Kerala

രാഹുൽ ഗാന്ധിക്ക് സീറ്റ് പിൻനിരയിൽ; ജനാധിപത്യം അപമാനിക്കപ്പെട്ടെന്ന് രമേശ് ചെന്നിത്തല

പ്രതിപക്ഷ നേതാവിനെ പിൻസീറ്റിലിരുത്തുമ്പോൾ അപമാനിക്കപ്പെടുന്നത് ജനാധിപത്യമാണെന്ന് രമേശ് ചെന്നിത്തല. ഇന്ത്യയുടെ മഹത്തായ 78ാം സ്വാതന്ത്ര്യ ദിനാഘോഷ വേളയിൽ ഇത്തരമൊരു അപമാനത്തിന് കളമൊരുക്കിയ കേന്ദ്രസർക്കാർ ജനാധിപത്യ മൂല്യങ്ങൾക്കു പുല്ലുവില പോലും കൽപിക്കുന്നില്ലെന്നു വീണ്ടും തെളിയിക്കുന്നു.

അടൽ ബിഹാരി വാജ്പേയി ഭരിച്ച അഞ്ചു വർഷവും പ്രതിപക്ഷ നേതാവായിരുന്ന സോണിയ ഗാന്ധിക്കു സ്വാതന്ത്ര്യ ദിനാഘോഷചടങ്ങുകളിൽ മുൻനിരയിൽ സീറ്റു നൽകിയ പാരമ്പര്യമാണ് മോദി സർക്കാർ ഇപ്പോൾ തകർത്തെറിഞ്ഞത്. വാജ്പേയിയുടെ ബി.ജെ.പിയിൽ നിന്ന് അധികാര ദുര പൂണ്ട മോദി-ബിജെപിയിലേക്കുള്ള ദൂരമാണ് ഇത് കാണിക്കുന്നത്. ഈ അപമാനത്തിൽ ജനാധിപത്യ ഇന്ത്യ പ്രതിഷേധിക്കേണ്ടതുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

78 -മത് സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ചെങ്കോട്ടയിൽ ഇരിപ്പിടം നാലാം നിരയിയിലായിരുന്നു. കേന്ദ്രമന്ത്രിമാർക്കും വിശിഷ്ടാതിഥികൾക്കും പിന്നിലാണ് രാഹുൽ ഗാന്ധിക്ക് സീറ്റ് നൽകിയത് എന്ന് ചൂണ്ടിക്കാട്ടിയാണ് സമൂഹ മാധ്യമങ്ങളിലടക്കം വിമർശനം ഉയരുന്നത്. ലോക്‌സഭ പ്രതിപക്ഷ നേതാവിനെ പ്രോട്ടോകോൾ പ്രകാരം ആദ്യ നിരയിലാണ് ഇരിക്കേണ്ടത്.

 

Related Articles

Back to top button