ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 21
രചന: റിൻസി പ്രിൻസ്
പാതി മനസ്സോടെ അവൾ മൂളിയിരുന്നു. എങ്ങനെയെങ്കിലും ഈ നാട്ടിൽ നിന്ന് വല്ല ബാംഗ്ലൂരിലോ ചെന്നൈയിലോ പോയി അടിച്ചുപൊളിക്കണം എന്നാണ് റിയ തീരുമാനിച്ചിരുന്നത്. അതിനു വല്ല നേഴ്സിങ് എടുത്താലേ പറ്റുകയുള്ളൂ. അപ്പോഴാണ് നാട്ടിൽ തന്നെ പഠിച്ചാൽ മതി എന്നുള്ള ഉപദേശം. അവൾ ഓർത്തു.
ക്രിസ്മസ് പരീക്ഷയൊക്കെ കഴിഞ്ഞ് പുൽക്കൂട് പള്ളിയിൽ അലങ്കരിച്ചു കൊണ്ടിരിക്കുകയാണ് ക്രിസ്മസ് ഫ്രണ്ടിനുള്ള സമ്മാനങ്ങൾ ഒക്കെ ഇന്നാണ് കൊടുക്കേണ്ടത്, അനീറ്റയ്ക്ക് വേണ്ടി ഒരു ക്രിസ്മസ് കാർഡ് ആണ് വാങ്ങിയത്. അമ്മച്ചിയുടെ കയ്യിൽ നിന്നും 15 രൂപ വാങ്ങി നല്ലൊരു ക്രിസ്മസ് കാർഡ് തന്നെ വാങ്ങിയിരുന്നു. അവളോട് തനിക്ക് അവളുടെ പേരാണ് കിട്ടിയത് എന്ന് പറഞ്ഞിരുന്നുമില്ല. പള്ളിയിലെ പരിപാടി കഴിഞ്ഞപ്പോഴാണ് അവളുടെ കൈകളിലേക്ക് അതുകൊണ്ട് കൊടുത്തത്.
” നിനക്ക് എന്നെയാണോ കിട്ടിയത്…?
അത്ഭുതത്തോടെ അവൾ പറഞ്ഞിരുന്നു. അത് വാങ്ങിയപ്പോഴും അവൾ സന്തോഷത്തോടെയാണ് നിന്നത്. പരിപാടി കഴിയാൻ സന്ധ്യ കഴിയുമെന്നതുകൊണ്ട് താൻ നേരത്തെ ഇറങ്ങിയിരുന്നു. സച്ചു ഉടനെ വരുന്നില്ലന്ന് പറഞ്ഞു അവന് ചില കൂട്ടുകാരൊക്കെയുണ്ട്. അവർക്കൊപ്പം വരാനാണ് അവൻ തീരുമാനിച്ചത്. ഇനിയും സമയം പോയാൽ സന്ധ്യയാകും എന്നുള്ളത് കൊണ്ട് ഇടവഴിയിലൂടെ താൻ നടക്കാൻ തുടങ്ങി, തന്റെ പേര് ആർക്കും കിട്ടിയില്ലന്ന് ആ നിമിഷം ഒരു സങ്കടം തോന്നുകയും ചെയ്തു. പലരും പരസ്പരം ഗിഫ്റ്റുകളൊക്കെ കൈമാറുന്നുണ്ടായിരുന്നു. തന്റെ പേര് എടുത്ത ആൾ ഒരുപക്ഷേ ഇന്ന് വന്നിട്ടില്ലായിരിക്കും എന്നാണ് അവൾ വിചാരിച്ചിരുന്നത്. ക്രിസ്മസ് ഫ്രണ്ടിനെ കിട്ടുന്നതും അവർ കൊണ്ട് തരുന്ന സമ്മാനവും ഒക്കെ എപ്പോഴും സന്തോഷം നിറയ്ക്കുന്ന കാര്യമാണ്. തനിക്കുമത് സന്തോഷം നിറക്കുന്ന ഒരു കാര്യം തന്നെയായിരുന്നു. എന്നാൽ അത് കിട്ടാതെ വന്നപ്പോൾ ഒരു വല്ലാത്ത വിഷമം തോന്നിയിരുന്നു.
