Novel

ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 26

രചന: റിൻസി പ്രിൻസ്‌

നീയും ശ്വേതയും  തമ്മിൽ എന്തെങ്കിലും ഇടപാടുണ്ടോ..?

ഒരു ആമുഖങ്ങളും ഇല്ലാതെ അവൻ ആദ്യം ചോദിച്ച ചോദ്യം അതായിരുന്നു. ഒരു നിമിഷം റിയ ഒന്ന് പകച്ചു പോയിരുന്നു.  അവളുടെ മൗനം അവനെ വീണ്ടും സംശയത്തിന്റെ ആഴങ്ങളിലേക്ക് തന്നെ കൊണ്ടുചെന്നെത്തിച്ചു.

” ഇ…ഇല്ല…  എന്താ ഇപ്പോൾ അങ്ങനെ തോന്നാൻ…

അവൾ വിക്കി വിക്കി അവനോട് ചോദിച്ചു,

“സത്യം പറയണം…

അവൻ വീണ്ടും ഗൗരവത്തിൽ ചോദിച്ചു,

” സത്യമായിട്ടും ഇല്ല.
ചേട്ടായിക്ക് അങ്ങനെയൊരു സംശയം തോന്നാൻ  എന്താണ് കാരണം…

അവൾ ചോദിച്ചു

” നിന്റെ കയ്യില് അവൾ എന്തെങ്കിലും തന്നു വിട്ടിട്ടുണ്ടോ…?

സാം അങ്ങനെ ചോദിച്ചപ്പോൾ വിറച്ചു പോയിരുന്നു അവൾ ,

“ഓ അതാണോ, അവൾ ടൂർ പോയിട്ട് വന്നപ്പോൾ  കുറച്ച് സ്വീറ്റ്സ്  തന്നുവിട്ടിരുന്നു

“എന്തിന്?

” അത് പിന്നെ ജെസ്സി ആന്റിക്ക് കൊടുക്കാനാണെന്ന് പറഞ്ഞത്,

പെട്ടെന്ന് വായിൽ വന്ന ഒരു കള്ളം റിയ പറഞ്ഞു.

അവന് അല്പം സമാധാനം തോന്നിയിരുന്നു, ഭയന്നത് പോലെ ഒന്നുമില്ല. ശ്വേതയും ജെസ്സിയും തമ്മിൽ അടുപ്പത്തിലാണ് എന്ന് അവൻ അറിയാമായിരുന്നു,  അതുകൊണ്ടു തന്നെ റിയ പറഞ്ഞത് കള്ളമാവില്ലന്ന് അവന് തോന്നിയിരുന്നു,

“മമ്മിയ്ക്ക് കൊടുക്കാനുള്ള സ്വീറ്റ്സ് നിന്റെ കയ്യിൽ എന്തിനാ അവൾ തന്നു വിടുന്നത്..?

അവൻ വീണ്ടും സംശയം തീരാതെ ചോദിച്ചു.

” അത് പിന്നെ നമ്മൾ തമ്മിൽ കൂട്ടുകാരാണെന്ന് അവൾക്കറിയാമല്ലോ, അനീറ്റ  പറഞ്ഞിട്ട്,

”   നീ പറയുന്നതൊക്കെ എന്തൊക്കെ പൊരുത്തക്കേട് എനിക്ക് തോന്നുന്നുണ്ട്, അവളുമായിട്ട് നിനക്ക് ഒരു കമ്പനിയില്ലെങ്കിൽ പിന്നെ മമ്മിക്ക് കൊടുക്കാനുള്ള മധുരം നിന്റെ കയ്യിൽ അവളെന്തിനാ തന്നു വിടുന്നത്..?

”  അത് ചേട്ടായി വിചാരിക്കുന്നത് പോലെ ഒന്നുമില്ല, ഞാനും ആന്റിയും എല്ലാ ദിവസവും വൈകുന്നേരം പള്ളി വച്ച് കാണുമെന്ന് അവൾക്ക് അറിയാം.  അതുകൊണ്ടാവും പിന്നെ നേരിട്ട് ആന്റിയ്ക്ക് കൊടുക്കാൻ ഒരു ചളിപ്പ് കാണും,

” അത്രയേ ഉള്ളൂ…?

അവൻ ഒരിക്കൽക്കൂടി ഊന്നി ചോദിച്ചു.

