കള്ളപ്പണം തടയൽ: പണമിടപാടുകൾക്ക് നിയന്ത്രണം വരുന്നു
കള്ളപ്പണം തടയുകയും തീവ്രവാദ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള നിയമവിരുദ്ധ, രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് പണം ലഭ്യവാക്കുന്നത് തടയുകയും ലക്ഷ്യമിട്ടാണ് പുതിയ നീക്കം.
കുവൈത്ത് സിറ്റി: വൻതുകകളുടെ കൈമാറ്റങ്ങൾക്ക് കുവൈത്തിൽ നിയന്ത്രണം വരുന്നു. കാർ വിൽപ്പന ഉൾപ്പെടെയുള്ള പ്രത്യേക മേഖലകളിൽ 1,500 കുവൈറ്റ് ദിനാറിൽ കൂടുതലുള്ള പണമിടപാടുകൾ നിരോധിക്കുന്ന പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് കുവൈറ്റ് ഭരണകൂടം തയാറെടുക്കുന്നത്. കള്ളപ്പണം തടയുകയും തീവ്രവാദ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള നിയമവിരുദ്ധ, രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് പണം ലഭ്യവാക്കുന്നത് തടയുകയും ലക്ഷ്യമിട്ടാണ് പുതിയ നീക്കം.
കാർ ഡീലർഷിപ്പുകളും കമ്പനികളും റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളും ഉൾപ്പെടെ 1,500 ദിനാറിൽ കൂടുതൽ തുകയ്ക്കുള്ള പണമിടപാടുകൾ നടത്തുമ്പോൾ അത് ഇലക്ട്രോണിക് പേയ്മെന്റ് രീതികളിലൂടെ, പ്രത്യേകിച്ച് കെ-നെറ്റ് വഴി ആയിരിക്കണമെന്ന് വ്യവസ്ഥ ചെയ്യാനാണ് അധികൃതരുടെ ആലോചന. ഇക്കാര്യത്തിൽ കുവൈത്ത് സെൻട്രൽ ബാങ്കും വാണിജ്യ മന്ത്രാലയവും തമ്മിൽ ചർച്ചകൾ നടക്കുന്നതായി പ്രമുഖ മാധ്യമമായ അൽ റായ് അറബിക് പത്രം റിപ്പോർട്ട് ചെയ്തു.
നിയന്ത്രണങ്ങൾ യാഥാർഥ്യമായാൽ രാജ്യത്ത് നടക്കുന്ന പണത്തിന്റെ ഇടപാടുകളിലെല്ലാം പൂർണ്ണമായ സാമ്പത്തിക സുതാര്യത ഉറപ്പുവരുത്തനാവുമെന്നും ഇതിനാണ് പുതിയ നിയന്ത്രണങ്ങൾക്ക് ഒരുങ്ങുന്നതെന്നുമാണ് വാണിജ്യ, വ്യവസായ മന്ത്രാലയം വ്യക്തമാക്കുന്നത്. ആഗോള സാമ്പത്തിക സുസ്ഥിരതയ്ക്കും സുസ്ഥിര വികസനത്തിനും വലിയ ഭീഷണിയായ കള്ളപ്പണം വെളുപ്പിക്കൽ പരിഹരിക്കുന്നതിനുള്ള വാണിജ്യ മന്ത്രാലയത്തിന്റെ വിപുലമായ തന്ത്രത്തിന്റെ ഭാഗമാണ് ഈ സംരംഭമെന്ന് വാണിജ്യ മന്ത്രി എൻജിനീയർ ഉമർ അൽ ഉമർ അഭിപ്രായപ്പെട്ടു. കള്ളപ്പണം വെളുപ്പിക്കൽ സാമ്പത്തിക മേഖലയെ ദുർബലപ്പെടുത്തുകയും വാണിജ്യ, സാമ്പത്തിക, ബാങ്കിംഗ് മേഖലകൾക്ക് ഭീഷണിയായി മാറുകയും ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.