“ഹലോ….!
പുറകിൽ നിന്നും പരിചിതമായ ഒരു ശബ്ദം കേട്ടപ്പോഴാണ് തിരിഞ്ഞു നോക്കിയത്, നോക്കിയപ്പോൾ വിയർത്തു കുളിച്ച് നീല ഷർട്ടും ട്രാക്ക് സ്യൂട്ട് പാന്റും ഇട്ട് ഒരാൾ ഓടി വരുന്നുണ്ട്. സാം ആണ് അത് എന്ന് മനസിലാക്കിയപ്പോൾ ഒന്ന് ഞെട്ടി. കയ്യിൽ ഒരു ചെറിയ ഗിഫ്റ്റ് പാക്കറ്റ് ഉണ്ട്,
” ഹാപ്പി ക്രിസ്മസ്…
അതും പറഞ്ഞ് തനിക്ക് നേരെ പച്ച ഗിഫ്റ്റ് പൊതിയിൽ പൊതിഞ്ഞ ആ ഗിഫ്റ്റ് നീട്ടി.അത് നീട്ടിയ സമയം സത്യം പറഞ്ഞാൽ താൻ അത്ഭുതപ്പെട്ടു പോയിരുന്നു.
” എന്റെ ക്രിസ്മസ് ഫ്രണ്ട് താനായിരുന്നു,
താൻ തെറ്റിദ്ധരിക്കേണ്ടന്ന് കരുതിയാവും ആള് അത് പറഞ്ഞത്. ആ നിമിഷം അറിയാതെ കണ്ണുകൾ വിടർന്നിരുന്നു. ആൾക്കുമത് വ്യക്തമായി എന്ന് തോന്നുന്നു.
” താങ്ക്സ് ഹാപ്പി ക്രിസ്മസ്..
റീന ചേച്ചിടെ കൈയിൽ കൊടുത്തുവിട്ട ചെറുതും വലുതുമായ സമ്മാനങ്ങൾ ഒക്കെ അവന്റെ കൈകളിൽ തന്നെ എത്തിച്ചേർന്നു എന്ന വിശ്വാസത്തിലായിരുന്നു അവൾ. ആ സ്നേഹത്തിന്റെ പുറത്താകാം അവൻ തന്നോട് സംസാരിച്ചത് എന്ന് പോലും അവൾ കരുതിയിരുന്നു. ഒരു പുഞ്ചിരി സമ്മാനിച്ചവൻ തിരികെ നടന്നപ്പോഴും അവൾ വിശ്വസിച്ചത് അങ്ങനെ തന്നെയാണ്.
അവൻ കയ്യിൽ കൊണ്ട് തന്ന ഗിഫ്റ്റ് നെഞ്ചോട് ചേർത്ത് പിടിച്ച് വീട്ടിലേക്ക് നടന്നിരുന്നു. വീട്ടിലെത്തിയതും അത് എന്താണെന്ന് അറിയാനുള്ള ആകാംക്ഷയായിരുന്നു. മുറിയിലേക്ക് ചെന്നതും അത് തുറന്നു നോക്കി. ഒരു കുഞ്ഞ് ഉണ്ണീശോയുടെ രൂപമായിരുന്നു അത്. ഏറെ സ്നേഹത്തോടെ ആ രൂപം തന്റെ നെഞ്ചോട് ചേർത്തുപിടിച്ചു. പിന്നെ അതിലൊന്ന് ചുംബിച്ചു. ഒരു നിധി പോലെ അത് തന്റെ അലമാരിയിലേക്ക് കൊണ്ടുവന്ന് വച്ചു. ആ സന്തോഷത്തിൽ പുറത്ത് വന്നു ടിവി വച്ചു, ഡ്യൂ ഡ്രോപ്സ് കഴിയാൻ തുടങ്ങുകയാണ്. അവസാനത്തെ പാട്ട് ആണ്.
