Novel

നിലാവിന്റെ തോഴൻ: ഭാഗം 64

രചന: ജിഫ്‌ന നിസാർ

കണ്ണ് തുറന്നതും മീരാ ആദ്യം കണ്ടത് തൊട്ട് മുന്നിലെ കസേരയിൽ ഇരുന്നു കൊണ്ട് അവളെ തന്നെ നോക്കുന്ന ഡെയ്സിയെ ആയിരുന്നു.

അതാരാവും എന്നൊരു ചോദ്യം അവളുടെ കണ്ണിലാണ് ഡെയ്സി ആദ്യം കണ്ടതും.

പെട്ടന്ന് വേറെ ഏതൊക്കെയോ ചിന്തകൾ അവളിലേക്ക് കയറി ചെല്ലുന്നതും അത്യാധികം വേദന കൊണ്ടവളുടെ മുഖം ചുളിയുന്നതും കണ്ണുകളിലൊരു പിടച്ചിൽ പാഞ്ഞു കളിക്കുന്നതും ഡെയ്സി അതേയിരുപ്പിൽ കണ്ടിരുന്നു.

“ആരാ?”

അത് ചോദിച്ചു കൊണ്ടാണ്.. മീരാ കിടന്നിടത്തു നിന്നും എഴുന്നേറ്റത്.

ഡെയ്സി അവളെ അലിവോടെ നോക്കി.

മുടിയെല്ലാം കെട്ടഴിഞ്ഞു ചിതറി കിടക്കുന്നു.

കണ്ണുകളും മുഖവും ചുവന്നു പോയിട്ടുണ്ട്.

“എനിക്… എനിക്ക് മനസ്സിലായിട്ടില്ല ”

ഡെയ്സി ഒന്നും മിണ്ടാതിരിക്കുന്നത് കണ്ടതും മീരാ വീണ്ടും ചോദിച്ചു.

“അമ്മ…”
ചെറിയൊരു മന്ദഹാസത്തോടെ ഡെയ്സി അത് പറയുമ്പോൾ മീരയുടെ കൈകൾ നെഞ്ചിലമർന്നു പോയിരുന്നു.

“അമ്മയാണ്. ഇനി നിന്റേതു കൂടിയാണ് ”

ഡെയ്സി വീണ്ടും ചിരിയോടെ തന്നെ പറഞ്ഞു.

ജീവിതതിലാദ്യമായിട്ടാണ് അവൾ അവരെ കാണുന്നത്.

അത് കൊണ്ടാണ് ഡെയ്സി പറയുന്നതിന്റെ പൊരുൾ അവൾക്കറിയാതെ പോയതും.

മീരാ സംശയത്തോടെ തന്നെ എഴുന്നേറ്റു.

“ക്രിസ്റ്റിയുടെ അമ്മയാണ് ഞാൻ ”

ഡെയ്സിയും കസേരയിൽ നിന്നും എഴുന്നേറ്റു കൊണ്ട് പറയുമ്പോൾ മീരയുടെ കണ്ണുകളിൽ അത്ഭുതമായിരുന്നു.

ഇങ്ങനൊരാൾ ഉണ്ടെന്നറിയാം എന്നല്ലാതെ അവനോടൊരിക്കലും അവൾ അതൊന്നും ചോദിച്ചിട്ടില്ല.

അവനായിട്ട് പറഞ്ഞിട്ടുമില്ല.

“യാതൊരു ബന്ധവുമില്ലാഞ്ഞിട്ടും അവൻ നിനക്ക് സഹോദരനായില്ലേ മോളെ.?അപ്പോൾ അവന്റെ അമ്മയായ ഞാൻ നിനക്കമ്മയല്ലേ?”

ചോദിച്ചു കൊണ്ട് ഡെയ്സി മീരായുടെ കവിളിൽ തൊട്ടു.

നിറഞ്ഞ കണ്ണോടെ അവൾ ഡെയ്സിയെ നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.