“‘അത്രേയുള്ളൂ ചേട്ടായി,  ഞാനെന്തിനാ കള്ളം പറയുന്നത്. മാത്രമല്ല അവളെ കാണുന്നതുപോലും എനിക്കിഷ്ടമല്ല,  ചേട്ടായിയെ ഇഷ്ടമാണെന്ന് പറഞ്ഞ ഒരാളെ ഇഷ്ടപ്പെടാൻ എനിക്ക് സാധിക്കുമോ.?  അങ്ങനെയുള്ള അവളോട്   ചേട്ടായി ഇനി കമ്പനി കൂടാൻ പറഞ്ഞാൽ പോലും ഞാൻ ഒരു കമ്പനിക്ക് നിൽക്കില്ല.

അവൾ അങ്ങനെ പറഞ്ഞപ്പോൾ അവനത് വിശ്വസിക്കാതിരിക്കാൻ തോന്നിയില്ല.

“എന്നിട്ട്  ആ സ്വീറ്റ് എന്ത് ചെയ്തു.?

”  വരുന്ന വഴിക്ക് തന്നെ കളഞ്ഞു.

” എന്തിനാ കളഞ്ഞത്,  കാശുമുടക്കി വാങ്ങിയതല്ലേ, കഷ്ടം..! നിനക്ക് മമ്മീടെ കൈയ്യിൽ കൊടുക്കാരൂന്നില്ലേ അവൾ തന്നാണെന്ന് പറഞ്ഞിട്ട്, അല്ലെങ്കിൽ നിനക്ക് കഴിച്ചൂടെ,

“എനിക്ക് വേണ്ട…! പിന്നേ അവൾ അങ്ങനെ ആന്റിയുടെ ഗുഡ് സർട്ടിഫിക്കറ്റ് ബുക്കിൽ കയറണ്ട,

”  അതിനൊന്നും ആവില്ല അവള് ടൂറിനു പോകുന്ന സമയത്ത് കുറച്ചു പണം  മമ്മി കൊടുത്തിരുന്നു,  അതിന്റെ ഒരു ഓർമ്മയ്ക്ക് വാങ്ങിയിട്ട് വന്നതാവും…

”  ഓ അങ്ങനെയുള്ള സംഭവമൊക്കെ നടന്നിരുന്നോ…?എന്നിട്ട് ചേട്ടായി പറഞ്ഞില്ലല്ലോ…

പെട്ടെന്ന് അവളുടെ സ്വരത്തിൽ നീരസം നിറഞ്ഞു,

” അവളുടെ അമ്മയെ വലിയ കാര്യാ മമ്മിയ്ക്ക്, ഇവിടുത്തെ ജോലി ചെയ്യുന്നത് ആ ആന്റി ആണ്.  അതുമാത്രമല്ല ചെറുപ്പത്തിലെ അവളുടെ പപ്പ മരിച്ചതല്ലേ, അതുകൊണ്ട് മമ്മിക്ക് വലിയ കാര്യാ,  പിന്നെ മമ്മിയുടെ കൂട്ടുകാരി അല്ലേ ബീന ആന്റി, അവരാണ് അവളുടെ ക്ലാസ്സ്‌ ടീച്ചർ, അവൾ നന്നായിട്ട് പഠിക്കുമെന്ന് മമ്മിയോട് പറയാറുണ്ട്, മമ്മിയ്ക്ക് അങ്ങനെ ഉള്ള കുട്ടികളെ ഇഷ്ടം ആണ്. ബുദ്ധിമുട്ടും കഷ്ടപ്പാടും ഉണ്ടെങ്കിൽ കുട്ടികൾ നന്നായിട്ട് പഠിക്കുമെന്നും  ആ കുട്ടിയെ കണ്ടു പഠിക്കണം എന്ന് ഒക്കെ ഇടയ്ക്ക് ശ്വേതയോട് പറയും..

“ഓ ആന്റിക്ക് അവളെ വലിയ ഇഷ്ടമാണ്, അതാണ് അവൾ മരുമകൾ ആകാൻ ഇങ്ങനെ കൊതിക്കുന്നത്…

പുച്ഛം കലർത്തി റിയ പറഞ്ഞു..

”  നീ ചുമ്മാതെ ഇരിക്ക്, വേണ്ടാത്ത കാര്യമൊക്കെ എന്തിനാ പറയുന്നത്,  അതും ഇതും തമ്മിൽ ഒരു ബന്ധവുമില്ല.  ഇത് ആ പ്രായത്തിന്റെ പ്രശ്നമാണെന്ന് ഞാൻ നിന്നോട് പറഞ്ഞില്ലേ.?  അത് കുറച്ചുനാൾ കഴിയുമ്പോൾ ഉണ്ടാവില്ല.  അതിന്റെ പേരിൽ നീ ആ കുട്ടിയെ ഒരു ശത്രുവായിട്ട് കാണേണ്ട കാര്യമില്ല. കൂടുതൽ കമ്പനിക്കും പോവണ്ട.

