സംസ്ഥാനത്തെ ഡോക്ടർമാർ നാളെ രാവിലെ മുതൽ 24 മണിക്കൂർ പണിമുടക്കും
കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിലെ പി ജി വിദ്യാർഥിനി അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ഡോക്ടർമാരുടെ പണിമുടക്ക്. ശനിയാഴ്ച രാവിലെ ആറ് മണി മുതൽ ഞായറാഴ്ച രാവിലെ ആറ് മണി വരെയാണ് പണിമുടക്ക്. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ഡോക്ടർമാർ ഒപി ബഹിഷ്‌കരിക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ അറിയിച്ചു
തിരുവനന്തപുരം റീജ്യണൽ കാൻസർ സെന്ററിലെ ഡോക്ടർമാരും പണിമുടക്കിൽ പങ്കെടുക്കും. മെഡിക്കൽ കോളേജ് ആശുപത്രികളിലും ഡെന്റൽ കോളേജ് ആശുപത്രികളിലും ഒപി സേവനമുണ്ടാകില്ല. അത്യാഹിത വിഭാഗങ്ങൾ പ്രവർത്തിക്കും. ഐഎംഒ ആഹ്വാനം ചെയ്ത പ്രതിഷേധ സമയത്തിൽ മെഡിക്കൽ കോളേജ് അധ്യാപക സംഘടനയായ കെജിഎംസിടിഎയും പങ്കെടുക്കും
അവശ്യസർവീസുകൾ ഒഴികെ ഒപി അടക്കമുള്ള ദൈനംദിന പ്രവർത്തനങ്ങളിൽ നിന്ന് ഡോക്ടർമാർ വിട്ടുനിൽക്കുമെന്നും ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ സഹകരിക്കണമെന്നും കെജിഎംസിടിഎ അഭ്യർഥിച്ചു. അതേസമയം അത്യാഹിത വിഭാഗങ്ങൾ സാധാരണ പോലെ പ്രവർത്തിക്കും. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വയനാട് ജില്ലയെ സമരത്തിൽ നിന്ന് ഒഴിവാക്കി