“ചെല്ല്.. പോയിട്ട് നന്നായിട്ടൊന്ന് കുളിച്ചു വാ.. അപ്പോൾ തന്നെ ഈ ക്ഷീണമങ്ങു പോകും ”
ഡെയ്സി വീണ്ടും പറഞ്ഞതും മീരാ കണ്ണ് തുടച്ചിട്ട് തലയാട്ടി കാണിച്ചു.

ക്ഷീണം മനസ്സിനാണ്..
അതങ്ങനെ പെട്ടന്നൊന്നും പോവില്ലന്നറിഞ്ഞിട്ടും അവൾ മാറി ഉടുക്കാനുള്ള ഡ്രസ്സ്‌ എടുത്തു കൊണ്ട് പുറത്തേക്ക് നടന്നു.
പുറത്താണ് കുളിമുറിയുള്ളത്.

അങ്ങോട്ട്‌ നടക്കുന്ന പലയിടത്തും അവൾ ശാരിയെ തിരഞ്ഞു.

ഇല്ലെന്നറിഞ്ഞിട്ടും ആ ഓർമകൾ വേദനനിപ്പിക്കാതിരിക്കാൻ അവിടെവിടെയോ അവരുണ്ടെന്നും അവളെ കാണുന്നുണ്ടന്നും തന്നെ വിശ്വസിച്ചു.

അതവൾക്ക് അൽപ്പം ആശ്വാസം പകർന്ന് കൊടുത്തിരുന്നു.

രാവിലെ അവർക്ക് കഴിക്കാനുള്ളതെല്ലാം ഷീല സ്വന്തം വീട്ടിൽ പോയിട്ട് ഉണ്ടാക്കി കൊണ്ട് വന്നിരുന്നു.

വേണ്ടന്ന് തോന്നിയിട്ടും അവരിത്രേം കഷ്ടപ്പെട്ടു വച്ചുണ്ടാക്കി കൊണ്ട് വന്നതാണ് എന്നറിയാവുന്നത് കൊണ്ട് ക്രിസ്റ്റീയും ഫൈസിയും അതിൽ നിന്നും അൽപ്പം എടുത്തു കഴിച്ചു.

ഡെയ്സിയെ കഴിക്കാൻ വിളിച്ചപ്പോൾ മീരാ എഴുന്നേറ്റിട്ട് അവൾക്കൊപ്പം കഴിക്കാം എന്ന് പറഞ്ഞത് കൊണ്ട് അതെല്ലാം അടുക്കളയിൽ കൊണ്ട് പോയി മൂടി വെച്ചിട്ട് ഷീല അവരുതേതായ ജോലികളിലേക്ക് തിരിഞ്ഞു.

ഒരു ദിവസത്തെ ആചാരങ്ങൾ മാത്രമായി ഒരു മനുഷ്യജന്മം ചുരുങ്ങി പോയതെത്ര വേഗത്തിലാണ്.!

എത്ര പെട്ടന്നാണ് അവരെല്ലാം അവരുടേതായ തിരക്കുകളിലേക്ക് അലിഞ്ഞത്.

ഞാനില്ലങ്കിൽ… എന്നൂറ്റം കൊള്ളുന്ന ഏതൊരു മനുഷ്യന്റെയും അവസ്ഥ സത്യത്തിൽ ഇത് തന്നെയല്ലേ?

ആരില്ലെങ്കിലും ജീവിച്ചേ മതിയാവുന്ന ചില മനുഷ്യരുണ്ട്..

അവസ്ഥയാണത്.

മനസ്സ് മരിച്ചിട്ടും പിന്നെ മുന്നോട്ടുള്ള ജീവിതം.. അതത്ര എളുപ്പമല്ല.

അവിടെയുള്ള ഓരോ നിമിഷവും ശ്വാസം മുട്ടിക്കുന്നത് കൊണ്ട് തന്നെ മീരാ കഴിയുന്നതും പെട്ടന്ന് കുളിച്ചിറങ്ങി.