” കാലം മൂടിപ്പോയി മറഞ്ഞെന്നാലും
മറക്കുമോ പ്രേമരാഗ മേഘങ്ങൾ
എത്രയോ ജന്മമായീ
നീയെന്റെ പ്രാണനായി, എത്രയോ ജന്മമായീ
നീയെന്റെ പ്രാണനായി, കളിയാടാൻ നീ, കൂടെപ്പോരാമോ
ഞാനോരുക്കുമീ കൂട്ടിൽ കൂടാമോ
കരളു നൊവുമെൻ കഥയായി
കനവു പോലെ നീ മാറുമോ
പ്രിയനേ..”
ആ വരികൾ കണ്ണടച്ചു കേട്ടു, പിന്നേ ആളെ തന്നെ മനസ്സിൽ കോറിയിട്ടു….
ക്രിസ്മസ് കരോളിന് എല്ലാവർക്കും ഒപ്പം ചെല്ലാൻ അനിറ്റയാണ് നിർബന്ധിച്ചത്. ആളും ഉണ്ട് എന്ന് അറിഞ്ഞപ്പോൾ തനിക്കും ഒരു ആവേശമൊക്കെ തോന്നിയിരുന്നു. അങ്ങനെയാണ് ക്രിസ്മസ് കരോളിനായി എല്ലാവർക്കും ഒപ്പം ഇറങ്ങിയത്. ആളെന്നേ കാണുമ്പോൾ പഴയതുപോലെ മുഖം കുനിക്കാറില്ല, ചിലപ്പോൾ ഒന്ന് ചിരിക്കും ചിലപ്പോൾ ഒന്ന് നോക്കിയതിനുശേഷം മുഖം മാറ്റും. എങ്കിലും റിയചേച്ചിയുടെ കയ്യിൽ താൻ നൽകിയ ഗിഫ്റ്റുകൾ ഒക്കെ ആൾ സ്വീകരിച്ചത് കൊണ്ട് തന്നെ ഉള്ളിന്റെ ഉള്ളിൽ എവിടെയോ താൻ ഉണ്ട് എന്ന് ഉള്ള ഒരു സമാധാനം ഉണ്ടായിരുന്നു, താൻ നോക്കിയതും ഇടയ്ക്കിടെ തന്റെ നോട്ടം ആളും മനസ്സിലാക്കുന്നുണ്ട് എന്ന് തോന്നിയിരുന്നു. കരോൾ കഴിഞ്ഞ് തിരികെ ഞങ്ങൾ വീട്ടിലേക്ക് നടക്കുമ്പോൾ ഒരുപാട് ആളുകൾക്കൊപ്പം ആളും ഉണ്ടാകും, ചിലപ്പോൾ ഒന്നു നോക്കും. എങ്കിലും മുഴുവൻ സമയവും ഫോണിൽ തന്നെ എന്തെങ്കിലും ചെയ്യുകയായിരിക്കും.
അങ്ങനെയിരിക്കയാണ് സ്കൂളിലെ ടൂറിന്റെ കാര്യം ടീച്ചർ വന്ന് പറയുന്നത്. എല്ലാവരും ഊട്ടിയിലേക്ക് ടൂറിന് പോണം എന്നതുകൊണ്ട് തന്നെ താൻ അതിൽ നിന്നും പിന്മാറിയിരുന്നു. എന്താണ് ടൂറിന് പോകാത്തത് എന്ന് ഹെഡ്മാസ്റ്റർ ഫാദർ ഓഫീസിൽ വിളിച്ചു ചോദിച്ചു, അപ്പോഴേക്കും താൻ അത്യാവശ്യ നന്നായി പഠിക്കുന്ന ഒരു കുട്ടിയായി മാറിയിട്ടുണ്ടായിരുന്നു. അവസാന വർഷമായതുകൊണ്ടും ക്ലാസിൽ നിന്നും ടൂറിന് താൻ മാത്രമേയുള്ളൂ ഇല്ലാതിരുന്നത് എന്നതുകൊണ്ടുമാണ് ഫാദർ തന്നെ റൂമിലേക്ക് വിളിപ്പിച്ചത്.
