Novel

അച്ചായന്റെ സ്വന്തം ആമി ❤️❤️: ഭാഗം 44

രചന: രഞ്ജു ഉല്ലാസ്

ഡെന്നിസിനോട് ഒത്തു ഉണരുന്ന ഓരോ പുലരിയും ആമിയ്ക്ക് പുതുമ നിറഞ്ഞത് ആയിരുന്നു.

അവന്റെ നെഞ്ചോട് ചേർന്ന് ഉറങ്ങുമ്പോൾ കിട്ടുന്ന സുഖം…ആ സുരക്ഷിതത്തം,
അതായിരുന്നു ആമിക്ക് അവളുടെ ജീവിതത്തിൽ കിട്ടുന്ന ഏറ്റവും വലിയ സന്തോഷം..

ഏത് ആപത്തിൽ പെട്ടാലും ഇച്ചായൻ തന്നെ രക്ഷപെടുത്തും എന്ന് അവൾക്ക് വിശ്വാസം ആയി.. അത് അങ്ങനെ തന്നെ തുടരുകയും ചെയ്തു.

വിവാഹം കഴിഞ്ഞു ഇന്ന് നാലാം നാൾ ആണ്.

തലേ രാത്രിയിൽ മുഴുവനും ഡെന്നിസിനോട് തന്റെ ബാല്യത്തെ കുറിച്ചു പറഞ്ഞു പറഞ്ഞു എപ്പോളാണ് ഒന്ന് കണ്ണടച്ചത് എന്ന് പോലും ആമിക്ക് അറിയില്ലായിരുന്നു.

അതുകൊണ്ട് ഉണരാനും അന്ന് വൈകി.

മിഴികളിൽ വെളിച്ചം വന്നു തുടങ്ങിയപ്പോൾ ഇമകൾ ചിമ്മി തുറന്നു അവൾ എഴുന്നേറ്റു.
അരികിൽ അപ്പോൾ ഡെന്നിസ് ഇല്ലായിരുന്നു.

ചുറ്റിനും ഒന്ന് നോക്കി കൊണ്ട് ആമി വേഗം വാഷ് റൂമിലേക്ക് പോയി.
കുളിയും പല്ല് തേപ്പും ഒക്കെ വേഗം നടത്തിയിട്ട് അടുക്കളയിലേക്ക് ഓടിയപ്പോൾ അവിടമാകെ നിറഞ്ഞു നല്ല ഫിൽറ്റർകോഫിയുടെ നറു മണം.

ഇച്ചായാ…..

ആഹ് എഴുന്നേറ്റോ എന്റെ പൊണ്ടാട്ടി..

ഹ്മ്മ്… ഇന്ന് ഇത്തിരി ലേറ്റ് ആയില്ലേ.

ഇത്തിരി അല്ല, കൃത്യമായി പറഞ്ഞാലുണ്ടല്ലോ എന്നും 5മണിക്ക് എഴുന്നേറ്റു വരുന്ന ആമിക്കൊച്ചു ഇന്ന് 3.30മണിക്കൂർ ലേറ്റ് ആയി.

സ്റ്റീൽ കപ്പിൽ നിന്നും ചില്ലു ഗ്ലാസ്സിലേക്ക് പതഞ്ഞു ഒഴുകി പൊന്തി വരുന്നുണ്ട് ഡെന്നിസ് ഉണ്ടാക്കിയ ഫിൽറ്റർ കോഫി.

വലതു കവിൾത്തടം ഒന്ന് ഉയർത്തി പുഞ്ചിരിച്ചു കൊണ്ട് ആമി അവൻ നീട്ടിയ കാപ്പി മേടിച്ചു.

ഇരുവരും കൂടെ ഒന്നിച്ചു ഇരുന്നു കാപ്പി കുടിച്ചത്.

ഇന്ന് തോട്ടത്തിലേക്ക് ഒന്ന് പോണം, പണിക്കാർക്ക് പൈസ കൊടുക്കേണ്ട ദിവസം ആണ്..

കാലത്തെ പോണോ ഇച്ചായ, അതോ?

പത്തു പതിനൊന്നു മണി യായിട്ട് ഇറങ്ങിയാൽ മതിടി… പെട്ടന്ന് തിരിച്ചു വരാം.നീയും കൂടി പോരേ.

ഓഹ് ഇല്ല ഇച്ചായ,, എനിക്ക് മടിയാ, ഇച്ചായൻ പോയിട്ട് താമസിയാതെ എത്തിയാൽ മതി.

ഹ്മ്മ്… ഏകദേശം മൂന്നു മണി ഒക്കെ ആകുമ്പോൾ തിരിച്ചു വരും…ബാങ്കിൽ ചെന്നിട്ട് പൈസ എടുക്കാനുണ്ട്..