മുഷിഞ്ഞ ഡ്രെസ്സുകൾ ഒന്ന് കുത്തി പിഴിഞ്ഞിട്ട് അത് അയലിലേക്കിട്ട് അവൾ അവിടെയുള്ള മണ്ണിന്റെ തിണ്ണയിലേക്കിരുന്നു.

കരയുന്നില്ലെങ്കിലും അവൾക്കുള്ളിൽ എത്രയൊക്കെ പിടിച്ചമർത്തി വെച്ചിട്ടും പുറത്തേക്ക് തെറിക്കുന്ന നോവിന്റെ ചീളുകൾ, അവളെ അങ്ങേയറ്റം തളർത്തി കളഞ്ഞിരുന്നു.

മീരാ ഒന്നുണർന്നാൽ അവളെയൊന്ന് കണ്ടിട്ട് പോകാമെന്നു കരുതിയാണ് ക്രിസ്റ്റി എത്രയൊക്കെ പറഞ്ഞിട്ടും ഫൈസി കാത്ത് നിന്നിരുന്നത്.

ഇനി ഒന്ന് കണ്ടില്ലെങ്കിൽ ശ്വാസം കിട്ടാതെ താൻ പിടഞ്ഞു മരിക്കുമെന്ന് പോലും അവന് തോന്നിയിരുന്നു.

അകത്തിരിക്കാൻ വയ്യാഞ്ഞിട്ടാണ് ഫൈസി മുറ്റത്തേക്കിറങ്ങിയത്.

അപ്പോഴാണ് അവൻ ദൂരെ എങ്ങോട്ടോ നോക്കി സ്വയം മറന്നിരിക്കുന്ന മീരയിൽ കണ്ണുകളുടക്കിയതും.

അവളീ ലോകത്തൊന്നുമല്ലെന്ന് ആ ഇരിപ്പ് കണ്ടാലേ അറിയാം.

അത് വരെയും ഒന്ന് കാണാനാണ് അവൻ പിടഞ്ഞിരുന്നത്. എന്നാൽ അവളെ ആ അവസ്ഥയിൽ കണ്ടതും അവനുള്ളിലെ വേദന സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

“മീരാ…”

അവൾക്കരികിൽ ചെന്നിട്ട് വിളിക്കുമ്പോൾ മാത്രമാണ് അവളറിഞ്ഞത്.

ഫൈസിയെ കണ്ടതും നേർത്തൊരു ചിരിയോടെ എഴുന്നേറ്റു.

“ഇവിടുണ്ടായിരുന്നോ…?”

അടഞ്ഞു പോയ ശബ്ദത്തിൽ ചോദിച്ചു.

“മ്മ്മ് ”

അവളോടെന്ത്‌ ചോദിക്കണമെന്നവനറിയില്ലായിരുന്നു.

“എപ്പഴാ.. വന്നേ?”

മീരാ വീണ്ടും ഫൈസിയെ നോക്കി ചോദിച്ചു.

“ഞാൻ.. ഞാനിന്നലെ പോയിട്ടില്ല ”

ഫൈസി അവളെ നോക്കാതെയാണ് പറഞ്ഞത്.
“അതെന്തേ…?

ആ ചോദ്യത്തിന് അവനുത്തരമുണ്ടെങ്കിലും ആ നിമിഷം അതവളോട് പറയാനാവാതെ അവൻ പിടഞ്ഞു.

“എല്ലാർക്കും.. എല്ലാർക്കും ബുദ്ധിമുട്ടായല്ലേ?”
അത് പറയുമ്പോൾ അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.

പക്ഷേ മീരാ പെട്ടന്ന് തന്നെ അത് തുടച്ചു കളഞ്ഞു.