” എന്താ മോൾ വരാത്തത്..?
ഏറെ കരുതലോടെ ഫാദർ ചോദിച്ചു.
” ഒരുപാട് പഠിക്കാനുണ്ട് ഫാദർ. അതുകൊണ്ട് ഞാൻ വരുന്നില്ല..
സങ്കടം ഉള്ളിൽ ഒളിപ്പിച്ചു പറഞ്ഞു.
അത്രയും വലിയൊരു തുക അമ്മച്ചിയെ കൊണ്ട് ഒരിക്കലും ഉണ്ടാക്കാൻ സാധിക്കില്ലെന്ന് ഉറപ്പായിരുന്നു, അതുകൊണ്ട് മനപ്പൂർവ്വം വിട്ടു നിന്നതാണ് ആ ടൂറിൽ നിന്നും.
” കാശിന്റെ കാര്യോർത്ത് പേടിക്കണ്ട അത് ഞാൻ കൊടുത്തോളാം, നീ പേര് കൊടുത്തോ, നീ ഒരാളായിട്ട് വരാതിരിക്കേണ്ട,
ഫാദർ പറഞ്ഞപ്പോൾ വല്ലാത്ത സന്തോഷം തോന്നിയിരുന്നു. ഏറെ സന്തോഷത്തോടെ അമ്മച്ചിയോട് കാര്യം വന്നു പറഞ്ഞു, അമ്മച്ചിയ്ക്കും സന്തോഷം ആയി. പോകുമ്പോൾ കളർ ഡ്രസ്സ് ഇടാനാണ് കൂട്ടുകാരോക്കെ പറഞ്ഞത്. എന്നാൽ നല്ല ഡ്രസ്സ് ഒന്നുമില്ല. വാങ്ങാൻ ഇപ്പോൾ അമ്മച്ചിയുടെ കയ്യിൽ പൈസയും ഉണ്ടായിരിക്കില്ല. അതുകൊണ്ടു തന്നെ അക്കാര്യവും അമ്മച്ചിയോട് പറഞ്ഞു.
” ജെസ്സിയോട് ചോദിച്ചു അവിടുത്തെ ശ്വേത മോളുടെ ഡ്രസ്സ് വാങ്ങിക്കാം
അമ്മച്ചി പറഞ്ഞപ്പോൾ ആ നിമിഷം അല്പം അഭിമാനക്ഷതം തോന്നിയിരുന്നു. ഇതുവരെ തോന്നാത്ത എന്തൊക്കെയോ വിഷമങ്ങൾ. ആള് കാണില്ലേ എന്നുള്ള ഒരു തോന്നൽ ആയിരിക്കാം ഒരുപക്ഷേ അതിനു പിന്നിൽ. എങ്കിലും മനസ്സില്ലാമനസ്സോടെ അമ്മച്ചിക്കൊപ്പം ജെസി ആന്റിയുടെ വീട്ടിലേക്ക് ചെന്നിരുന്നു. ആൾ ഹാളിൽ ഇരുന്ന് ടിവി കാണുകയാണ്. തന്നെയും അമ്മച്ചിയെയും കണ്ടപ്പോൾ ആളൊന്നു ഞെട്ടി എന്ന് തോന്നുന്നു. അമ്മച്ചിയോട് ചിരിച്ച് വർത്തമാനം ഒക്കെ പറഞ്ഞു. തന്റെ മുഖത്തേക്ക് ഒന്ന് പാളി നോക്കി. ഇടയ്ക്ക് താനും ആളെ നോക്കുന്നുണ്ടായിരുന്നു. അടുക്കളയിലാണ് അമ്മച്ചി. ജെസ്സി ആന്റിയ്ക്ക് അരികിൽ ചെന്ന് കാര്യങ്ങളൊക്കെ പറയുന്നുണ്ട്, ആന്റി തന്നോട് സോഫയിൽ ഇരിക്കാൻ ആണ് പറഞ്ഞത്. ഓപ്പോസിറ്റ് ആണ് ആളും ടിവി കണ്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ഒരു മടി തോന്നിയിരുന്നു. എങ്കിലും ഇരിക്കുക അല്ലാതെ നിർവാഹം ഉണ്ടായിരുന്നില്ല. തറയിലേക്ക് നോക്കി അവിടെ തന്നെ ഇരുന്നു.