സാം പറഞ്ഞു..

” അല്ല ഞാൻ അവളോട് കമ്പനിക്ക് പോണ്ടാന്ന് പറയുന്നതിന്റെ അർത്ഥം എന്താ..?  ഇനി  നമ്മൾ തമ്മിൽ ഇഷ്ടത്തിലാണെന്നുള്ള കാര്യം അവൾ അറിയുമെന്ന് പേടിയുണ്ടോ ചേട്ടായിക്ക്.

” എനിക്കെന്തു  പേടി… എനിക്ക് ഒരു പേടിയുമില്ല ഞാൻ വേണമെങ്കിൽ അവളോട് പറയാം നമ്മൾ തമ്മിൽ ഇഷ്ടത്തിലാണെന്ന്, ഞാൻ നിന്നെ പ്രൊട്ടക്ട് ചെയ്യാൻ വേണ്ടിയാണ് നോക്കുന്നത്.  ആരെങ്കിലും പറഞ്ഞു നിന്റെ വീട്ടിൽ ഇത് അറിഞ്ഞാൽ അത് വിചാരിച്ചിട്ടാണ് ഞാൻ കൂടുതൽ കമ്പനിക്ക് പോകണ്ടന്ന് പറഞ്ഞത്.  കൊച്ചുകുട്ടിയാണ് അവൾ എന്തെങ്കിലും ഒരു ക്ലൂ കിട്ടിയാൽ അവളുടെ മനസ്സിൽ അത് അങ്ങനെ കിടക്കുകയാണെങ്കിൽ ആരോടെങ്കിലും പറഞ്ഞാൽ അത് നിനക്ക് ആണ് പ്രശ്നം ആവുന്നത്. അല്ലാതെ ഞാൻ എന്തിനാ നിന്നെ പേടിക്കുന്നത്..?  അല്ലെങ്കിൽ ഞാനും അവളും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടെന്ന് നിനക്ക് സംശയമുണ്ടോ…?  ഞാനത് നീ അറിയാതിരിക്കാൻ വേണ്ടിയാണ് നിങ്ങൾ തമ്മിൽ കമ്പനി ആവണ്ടന്ന് പറഞ്ഞതെന്ന് ആണോ…?

സാമിന് ദേഷ്യം വന്നിരുന്നു…

” അതൊന്നും എനിക്കില്ല,  എങ്കിലും ഇടയ്ക്കിടയ്ക്ക് പറയുമ്പോൾ ഒരു വിശ്വാസക്കുറവ്…

” വിശ്വാസമാണ് റിയാ ഒരു ബന്ധത്തിന്റെ ഏറ്റവും വലിയ അടിസ്ഥാനം എന്നു പറയുന്നത്.  ഞാൻ നീ അവളോട് കമ്പനി കൂടണ്ടന്ന് പറഞ്ഞതിന്റെ ഒന്നാമത്തെ റീസൺ നീ അവളോട് സംസാരിച്ചാലും അത് ആത്മാർത്ഥമായി ആയിരിക്കില്ല.  മനസ്സിൽ ശത്രുത വെച്ചിട്ടാവും, അങ്ങനെ ഒരാളോട് സംസാരിക്കാതിരിക്കുന്നതല്ലേ നല്ലത്. ഇനി രണ്ടാമത്തെ കാര്യം നമ്മൾ  ഭാവിയിൽ കല്യാണം കഴിക്കുമ്പോൾ ഈ വാർത്ത അറിയുമ്പോൾ അവളെ നീ ചതിച്ചു എന്ന് അവൾക്ക് തോന്നും.  അത്രയും കാലം ചിരിച്ച് അവളുടെ കൂടെ നടന്നിട്ട് അവൾ സ്നേഹിച്ച ആളിനെ തന്നെ നീ വിവാഹം കഴിക്കുമ്പോൾ അത് നിന്നോടുള്ള വെറുപ്പിന് കാരണവും  ആകും, നിന്നെ ആരും വെറുക്കുന്നത് എനിക്കിഷ്ടമല്ല…

അവന്റെ വാക്കുകളിൽ നിറഞ്ഞുനിന്നിരുന്ന ആത്മാർത്ഥത റിയയുടെ മനസ്സിൽ ഒരു സന്തോഷം നിറച്ചിരുന്നു.