നെഞ്ച് വിങ്ങിയത് കൊണ്ടാണ് ഫൈസി തിരിഞ്ഞു നിന്നത്.

“ഇച്ഛാ…?”

അവൾ വീണ്ടും അവനെ നോക്കി.

“അവൻ അപ്പുറത്തുണ്ട്..”

ഫൈസി അവളെ നോക്കി.
‘അകത്തേക്ക് ചെല്ല്… വല്ലതും കഴിക്ക്.. ”

അത്ര മാത്രം പറഞ്ഞിട്ട് അവൻ തിരിഞ്ഞു നടക്കുമ്പോൾ.. ഒന്ന് അങ്ങോട്ട്‌ പറഞ്ഞാൽ അതിന് പകരം രണ്ടെണ്ണം ഇങ്ങോട്ട് പറയുന്ന ആ കുറുമ്പുകാരിയെ ഇനിയെന്ന് കാണുമെന്നവന്റെ ഹൃദയം മുറവിളി കൂട്ടിയിരുന്നു.

❣️❣️❣️

“എന്താ പപ്പാ?”

ജോഗിംഗ് കഴിഞ്ഞു വരുന്നതിനിടെ ഹാളിലൂടെ തലങ്ങും വിലങ്ങും നടന്നു കൊണ്ട് എന്തൊക്കെയോ പിറു പിറുക്കുന്ന വർക്കിയേ നോക്കി റിഷിൻ ചോദിച്ചു.

“നിന്റെ.. നിന്റെ തള്ള എവിടെ പോയെടാ.. ചത്ത്‌ തുലഞ്ഞോ?”

അത് വരെയുമുള്ള ദേഷ്യം വർക്കിയുടെ ചോദ്യത്തിൽ മുഴച്ചു നിന്നിരുന്നു.

“അത് ശരി.. അത് എന്നോടാണോ ചോദിക്കുന്നത്.?”

റിഷിൻ അയാളെ നോക്കി കൊണ്ട് ചോദിച്ചു.

“അമ്മ ഇന്നലെ പപ്പയുടെ കൂടെയല്ലേ കിടന്നത്.?എന്നിട്ടിപ്പോ രാവിലെ ഉണർന്നിട്ട് എന്നോട് അമ്മയെവിടെ എന്ന് ചോദിച്ച ഞാൻ എന്ത് പറയാനാണ്?”

റിഷിൻ പറഞ്ഞത് കേട്ടതും വർക്കി പല്ല് കടിച്ചു.

“പപ്പാ ഇവിടെല്ലാം നോക്കിയോ?”

റിഷിൻ ചുറ്റും ഒന്ന് കണ്ണോടിച്ചു കൊണ്ട് ചോദിച്ചു.

“ആഹ്. ഇവിടെങ്ങും ആ നാശം പിടിച്ചവളില്ല ”
വർക്കി നിർത്തി വെച്ച നടത്തം തുടർന്ന് കൊണ്ട് പറഞ്ഞു.

“ഇല്ലാതെ പിന്നെ എവിടെ പോകാൻ? പപ്പയോടു പറയാതെ പള്ളിയിൽ പോലും പോവാത്ത ആളാണല്ലോ അമ്മ. പിന്നെവിടെ പോയി?”

ഹാളിൽ നിന്നും അടുക്കളയിലേക്ക് എത്തി നോക്കി കൊണ്ട് റിഷിൻ പറഞ്ഞത് കേട്ടതും വർക്കിയുടെ പല്ലുകൾ ഞെരിഞ്ഞമർന്നു.

ആയിരുന്നു..

അങ്ങനെ തന്നെ ആയിരുന്നു ഡെയ്സി.

പക്ഷേ ഇനി മുതൽ അവളങ്ങനെ ആവില്ലെന്നതും അയാൾക്കുറപ്പുണ്ട്.

കാരണം അവൾക്കിപ്പോൾ സംരക്ഷണം കൊടുക്കാൻ കരുത്തുള്ള ഒരു മകന്റെ തണലുണ്ട്.

