Novel

ശിശിരം: ഭാഗം 3

രചന: മിത്ര വിന്ദ

അപ്പച്ചി ഇല്ലേ ഇവിടെ ”

ഇല്ല ദുബായ് വരെ പോയതാ… എന്തെ മോനും പോണോ..

പിറു പിറുത്തു കൊണ്ട് അമ്മു അകത്തേക്ക് നടന്നു.

അമ്മേ… ദേ, ആരോ വിളിക്കുന്നു…ഒന്ന് ഇങ്ങട്  വരോയ്..

ആരാ മോളെ വന്നേ..

ആഹ്.. വന്നു നോക്ക്..എനിക്ക് ആളെ പിടികിട്ടിയില്ല

അവൾ അടുക്കളയിലേക്ക് വന്നപ്പോൾ ചെണ്ട മുറിയൻ കപ്പ എടുത്തു ഒരു പ്ലേറ്റിലേക്ക് ഇടുകയാണ് അമ്മ..

ആവി പൊന്തുന്ന കപ്പ എടുത്തു മേശയുടെ മുകളിൽ വെച്ച ശേഷം സതി ഉമ്മറത്തേക്ക് ചെന്നു.

അപ്പോളാണ് യദുവിനെ കാണുന്നത്.

ആഹ് മോൻ ആയിരുന്നോ, എന്നിട്ട് ആണോ അവള് പറഞ്ഞത് ആളെ അറിയില്ലന്നു… ഇങ്ങനെ ഒരു സാധനം…. ടി,, അമ്മു ആ കപ്പ ഇങ്ങട് എടുത്തേ,, ഉണക്കസ്രാവ് ചതച്ചു വെച്ചിട്ടുണ്ട് ചരുവത്തിന്റെ അടിയിലു….

സതിയമ്മ വിളിച്ചു പറഞ്ഞതും കുറച്ചു കഴിഞ്ഞു അമ്മു കപ്പയും മീൻ ചതച്ചതും ഒക്കെ ആയിട്ട് ഇറങ്ങി വന്നു.

അര ഭിത്തിയിൽ അത് കൊണ്ട് വെച്ചിട്ട് കാപ്പി വേണോയെന്ന് മുറ്റത്തേക്ക് നോക്കി ചോദിച്ചു.

യദു ഒന്നും പറയാതെ ഇരുന്നപ്പോൾ ഓരോ ഗ്ലാസ്‌ എടുത്തോളാൻ സതി അവളോട് പറഞ്ഞു.

ഏലക്കയും ജീരകവും ഒക്കെ ചേർത്ത കാപ്പി പൊടിഇട്ട് തിളപ്പിച്ച്  കാപ്പിയും കൂടി ഇരുവർക്കും കൊണ്ട് പോയി കൊടുത്ത ശേഷം അവൾ പതിയെ മുറ്റത്തേക്ക് ഇറങ്ങി.

അതിരിൽ നിന്ന ചെമ്പരത്തിയില കുറച്ചു പൊട്ടിച്ചു എടുത്തു.

“മുടി മുഴുവൻ കൊഴിഞ്ഞു തീർന്നു,, നേരെ കുറച്ചു എണ്ണ പോലും വെയ്ക്കില്ലലോ….കണ്ടില്ലേ കോഴിവാല് പോലെ ആയി

അവളെ നോക്കി കൊണ്ട് സതി പറഞ്ഞതും യദു ഒന്ന് മുഖം തിരിച്ചു നോക്കി.

താളി ഉണ്ടാക്കി പതച്ചു കുളിച്ചു ഇനി എപ്പോ വരാനാ പെണ്ണേ…. ആ മിക്സിയിൽ എങ്ങാനും എടുത്തു അരയ്ക്ക് കെട്ടോ..

അതൊന്നും ശരിയാവില്ല അമ്മേ.. ഇപ്പൊ ആറു മണി ആവുന്നേ ഒള്ളു..ഞാൻ പെട്ടന്ന് വരാം..അമ്മായി കൂട്ടിരുന്നോളും..

അഴിഞ്ഞു വീണ മുടി നിറയെ കാച്ചെണ്ണ തേച്ചു പിടിപ്പിച്ചു കൊണ്ട് അമ്മു വേഗം കുളത്തിന്റെ അടുത്തേക്ക്പോയി..

എന്നാൽ കിച്ചൻ അവളെ എതിർത്തു.

ഇപ്പൊ ഇനി കുളിക്കാനും നനക്കാനും ഒന്നും ഇറങ്ങാൻ നിൽക്കേണ്ട.. നീയാ വാഷ് റൂമിൽ എങ്ങാനും പോയി കേറ് കൊച്ചേ..