“അപ്പൊൾ ശരി, നാളെ വിളികാം…

” എന്താ പെട്ടെന്ന് വെക്കുന്നേ?

കാതരമായി അവൾ ചോദിച്ചു

”  ഇന്ന് വൈകിട്ട് കൂട്ടുകാർ എല്ലാവരും കൂടെ സിനിമയ്ക്ക് പോവാ. ഞാനും പോകുന്നുണ്ട്,  റെഡിയാകാൻ പോവാ,

“‘എങ്കിൽ പിന്നെ ഞാൻ ബർത്തഡേ ഗിഫ്റ്റ് ആയിട്ട് തന്നാ ഷർട്ട്‌ ഇടാമോ.. മ്?

കൊഞ്ചികൊണ്ട് അവൾ ചോദിച്ചു,

” ശരി മേടം,  നിന്റെ ആഗ്രഹം പോലെ ആവട്ടെ…

അവൻ ഫോൺ കട്ട് ചെയ്തു ശേഷം അലമാരിയിൽ നിന്നും ആ ഷർട്ട് എടുത്ത് അണിഞ്ഞു  അവൻ പുറത്തേക്ക് ഇറങ്ങിയിരുന്നു.

ജെസ്സി  എന്തോ ജോലിയിലാണ്

“‘ നീ എവിടെ പോവാ സാമേ സന്ധ്യയ്ക്ക്,

അൽപം ദേഷ്യത്തോടെ തന്നെ അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.

“‘ഒത്തിരി കാലമായില്ലേ മമ്മി ഒന്ന് കമ്പനി കൂടിയിട്ട്,  ഞങ്ങൾ കൂട്ടുകാരെല്ലാവരും കൂടി ഒരു സിനിമയ്ക്ക് പോവാ,  എന്റെ വക ചെലവ്, നാളെ ബർത്ത് ഡേ അല്ലേ?

” നാളത്തെ ബർത്ത്ഡേക്ക് ഇന്ന് ചെലവ് ചെയ്യണോ..? നാളെ എനിക്ക് തിരക്കായത് കൊണ്ട് ആണ്, നാളെ എനിക്ക് ഒരുപാട് പണിയുണ്ട്. അതുകൊണ്ട് ഒന്നും പറ്റില്ല. മാത്രമല്ല എനിക്ക്  ഗൾഫിലേക്ക് പോകാനുള്ള പരീക്ഷയുണ്ട് നാളെ,അത് ഓൺലൈനായി  ആണ്, അതുകൊണ്ട് നാളെ അവന്മാരെ വിളിച്ച് എനിക്ക് പോകാൻ സമയമില്ല, അതുകൊണ്ടല്ലേ ഇന്ന് അങ്ങ് ചെയ്തേക്കാം എന്ന് കരുതുന്നത്…

“അതൊക്കെ സമ്മതിച്ചു.!  വൈകിട്ട് പപ്പ ഗൾഫീന്ന് വിളിക്കുമ്പോൾ മോൻ എന്തിയെന്നു ചോദിച്ചാൽ ഞാൻ എന്തു പറയും..? അല്ലെങ്കിൽ തന്നെ അങ്ങേര് പറയുന്നത് ഞാനാ നിന്നെ ഉഴപ്പൻ ആകുന്നത് എന്നാണ്, അതിനൊന്നും അമ്മ പേടിക്കേണ്ട ഒരു പത്തുമണിക്ക് മുമ്പ് ഞാൻ ഇങ്ങു വരും,

”  ബിയർ ഒന്നും കുടിക്കാൻ നിൽക്കല്ലേ…?

” ഇല്ല മമ്മി ഞാൻ  കുടിക്കില്ല ഉറപ്പ്, ഇതെന്താ കുറെ സാധനങ്ങൾ ഉണ്ടല്ലോ ആക്രിക്കടയില്,

ജെസ്സിയുടെ മുൻപിൽ തുറന്നു വെച്ചിരിക്കുന്ന ജുവൽ ബോക്സ് നോക്കിക്കൊണ്ട് സാം പറഞ്ഞു,

” ആ കൊച്ചില്ലേ,ശ്വേത അവള് ടൂറിനോ മറ്റോ പോയിരുന്നു, അപ്പോൾ എനിക്ക് വാങ്ങിക്കൊണ്ടുവന്നത് ആണ്. രണ്ടുമൂന്ന് കല്ലിന്റെ കമ്മലും വളയും ഒക്കെ, നല്ല ഭംഗിയുണ്ട് അല്ലേടാ…

അത് അവന്റെ അരികിലേക്ക് നീക്കിവെച്ചുകൊണ്ട് ജെസ്സി പറഞ്ഞപ്പോൾ അവന്റെ മനസ്സിൽ വീണ്ടും സംശയം നിറഞ്ഞു നിന്നിരുന്നു.  ഇതൊക്കെ നേരിട്ട് മമ്മിക്ക് കൊടുക്കാമെങ്കിൽ എന്തുകൊണ്ടാണ് ആ സ്വീറ്റ്സ് മാത്രം റിയയുടെ കയ്യിൽ അവൾ കൊടുത്തുവിട്ടത് എന്ന സംശയമായിരുന്നു അവന്റെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നത്..