ഇനി തന്നെയോ തന്റെ ചെയ്തികളെയോ ഭയക്കേണ്ടതില്ല.
അതിന്റെ ഏറ്റവും വലിയൊരു തെളിവാണ് ഇന്ന് പുലരും മുന്നേ തന്നെ ഇവിടെ അരങ്ങേറിയതും.
അവളെവിടെ പോയെന്ന് കൂടി അറിയില്ല.

ഇന്നലെ രാത്രി.. അവളെ കാത്തിരുന്നത് വൈകുന്നേരം നടന്നതിനുള്ളത് പലിശ സഹിതം കൊടുക്കാനാണ്.

കലി തീരുവോളം അവളെ ഉപദ്രവിക്കുമ്പോൾ താനെന്ന ഭർത്താവിന്റെ ചെയ്തികളെ അവളും മകനും ഭയക്കുമെന്നു കരുതി. പക്ഷേ കാത്തിരുന്നു ഉറങ്ങി പോയത് മിച്ചം.
രാവിലെ എഴുന്നേറ്റപ്പോഴും അരികിൽ അവൾ ഇല്ലായിരുന്നു.

ആ ഓർമ വീണ്ടും വർക്കിക്ക് ക്രിസ്റ്റിയെ കൊല്ലാനുള്ള ദേഷ്യമുണ്ടാക്കി.

“ഇവിടെങ്ങും കാണുന്നില്ലല്ലോ പപ്പാ?”
തിരച്ചിൽ നിർത്തി റിഷിൻ വന്നു പറയുമ്പോൾ വർക്കി അവനെ തുറിച്ചു നോക്കി.

“അത് തന്നെ അല്ലേടാ പോത്തേ നിന്നോട് ഞാൻ പറഞ്ഞത് അവളിവിടെങ്ങും ഇല്ലെന്നുള്ളത് ”

അയാൾ ചീറും പോലെ പറഞ്ഞു.

പെട്ടന്നാണ് വീടിന്റെ പുറത്തൊരു ആരവം കേട്ടത്.
വർക്കിയും റിഷിനും ഒന്ന് പരസ്പരം നോക്കി.

ആളുകളുടെ കൂവി വിളിയും ഏതൊക്കെയോ വാഹനങ്ങളുടെ ശബ്ദവും ഇടതടവില്ലാതെ കേൾക്കുന്നുണ്ട്.

വർക്കിയാണ് ആദ്യം മുറ്റത്തേക്കിറങ്ങി ചെന്നത്.

അയാൾക്ക് പിറകെ റിഷിനും.

മുറ്റം നിറയെ ആളുകൾ. കുട്ടികൾ മുതൽ സ്ത്രീകൾ വരെയുമുണ്ട് ആക്കൂട്ടത്തിൽ.

ഗേറ്റിനരികിൽ വരെയും വണ്ടികൾ.
രണ്ട് പേരുടെയും നെറ്റി ചുളിഞ്ഞു.

❣️❣️❣️

“എനിക്ക്… എനിക്കൊരു ഹോസ്റ്റൽ റെഡിയാക്കി തന്നാ മതി ഇച്ചേ.. ഞാൻ.. ഞാനവിടെ നിന്നോളാം ”

മീരയുടെ ചിലമ്പിച്ച സ്വരം.

പൊള്ളിയത് പോലെ പിടഞ്ഞു കൊണ്ട് ആദ്യം കണ്ണുകൾ അടച്ചു പിടിച്ചത് ഫൈസിയാണ്.

“നീ എങ്ങും പോവണ്ട പെണ്ണേ.. നിനക്ക്.. നിനക്ക് ഞാനെന്റെ നെഞ്ചിലിടം തന്നതല്ലേ..”
തുറന്നു ചോദിക്കാൻ കഴിയാത്ത ആ ചോദ്യമവന്റെ നെഞ്ചിൽ വിങ്ങി.