അപ്പോളേക്കും കേട്ടു ഡെന്നിസിന്റെ ഫോൺ ചിലയ്ക്കുന്നത്

കാപ്പി കുടിച്ചു കൊണ്ട് തന്നെ അവൻ എഴുന്നേറ്റു ഫോൺ എടുക്കാനായി പോയി.

ആമി ആണെങ്കിൽ പതിയെ മുറ്റത്തേക്ക് ഇറങ്ങി… തലേ ദിവസം ചെറിയ മഴ പെയ്തതിനാൽ നിറയെ ഇലകൾ വീണു കിടപ്പുണ്ട്.ഒരറ്റം മുതൽ തുടങ്ങി
എല്ലാം അടിച്ചു വാരി  കളഞ്ഞു.

കയ്യും കാലും ഒക്കെ പൈപ്പിന്റെ ചോട്ടിൽ പോയി കഴുകി.

കുറച്ചു കറിവേപ്പില നുള്ളി എടുത്തു കൊണ്ട് അടുക്കളയിലേക്ക് കയറി വന്നു.
കാലത്തെ കാപ്പിയ്ക്ക് ഉള്ള ദോശമാവ് പുളിച്ചു പൊന്തി പാകം ആയിട്ട് ഇരിപ്പുണ്ട്..

ആമി അതിൽ നിന്നും ആവശ്യം പോലെ കോരി ഒഴിച്ചു കുറേശെ ചുട്ടെടുത്തു ഹോട് ബോക്സിൽ വെച്ചു അടച്ചു.

നാളികേരം എടുത്തു ചിരകി, വറ്റൽ മുളക് ചുട്ടെടുത്തു ഉള്ളിയും കല്ലുപ്പും ചേർത്തു അരച്ച് നല്ല ചമ്മന്തി ഉണ്ടക്കി കടുകും കറിവേപ്പിലയും താളിച്ചു വെച്ചു..

എന്നിട്ട് എല്ലാം കൊണ്ടുപോയി ഊണ് മേശയുടെ പുറത്തു നിരത്തി.

ഇച്ചായാ….

സിറ്റ്ഔട്ട്‌ഇൽ ഇരിക്കുന്ന ഡെന്നിസിനെ നോക്കി അവൾ വിളിച്ചു.

എന്നതാടി ക്കൊച്ചേ,,,

ബ്രേക്ക്‌ ഫാസ്റ്റ് ആയിട്ടുണ്ട്..

ഹ്മ്മ്.. വരുവാടി, ഈ പേപ്പർ ഒന്ന് വായിച്ചു തീർക്കട്ടെ..
അവൻ മറുപടിയും കൊടുത്തു.

ആമിക്കൊച്ചേ . ഓക്കേ ആയില്ലെടി ഇതേ വരെ ആയിട്ടും…ദിവസം കുറെ ആയല്ലോ

ദോശ ഒരു കഷ്ണം മുറിച്ചു എടുത്തു ചമ്മന്തിയുടെ ആഴപരപ്പിലേക്ക് ഒന്ന് മുക്കി പൊക്കി എടുത്തു  വായിലേക്ക് വെക്കുമ്പോൾ ആണ് ഡെന്നിസ് ആ ചോദ്യം ചോദിച്ചത്.

ആമി ചുളിഞ്ഞ നെറ്റിയോട് കൂടി അവനെ ഒന്ന് മുഖം ഉയർത്തി നോക്കി.

“ഒരാഴ്ച ആയി, അതുകൊണ്ട് ചോദിച്ചതാ,”

അപ്പോളാണ് ആമിക്ക് സത്യത്തിൽ കാര്യം പിടി കിട്ടിയത്.

“ആഹ്, അതാരുന്നോ, ഇനി രണ്ടു മൂന്നു ദിവസം കൂടി കഴിയണം ഇച്ചായ.അപ്പൊ ഓക്കേ ആകു..”

അതിനു ശേഷം ഒന്നും പറയാതെ കൊണ്ട് ഡെന്നിസ് ഭക്ഷണം മുഴുവൻ കഴിച്ചു തീർത്തു.

***

പതിനൊന്നു മണി ആയപ്പോൾ  ആമിയോട് യാത്ര പറഞ്ഞു ഡെന്നിസ് തോട്ടത്തിലേയ്ക്ക് പോയിരുന്നു..

അതിനു മുന്നേ സകല ജോലികളും അവൾ തീർത്തിരുന്നു.

സാമ്പാറും, പച്ച പയറു തോരൻ വെച്ചതും, മാങ്ങാ അച്ചാറും ആയിരുന്നു കറികൾ. പിന്നെ ഡെന്നിസിനു വേണ്ടി മീൻ അരച്ച് തിരുമ്മി അവൻ ഫ്രിഡ്ജിൽ വെച്ചിട്ടുണ്ട്.

വന്നു കഴിഞ്ഞു അവൻ തന്നെ എടുത്തു അത് പൊരിച്ചുകൊള്ളും.