ഓഹ് അതിനായിരുന്നു എങ്കിൽ pi ഞാൻ എന്റെ വീട്ടിൽ കേറിയാൽ പോരെ… കിച്ചേട്ടൻ ഒന്ന് പോയെ, എനിക്ക് കുളിക്കണം…

പറഞ്ഞു കൊണ്ട് അവൾ മുന്നിട്ട് നടക്കാൻ ആഞ്ഞതും കിച്ചൻ അവളുടെ കാതിൽ പിടിച്ചു കിഴുക്കി വിട്ടു..

“യ്യോ… എനിക്ക് വേദനിക്കുന്നു കിച്ചേട്ടാ, വിട്ടേ അങ്ങട്…”

അമ്മു കിടന്നു അലറി കൂവി.

“അമ്മായി… ഓടി വന്നേ.. അമ്മായീടെ മോൻ ശരിയല്ല കേട്ടോ.. ”

അവൾ ഉറക്കെ പറഞ്ഞു കൊണ്ട് നിന്നപ്പോൾ അമ്മായി യും വന്നു അവളെ വഴക്ക് പറഞ്ഞു.

ഒടുവിൽ കുളത്തിലേക്ക് ഇനി പോകേണ്ട എന്ന് തീരുമാനിച്ചു കൊണ്ട് അമ്മു തിരിച്ചു വീട്ടിലേക്ക് പോയി..

കിച്ചനും അമ്മയും കുറേ പറഞ്ഞത് ആണ് അവളോട് ഇവിടെ കുളിച്ചിട്ട് പോവാന്. പക്ഷെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ പെണ്ണ് ഒരൊറ്റ പോക്കായിരുന്നു.

ഉമ്മറത്തു ഇരിക്കുന്ന യദുവിനെയും അമ്മയെയും മൈൻഡ് പോലും ചെയ്യാതെ നേരെ ചെന്നു കുളിമുറിയിൽ കയറി ഡോർ വലിച്ചു അടച്ചു.

തകര ആണ് കേട്ടോ, പറിച്ചു കളഞേക്കരുത്..

സതി അവളോട് വിളിച്ചു പറഞ്ഞു.

അവര് വഴക്ക് പറഞ്ഞു കാണും, അതാ പോയേലും വേഗത്തിൽ തിരിച്ചു വന്നത്…

യദുവിനെ നോക്കി ശബ്ദം താഴ്ത്തി പറഞ്ഞു കൊണ്ട് സതി കഴിച്ച പാത്രവും എടുത്തു അടുക്കളയിലെയ്ക്ക്പോയി.

അപ്പച്ചി, ഞാൻ ഇറങ്ങുവാ കെട്ടോ,,ചെന്നിട്ട് വായനശാല വരെ ഒന്നു പോണം

ഉറക്കെ പറഞ്ഞു കൊണ്ട് അവൻ മുറ്റത്തേക്ക് ഇറങ്ങി.

അമ്മു കുളി ഒക്കെ കഴിഞ്ഞു ഇറങ്ങി വന്നപ്പോൾ യദു യാത്ര പറഞ്ഞു പോയിരിന്നു.

വിളക്ക് കൊളുത്തലും നാമം ജപിക്കലും ഒക്കെ കഴിഞ്ഞു അമ്മുവും അമ്മയും കൂടി കുറച്ചു സമയം ഇരുന്ന് കഥകൾ ഒക്കെ പറയും.

അമ്മേടെ മടിയിൽ തല വെച്ചു കുറേ നേരം പെണ്ണ് അങ്ങനെ കിടക്കും.

സതി ആണെങ്കിൽ നല്ല അസ്സൽ ആയിട്ട് അവളുടെ മുടി മസ്സാജ് ചെയ്യുമ്പോൾ എല്ലാം മറന്നു
അത് ആസ്വദിക്കാറുണ്ട് അമ്മു.

“എന്റെ കുഞ്ഞിന് നല്ലോരു ജീവിതം കിട്ടണേ ന്റെ കാവിലമ്മേ….”

അമ്മയുടെ പെട്ടന്ന് ഉള്ള പറച്ചില് കേട്ടതും അമ്മു മടിയിൽ നിന്നും എഴുന്നേറ്റ് മുഖമുയർത്തി നോക്കി.

