൾ അനുവും ഗീതുവും ഒക്കെ ആയി എടുത്ത സെൽഫികൾ തെളിഞ്ഞു വന്നു… ഉത്സവ പറമ്പിൽ വെച്ചും  പാടത്തും പറമ്പിലും ഒക്കെ വെച്ചും എടുത്തത്…. എല്ലാത്തിലും തന്റെ മുഖത്ത് ചിരിയാണ്… മനസ്സറിഞ്ഞു താൻ ചിരിച്ചത് ഈ രണ്ട് ദിവസമാണ്…..
ഇടക്കൊരു ഫോട്ടോയിൽ ശിങ്കാരി മേളത്തിന് ചെണ്ട കൊട്ടുന്ന ഗൗതം… ഗീതു സെൻറ് ചെയ്തതാണ്… കുറച്ചു നേരം കണ്ണുകൾ ആ ഫോട്ടോയിൽ തന്നെ തറഞ്ഞു നിന്നു…. പിന്നെ വീണ്ടും മറ്റുള്ളവരുമായി ഒക്കെ നിന്നു എടുത്ത ഫോട്ടോകളിലേക്ക് കണ്ണ് പതിപ്പിച്ചു…. ഇടയ്ക്ക് എപ്പോഴോ കണ്ണുകൾ നിറഞ്ഞു അവ മാഞ്ഞു പോകുന്നത് പോലെ….

അനാഥത്വത്തിന്റെ കയ്പ്പ് നീർ ഇപ്പോഴാണ് ദീപു ശെരിക്കും രുചിയ്ക്കാൻ തുടങ്ങിയത്…………..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button