ഗാസയിൽ പലായനം ചെയ്യുന്നവര്‍ക്ക് അഭയം നല്കാന് സ്ഥലമില്ല; ഇന്ധനവും മരുന്നുമില്ലാതെ ആശുപത്രികൾ
ഗാസ: സംഘര്‍ഷം തുടരുന്ന ഗാസയില്‍ പലായനം ചെയ്യുന്നവര്‍ക്ക് അഭയം നല്‍കാനുള്ള സ്ഥലമില്ലെന്ന് ഐക്യരാഷ്ട്ര സഭയുടെ ഏജന്‍സി യുഎന്‍ആര്‍ഡബ്ല്യു. ഗാസയിലെ ജനങ്ങള്‍ക്ക് സുരക്ഷിതമായി താമസിക്കാന്‍ സ്ഥലമില്ലാതെ പലായനം ചെയ്യുന്നത് തുടരുകയാണെന്നും യുഎന്‍ആര്‍ഡബ്ല്യു സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യമാണെന്നും അവരെ താമസിപ്പിക്കാനുള്ള അഭയ കേന്ദ്രങ്ങളില്ലെന്നും യുഎന്‍ആര്‍ഡബ്ല്യു അറിയിച്ചു.
https://x.com/UNRWA/status/1825113520721039850
ഇസ്രയേല്‍ പുറത്തിറക്കിയ പലായന ഉത്തരവിനെ തുടര്‍ന്ന് മധ്യഗാസയില്‍ നിന്നും ആളുകള്‍ ഒഴിഞ്ഞുപോകാൻ നിര്‍ബന്ധിതരായിരിക്കുകയാണെന്നും യുഎന്‍ആര്‍ഡബ്ല്യു കൂട്ടിച്ചേര്‍ത്തു. അതേസമയം കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി ഗാസ മുനമ്പില്‍ നടക്കുന്ന ഇസ്രയേല്‍ ബോംബാക്രമണത്തില്‍ 21 പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഡെയര്‍ എല്‍ ബലാഹിലെ ഒരു കുടുംബത്തില്‍ നിന്നുമുള്ള ആറ് കുട്ടികളടക്കം എട്ട് പേര് ഇന്ന് കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. നുസൈറത്ത് ക്യാമ്പിലെ ഏഴ് പേരും ഇസ്രയേല്‍ ക്യാമ്പില്‍ കൊല്ലപ്പെട്ടു.
ആശുപത്രികളിലെ ഇന്ധനത്തിന്റെയും മരുന്നുകളുടെയും അഭാവത്തെത്തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ സേവനങ്ങള്‍ അവസാനിപ്പിക്കേണ്ടി വരുമെന്ന് കമാല്‍ അദ്വാന് ആശുപത്രി അറിയിച്ചു. റാഫയിലെ കുവൈത്തി ആശുപത്രിയിലെ ശസ്ത്രക്രിയകളും അവസാനിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
കൂടാതെ കഴിഞ്ഞ ദിവസം പത്ത് മാസം പ്രായമായ പിഞ്ചുകുഞ്ഞിന് പോളിയോ റിപ്പോര്‍ട്ട് ചെയ്തതോടെ ഗാസയിലെ ആരോഗ്യമേഖലയിലെ ആശങ്കകള്‍ വര്‍ധിക്കുകയാണ്. വൈറസിനെതിരെ ഗാസയിലെ കുട്ടികള്‍ക്ക് വാക്സിന് നല്‍കുന്നതിന് വേണ്ടി ആക്രമണത്തിന് താല്‍ക്കാലിക വിരാമമിടണമെന്ന ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്തിരുന്നു. പിന്നാലെയാണ് ഗാസയിലെ ആരോഗ്യ മന്ത്രാലയം ആദ്യ പോളിയോ കേസ് റിപ്പോര്‍ട്ട് ചെയതത്. തെരുവുകളിലെ മലിന ജലം, മരുന്നുകളുടെ അഭാവം, ഇസ്രയേല്‍ ഉപരോധം കാരണം വ്യക്തിഗത ശുചിത്വത്തിന് ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കുള്ള അഭാവം തുടങ്ങിയവയാണ് ഗാസയില്‍ വൈറസിന്റെ ആവിര്‍ഭാവത്തിന് കാരണമെന്നും ആരോഗ്യമന്ത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ 40, 099 പേര് കൊല്ലപ്പെട്ടു. 92,609 പേര്‍ക്ക് പരുക്കേറ്റു.