” എന്താമ്മേ..  പെട്ടെന്ന് ഇങ്ങനെ ഒരു പറച്ചില്”

“നിന്റെ കൂടെ പഠിച്ച, ശാരിയുടെ കല്യാണമാണെന്ന് നാളെ കഴിഞ്ഞ്”

” ആരു പറഞ്ഞു”

” യദുകുട്ടൻ..  അവന്റെ ഒരു കൂട്ടുകാരനാണ് കല്യാണം കഴിക്കുന്നത്”

” അതിന് നമുക്ക് എന്താ”

“ഒരേ പ്രായമല്ലേ മോളെ നീയും ആ കുട്ടിയുമൊക്കെ,ഓരോ ദിവസം ചെല്ലുന്തോറും എനിക്ക് ആദിയാണ്, കൊള്ളാവുന്ന ഏതെങ്കിലും ഒരുത്തന്റെ കയ്യിൽ നിന്നെ പിടിച്ചേൽപ്പിക്കണം എന്ന് മാത്രമേയുള്ളൂ എന്റെ പ്രാർത്ഥന ”

” ഞാൻ ഇങ്ങനെ സമാധാനത്തോടെയും സന്തോഷത്തോടെയും കഴിയുന്നത് കണ്ടിട്ട് അമ്മയ്ക്ക് കുശുമ്പ് കുറച്ചു ഒന്നുമല്ലല്ലോ”

“ഒന്നു പോയേ അമ്മു, ഗൗരവത്തിൽ എന്തെങ്കിലും പറയുമ്പോൾ നിന്റെ ഒരു അവിഞ്ഞ വർത്താനം ”

“അമ്മേ എനിക്ക് 22 വയസ്സ് കഴിഞ്ഞതല്ലേ ഉള്ളൂ,, മൂന്നാല് വർഷം കൂടി കഴിയട്ടെ,  എന്നിട്ട് ഏതെങ്കിലും കോന്തൻ വരുമോ എന്ന് നമുക്ക് നോക്കാം”

“മൂന്നാലു വർഷമോ,നിനക്കെന്താ തലയ്ക്ക് സുഖമില്ലേ അമ്മുട്ടി….”

” എന്റമ്മേ ഇപ്പോഴത്തെ കുട്ടികളൊക്കെ 30, 32 വയസ്സായതിനുശേഷം ആണ് വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നത് പോലും ”

“ഇതൊക്കെ നിന്നോടാരാ പറഞ്ഞേ, ഓരോരോ കണ്ടു പിടിത്തങ്ങളു “..

” ഒരു ഗവൺമെന്റ് ജോലി കിട്ടുമോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ,  അതിനുശേഷം മതി കല്യാണവും കച്ചേരിയും ഒക്കെ”

” അതൊക്കെ ഇനി എപ്പോഴാ മോളെ,”

” മാലയോഗം എന്ന് പറയുന്നത് അതിന്റെതായ സമയത്ത് നടക്കണം എന്നാ ചൊല്ല്,”

” ജോലി കാര്യവും അങ്ങനെയൊക്കെ തന്നെയാണ്  അമ്മേ,  കിട്ടേണ്ട സമയത്ത് കിട്ടിയില്ലെങ്കിൽ പിന്നെ പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല”

“നിന്നോട് തർക്കിക്കാൻ ഞാൻ ഇല്ല,എന്തായാലും നാളെ,ബ്രോക്കറ് മോഹനനോട് ഒന്നു പറയണം, നല്ല പയ്യന്മാർ ഉണ്ടെങ്കിൽ വന്നു കണ്ടിട്ട് പോട്ടെ ”

സതി ആണെങ്കിൽ എന്തൊക്കെയോ തീരുമാനിച്ചു ഉറപ്പിച്ച പോലെ ആയിരുന്നു സംസാരം.

വിവാഹ കാര്യം കേട്ടതും അമ്മുവിന് ദേഷ്യമായി.
അവൾ കൂടുതൽ ഒന്നും സംസാരിക്കാതെ കൊണ്ട്  അമ്മയുടെ അരികിൽ നിന്നും എഴുന്നേറ്റു പോകുകയും ചെയ്തു.

കഞ്ഞിയും പയറും പപ്പടവും ഒക്കെ ആയിരുന്നു രാത്രിയിൽഅവർക്ക് കഴിക്കാൻ വേണ്ടി സതി ഉണ്ടാക്കിയത്.

കഴിച്ചു കഴിഞ്ഞു അമ്മു വെറുതെ ഇളം തിണ്ണയിൽ ഇറങ്ങി ഇരുന്നു.

ചെറിയ തണുത്ത കാറ്റു വയലിൽ നിന്നും വീശുന്നുണ്ട്.
അകലെ എവിടെയോ മഴ പെയ്യുന്നുണ്ട്, അതാകും തണുപ്പ്
എന്ന് അവൾ ഓർത്തു.

അകലെ ചെമ്മൺ പാതയിലൂടെ യദുവിന്റെ ബുള്ളെറ്റ് വരുന്നത് അവൾ കണ്ടു.

ഒരു ശാരി, അവക്കടെ വിശേഷം പറഞ്ഞത് കൊണ്ടാ എന്റെ അമ്മ ഇത്രയും സങ്കടപ്പെട്ടത്… ഇങ്ങേരെ എന്റെ കൈയിൽ എങ്ങാനും കിട്ടിയിരുന്നുങ്കിൽ…

അമ്മു തന്നെ താനെ പറഞ്ഞു കൊണ്ട് പല്ല് ഞെരിച്ചു.