ആരൊക്ക വന്നു വിളിച്ചാലും വാതിലു തുറക്കരുത് എന്നാണ് ഡെന്നിസ് ആമിക്ക് കൊടുത്ത നിർദ്ദേശം.

നല്ല പേടി ഉണ്ടെങ്കിൽ പോലും ഇച്ചായൻ തന്നെ കൈ വെടിയുകില്ല എന്ന ഉറച്ച വിശ്വാസത്തിൽ ആമി മുറിയ്ക്കകത്തു ഇരുന്നു.

ഏകദേശം ഒരു മണി ആയപ്പോൾ ഒരു വാഹന വന്നു വീട്ടു മുറ്റത്തു നിൽക്കുമ്പോലേ ആമിക്ക് തോന്നി.

അവള് പെട്ടന്ന് എഴുന്നേറ്റു ജനാലയിൽ കൂടി നോക്കി.

അത് ഡെന്നിസ് ആയിരുന്നു.

ആമി വേഗം തന്നെ വാതില് തുറന്നു വെളിയിലേക്ക് ഇറങ്ങി ചെന്നു.

തിടുക്കത്തിൽ ഡെന്നിസ് വരുന്നുണ്ടായിരുന്നു.

“എന്ത് പറ്റി ഇച്ചായ…”

അവന്റെ മുഖത്തെ പരിഭ്രാമം കണ്ടു ആമി ചോദിച്ചു.

“അപ്പന് പെട്ടന്ന് ഒരു നെഞ്ചു വേദന വന്നെന്ന്, ഹോസ്പിറ്റലിൽ ആണ്… ”

അകത്തേക്ക് കയറി ചെന്നു അലമാര തുറന്നു 500ന്റെ ഒരു കെട്ടു എടുത്തു അരയിൽ തിരുകി കൊണ്ട് അവൻ  ആമിയിടെ അടുത്തേക്ക് വന്നു.

“കൊച്ചേ, നീ പേടിക്കണ്ട, ഇച്ചായൻ വരാൻ ചിലപ്പോൾ ലേറ്റ് ആകും, അറിയാല്ലോ ഹോസ്പിറ്റൽ കേസ് ആണ്, പിന്നെ കോട്ടയത്തേക്ക് ആണ് അപ്പനെ കൊണ്ട് പോകുന്നത്., എന്നതാ, എന്താ ഒന്നും എനിക്ക് അറിയില്ല, ആകെ കൂടി തലക്ക് പെരുപ്പ് കേറി, തിരിച്ചു അവിടെ നിന്നും വണ്ടി ഓടിച്ചു ഇങ്ങു എത്തണ്ടേ…എപ്പോ വരും എന്നൊന്നും എനിക്ക് നിശ്ചയം ഇല്ല… നീയ് ആരൊക്കെ വന്നു വിളിച്ചാലും ഇറങ്ങിയേക്കരുത് കേട്ടോ…”

“ഇച്ചായൻ പോയിട്ട് വാ, ഞാൻ ഇവിടെ സേഫ് ആയിട്ട് ഇരുന്നോളാം,ആദ്യ അപ്പച്ചന്റെ കാര്യം ഓക്കേ ആകട്ടെ, എന്നിട്ട് അല്ലേ ബാക്കി ”

“എന്നാലും നിന്നെ ഇവിടെ ഒറ്റയ്ക്ക് ആക്കി പോകാൻ ധൈര്യം ഇല്ലടി…. മനസ് കൈ വിട്ടു പോകുവാ.. ഒന്നും മേലാത്ത അവസ്ഥ ആയി പോയി ”

“കുഴപ്പമില്ലന്നെ, പോയിട്ട് വാ, ഇടയ്ക്ക് ഒക്കെ എന്നേ ഒന്ന് വിളിച്ചാൽ മതി കേട്ടോ ”

കാലുകൾ പൊന്തിച്ചു എത്തി വലിഞ്ഞു അവന്റെ ഇരു കവിളിലും ഓരോ ഉമ്മ കൊടുക്കുമ്പോൾ ആമിയുടെ നെഞ്ചു പൊട്ടി പോകും പോലെ ആയിരുന്നു.

അവന്റെ മുന്നിൽ കരയാതെ ആ പാവം പിടിച്ചു നിന്നു.

താമസിയാതെ ഡെന്നിസ് യാത്ര പറഞ്ഞു ഇറങ്ങി പോകുകയും ചെയ്തു.

വാതിൽ എല്ലാം കുറ്റി ഇട്ടു അടച്ച ശേഷം ആമി ചുവരിലൂടെ ഊർന്ന് ഇറങ്ങി.

കാൽ മുട്ടിൽ മുഖം പൂഴ്ത്തി ഇരുന്നു പൊട്ടി കരഞ്ഞു……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button