“ആഹ് കുഴപ്പമില്ല…! ഞാൻ എന്നാ പോയിട്ട് വരട്ടെ,

അത്രയും പറഞ്ഞ് അവൻ പുറത്തേക്ക് ഇറങ്ങിയിരുന്നു..

നേരെ പോയത് അജുവിന്റെ വീട്ടിലേക്കാണ്, അവിടെ ചെന്നപ്പോൾ മുറ്റത്തു തന്നെ അനീറ്റ നിൽപ്പുണ്ട്.  അവന് വല്ലായ്മ തോന്നിയിരുന്നു.  പലപ്പോഴും ശ്വേതയ്ക്ക് ഒപ്പം അനീറ്റയെ കാണുന്നതുകൊണ്ട് പണ്ടത്തെപ്പോലെ ഒരു അടുപ്പം അനീറ്റയോട് ഇല്ല. ശ്വേതയ്ക്ക് അങ്ങനെ പോലും ഒരു  പ്രതീക്ഷ കൊടുക്കാതിരിക്കാൻ അനീറ്റയോട് പോലും അധികം സംസാരിക്കാറില്ല.

“അജു എന്തിയേടി…

അവകാശത്തോടെ അനീറ്റയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.

” കുളിക്കുവാ, കേറി വാ..

അവൾ വിളിച്ചപ്പോൾ പോകാതിരിക്കാൻ തോന്നിയിരുന്നില്ല,

”  ഒരുപാട് നാളായല്ലോ കണ്ടിട്ട്  ഇപ്പൊ ഭയങ്കര ജാഡയല്ലേ,

ചിരിയോടെ അനീറ്റ പറഞ്ഞു..

”  സമയം ഇല്ലടി അതുകൊണ്ടല്ലേ, ജോലി കിട്ടി..! ജോലി കിട്ടിയ കാര്യം ഒക്കെ ഞാനറിഞ്ഞു,  അതൊക്കെ അറിയുന്നുണ്ട് സമയത്ത്.

അനീറ്റ ഒന്ന് ആക്കി പറഞ്ഞു.  കാര്യം എന്തെന്ന് അവന് മനസ്സിലായില്ല.

“ഹായ് ഷർട്ട്‌ അടിപൊളിയായിട്ടുണ്ട്,   നന്നായിട്ട് ചേരുന്നുണ്ട്…

അവൻ ഭംഗി ആയോന്ന് ചിരിച്ചു, ഒപ്പം റിയയുടെ മുഖം മനസ്സിൽ വന്നു…

“ഈ ഷർട്ട് അവളെടുക്കാൻ തുടങ്ങിയപ്പോൾ ഞാൻ പറഞ്ഞതാണ് ചേട്ടായിക്ക് ചേരില്ലെന്ന്,  അവൾ ആണ് പറഞ്ഞത് ഇത് നല്ല ഭംഗിയായിരിക്കുമെന്ന്, എങ്കിലും ഇത്രയും ഭംഗിയായിരിക്കുമെന്ന് ഞാൻ കരുതിയില്ല,

അനീറ്റ എന്താണ് പറയുന്നതെന്ന് അവന് വ്യക്തമായില്ല,

” ഏത് ഷർട്ട്..?ആരെടുത്തു എന്നാണ് നീ പറയുന്നത്…?

മനസ്സിലാവാതെ അവൻ അനീറ്റയോട് ചോദിച്ചു.

” ശ്വേത…! ശ്വേത ടൂറിന് പോയപ്പോൾ  ചേട്ടായിക്ക് വാങ്ങി തരാൻ വേണ്ടി ഞങ്ങൾ രണ്ടുപേരും കൂടിയല്ലേ ഇത് സെലക്ട് ചെയ്തത്,

അനീറ്റ പറഞ്ഞപ്പോൾ ഇടനെഞ്ചിൽ ഒരു ഇടി വെട്ടിയത് പോലെയാണ്  സാമിന് തോന്നിയത്……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button