ആൾ ഇടയ്ക്ക് തന്നെ പാളി നോക്കുന്നുണ്ട്. അപ്പോഴാണ് അവിടെ ഷോക്കേസിൽ താൻ റിയ ചേച്ചിയുടെ കയ്യിൽ കൊടുത്തു വിട്ട ചെറിയ ചെറിയ ഗിഫ്റ്റുകൾ ഇടം പിടിച്ചിരിക്കുന്നത് കണ്ടത്. വലിയ വിലയില്ലാത്ത പ്ലാസ്റ്റിക്കിന്റെ ഭംഗിയുള്ള ചില രൂപങ്ങളും, പൂക്കളും ഒക്കെ ആയിരുന്നു അത്. അതൊക്കെ ആളുടെ കയ്യിൽ ഉണ്ടായിരുന്നുവെന്ന് അറിഞ്ഞപ്പോൾ വലിയ സന്തോഷം തോന്നിയിരുന്നു, ആ ധൈര്യത്തിൽ ആളുടെ മുഖത്തേക്ക് ഒന്നും കൂടെ നോക്കി. അപ്പോഴും ആള് ടിവിയിൽ ശ്രദ്ധിച്ചിരിക്കുകയാണ്.
” പത്താം ക്ലാസ് കഴിഞ്ഞു ഏത് സബ്ജക്ട് ആണ് മെയിൻ എടുക്കുന്നത്..?
ടിവിയിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ച് ആൾ എന്നോട് ചോദിച്ചു,
“കൊമേഴ്സ്….!
ആളുടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു..
” അതെന്താ കൊമേഴ്സ്, എല്ലാരും ഇപ്പൊൾ സയൻസ് അല്ലെ എടുക്കുന്നത്,
പെട്ടെന്നാൾ തന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.
” എനിക്ക് ബാങ്കിംഗ് ഫീൽഡിനോട് ആണ് താല്പര്യം.
താനത് പറഞ്ഞപ്പോൾ ആളുടെ കണ്ണുകൾ ഒന്ന് തിളങ്ങി എന്ന് അവൾക്ക് തോന്നിയിരുന്നു. എന്നാൽ അതിന്റെ കാരണം അവൾക്ക് മനസ്സിലായില്ല. ഭംഗിയായി അവനൊന്ന് ചിരിച്ചു കാണിച്ചു. ആ ചിരി മതിയായിരുന്നു അവൾക്ക് സമാധാനം നിറയാൻ. അത്രയും നേരം മനസ്സിൽ നിറഞ്ഞുനിന്ന സംഘർഷങ്ങളും വിഷമങ്ങളും ഒക്കെ മറക്കാൻ അരികിൽ അവൻ ഉണ്ടല്ലോന്ന് ഒരു ആശ്വാസം.
” അന്ന് ബസ്സിലെ ഡയലോഗ് അടിപൊളി ആയിരുന്നു, ഞാൻ കരുതി തൊട്ടാവാടിയാണെന്ന്. പക്ഷേ ആവശ്യമുള്ളിടത്ത് പ്രതികരിക്കുമെന്ന് മനസ്സിലായി. അങ്ങനെ വേണം,
ആളത് പറഞ്ഞപ്പോൾ വലിയൊരു അംഗീകാരം പോലെയാണ് തോന്നിയത്.
” സാമേ…
അകത്തുനിന്നും ജസ്സീയുടെ വിളി കേട്ടപ്പോൾ രണ്ടുപേരുടെയും ശ്രദ്ധ പെട്ടെന്ന് അവിടേക്ക് പോയി.
…കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…