ക്രിസ്റ്റീയും മുഖം കുനിച്ചു കൊണ്ടിരിപ്പാണ്.

“ഇച്ഛയിങ്ങനെ വിഷമിക്കാൻ വേണ്ടി ഒന്നുല്ല. എനിക്കൊരു… സങ്കടവുമില്ല ”

അവനങ്ങനെ ഇരിക്കുന്നത് ആ നെഞ്ചിൽ വേദനയുണ്ടായിട്ടാണെന്ന് നന്നായി അറിയാമായിരുന്നു മീരക്ക്.

അത് കൊണ്ട് തന്നെ അവൾ അവനരികിൽ ചെന്നിരുന്നിട്ട് പറഞ്ഞു.

ഉമ്മറത്തേക്ക് വരാതെ ഹാളിലെ വാതിൽക്കൽ നോക്കി നിൽക്കുന്ന ഷീല ഇടയ്ക്കിടെ തോളിലുള്ള തോർത്തിൽ കണ്ണ് തുടക്കുന്നുണ്ടായിരുന്നു.
ഡെയ്സി ഒന്നും മിണ്ടാതെ അവരെ നോക്കി കസേരയിലിരുന്നു.

“പാതിയിൽ കൈ വിട്ട് കളയാനാണോടി മോളെ ഇച്ഛാ നിന്നെ ഇത്രേം കാലം എന്റെ അനിയത്തിയായി കൊണ്ട് നടന്നത്.. ഏഹ്?”

തോളിൽ പിടിച്ച അവളുടെ കയ്യിൽ അമർത്തി പിടിച്ചു കൊണ്ട് ക്രിസ്റ്റി വേദനയോടെ മീരയെ നോക്കി ചോദിച്ചു.

“അതിന് കൈ വിട്ട് കളയുന്നില്ലല്ലോ ഇച്ഛാ.. ഇച്ഛക്ക് ഇതല്ലാതെ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് എനിക്കറിയാമല്ലോ.?ഏറ്റവും അവസാനമായിട്ടും… അമ്മ.. അമ്മയെന്നോട് പറഞ്ഞതും അതാ ഇച്ഛാ. ഞാൻ ആ വാക്ക് തെറ്റിക്കുന്നതെങ്ങനെ..?”

മീരാ അവന്റെ തോളിലേക്ക് ചാരി.

“എന്ത് ചെയ്യുമെടാ…?”
അപ്പോഴും എന്ത് വേണമെന്നറിയാതൊരു വേവലാതിയുള്ളത് കൊണ്ട് തന്നെ ക്രിസ്റ്റി ഫൈസിയെ നോക്കി ചോദിച്ചു.

“എനിക്ക്.. ഞാൻ എന്ത് പറയാനാ?”

ഫൈസി വേഗം തിരിഞ്ഞിരുന്നു.

“എനിക്ക് തന്നേക്കെടാ… ഞാനെന്റെ പ്രാണൻ പോലെ കൊണ്ട് നടന്നോളാം ‘എന്ന് പറയണമെന്നുണ്ടായിരുന്നു.

കടലോളം മോഹം ഉള്ളിലുണ്ട് താനും.
പക്ഷേ… വീട്ടിലൊന്ന് സൂചിപ്പിക്കുക കൂടി ചെയ്യാതെ…

ഇറക്കി വിട്ടാലും അവളെ നെഞ്ചിലടക്കി പിടിച്ചു ജീവിക്കാൻ ഭയമൊന്നുമില്ല.
തന്റേടത്തോടെ തന്നെ അത് ചെയ്യും.

പക്ഷേ ഇന്നോളം… ഒരു വാക്ക് കൊണ്ട് പോലും നോവിക്കാത്ത ഉമ്മയെയും ഉപ്പയെയും ഓർത്തതും അവനതിനുള്ള ധൈര്യമില്ലായിരുന്നു.