**

അടുത്ത ദിവസം കാലത്തെയും പതിവ് പോലെ അമ്മു, അമ്മാവന്റെ വീട്ടിലേക്ക് പോയി.

കിച്ചൻ ഉമ്മറത്തു ഇരുന്നു പേപ്പർ വായിക്കുന്നുണ്ട്.

ഹലോ മിസ്റ്റർ കിച്ചുസ്… ഗുഡ് മോണിംഗ്.

അവളുടെ ശബ്ദം കേട്ടതും കിച്ചു മുഖം ഉയർത്തി നോക്കി.

ഗുഡ്മോർണിംഗ്…. ഇന്നു നേരത്തെ ആണല്ലോ അമ്മുട്ടിയേ.. എന്ത് പറ്റി…

ഓഹ്… നേരത്തെ വന്നാൽ അതും കുറ്റം ആണോ…. അവനെ നോക്കി പെണ്ണൊന്നു കണ്ണുരുട്ടി

അമ്മായി എവിടെ… കണ്ടില്ലലോ കിച്ചേട്ടാ…

അകത്തു കാണും, ചെല്ല്..

കിച്ചു ന്യൂസ്‌ പേപ്പറിൽ കണ്ണും നട്ടു വീണ്ടും ഇരുന്നു.

അമ്മായി……

ഉറക്കെ വിളിച്ചു കൊണ്ട് അവൾ അടുക്കളയിലേയ്ക്ക് ചെന്നു.

ഓഹ്.. ഇവിടെ ഉണ്ട് മോളെ,,, വരുന്നേ

പിന്നിലെ ചാർത്തിൽ നിന്നും ഗിരിജ പറഞ്ഞതും അമ്മു അവരുടെ അടുത്തേക്ക് ചെന്നു.

പച്ച ഏത്തക്ക ഉരിഞ്ഞു എടുത്തു ചട്ടിയിൽ ഇട്ടു കൊണ്ട് അവർ ഇറങ്ങി വന്നു.
ഗിരിജ പഴക്കുലകൾ ഒക്കെ സൂക്ഷിച്ചു വെയ്ക്കുന്നത് ഇവിടെ ആണ്..അത് മാത്രം അല്ല കപ്പ, ചേന, കാച്ചിലു… എല്ലാം  ഭദ്രമാക്കി എടുത്തു വെയ്ക്കുന്നത് യദുവിന്റെ ജോലിയുമാണ്

അമ്മായിയോട് ഒപ്പം ഇരുന്ന് കായ കറി വെയ്ക്കാൻ നുറുക്കുകയാണ് അമ്മു.

മെഴുക്കുപുരട്ടി ആണോ അതോ തോരൻ വെയ്ക്കാനോ അമ്മായി..?

തോരൻ വെച്ചാൽ മതി, യദുനു അതാണ് ഇഷ്ട്ടം…
അമ്മായി പറഞ്ഞതും അവൾ വൃത്തിയായിട്ടു അത് അരിഞ്ഞു വെള്ളത്തിലേക്ക് ഇട്ടു വെച്ചു.

അമ്മേ…. ഇതാ മാങ്ങാ..

പിന്നാമ്പുറത്തു നിന്നും യദുവിന്റെ ശബ്ദo കേട്ടപ്പോൾ അമ്മു അവിടേക്ക് ഒന്നു എത്തി നോക്കി.

“മോളെ… അതിങ്ങട് വാങ്ങിക്കോ
ഇത്തിരി ചമ്മന്തി അരയ്ക്കാം,

കൈ ഒന്നു കഴുകി തോർത്തിലേക്ക് തുടച്ച ശേഷം അവൾ യദുവിന്റെ അടുത്തേയ്ക്ക് ചെന്ന്.

അവൻ ആണെങ്കിൽ ഒരു മാങ്ങ എടുത്തു അവളുടെ കൈലേയ്ക്ക് കൊടുത്തു.

ഒന്നേ ഒള്ളോ….

മ്മ്…..

രണ്ടെണ്ണം കൂടി പൊട്ടിയ്ക്ക് യദുവേട്ടാ,എനിക്ക് അത് വീട്ടിലേക്ക് കൊണ്ടുപോകാനാ,.

“വിളഞ്ഞില്ല, ഇതേ കിട്ടിയൊള്ളു…”

ഗൗരവത്തിൽ പറഞ്ഞു കൊണ്ട് അവൻ അവളെ മറി കടന്നു അടുക്കളയിലേക്ക് പോയി.

അമ്മു പതിയെ മാഞ്ചുവട്ടിലേയ്ക്ക് നടന്നു.

…….തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button