എന്തൊക്കെ പറഞ്ഞാലും അവർക്ക് തന്റെ ഇഷ്ടത്തിന് നേരെ കണ്ണടക്കാൻ ആവില്ലെന്നൊരു തോന്നൽ.

ഇവളെ വിളിച്ചു കൊണ്ട് പെട്ടന്ന് കയറി ചെല്ലുമ്പോൾ ചിലപ്പോൾ… അതുണ്ടായെന്ന് വരില്ല.

അതാണ്.. അത് മാത്രമാണ് പിറകോട്ടു വലിക്കുന്നതും.പതിയെ അവരോട് പറയാൻ കാത്തിരിക്കുകയാണ്.

ക്രിസ്റ്റിയുടെ കണ്ണുകൾ അവനെ തന്നെ സൂക്ഷിച്ചു നോക്കിയിരിക്കുന്ന ഡെയ്സിയിൽ ഉടക്കി നിന്നു.

“ഞാൻ… ഞാനെന്തു വേണം അമ്മേ?”

പതിയെ അവനത് ചോദിക്കുമ്പോൾ ആ മുഖം പ്രകാശിക്കുന്നുണ്ടായിരുന്നു.

“കുന്നേൽ ബംഗ്ലാവ് നിന്റെ അപ്പൻ ഫിലിപ്പ് ഉണ്ടാക്കിയതാണ് മോനെ.. കിസ്റ്റി ഫിലിപ്പെന്ന നിന്റെ മാത്രം സ്വന്തമാണത്. അവിടേക്ക്… നിന്റെ അനിയത്തി കുട്ടിയെ കൈ പിടിച്ചു കൊണ്ട് പോകാൻ നീ ആരെയാണ് ഭയക്കുന്നത്?”

ഡെയ്സിയുടെ ചോദ്യം ക്രിസ്റ്റിയുടെ നെഞ്ചിലാണ് കൊണ്ടത്.

അവന്റെ മുഖം വലിഞ്ഞു മുറുകി.

“ഇത് കാലത്തിന്റെ നീതിയാണ് മോനെ. ആരെകൊണ്ടും തിരുത്താൻ കഴിയില്ലത്.
മീരാ വളരേണ്ടത്… ജന്മം കൊണ്ട് അവളുടെ അച്ഛനായ വർക്കി ചെറിയാന്റെ മുന്നിൽ തന്നെയാണ്. അതാണ് അയാൾക് കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷ. ഇവളുടെ അമ്മ ഒരായുസ്സ് മുഴുവനും വേദനിച്ചതിനുള്ള പരിഹാരം.. നീ അത് ചെയ്യുന്നു. നീ ഉള്ളപ്പോൾ.. നിന്റെ സംരക്ഷണമുള്ളപ്പോൾ ആർക്കും ഇവളെ ഒന്ന് നുള്ളി നോവിക്കാൻ കൂടി കഴിയില്ല. അമ്മക്കുറപ്പുണ്ട്. ധൈര്യമായിട്ട് വിളിച്ചു കൊണ്ട് പോടാ.. നിനക്കതിന് കഴിയും ”

ഡെയ്സി ആവേശത്തിൽ പറഞ്ഞു..

അത് കേട്ടതും ക്രിസ്റ്റിയുടെ കണ്ണുകൾ തിളങ്ങി..

അനുയോജ്യമായ ഒരു ഉത്തരം കിട്ടിയിരിക്കുന്നു.

ഇനിയെന്ത് ഭയക്കാൻ..?

ഇനിയാണ് ശെരിക്കുമുള്ള ജീവിതം..

ഇന്നോളം കിട്ടിയതിനെല്ലാം പകരം കൊടുത്തു കൊണ്ടുള്ള ജീവിതം..

അവന്റെ കൈകൾ മീരയുടെ കയ്യിൽ മുറുകി…

……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!