Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 51

രചന: റിൻസി പ്രിൻസ്

താൻ തൽക്കാലം ഞാൻ പറയുന്നത് അങ്ങോട്ട് കേട്ടാൽ മതി. ഇനിയിപ്പോൾ എന്റെ കൊച്ച് വളയ്ക്ക് കട്ടി ഇല്ലാത്തതു കൊണ്ട് ആരുടെ മുന്നിലും കൊച്ച് ആവാൻ നിൽക്കണ്ട.

ഏറെ സ്നേഹത്തോടെ അവനത് പറഞ്ഞപ്പോൾ അവന്റെ മുഖത്തേക്ക് നോക്കിയ അവളുടെ മിഴികൾ ഈറനണിഞ്ഞിരുന്നു.

“തന്റെ ഒരു കാര്യം..! എനിക്കറിയായിരുന്നു ഇപ്പോൾ കണ്ണ് നിറയുമെന്ന്, ഇതിനിപ്പോൾ കരയാനും മാത്രം എന്താടോ ഇരിക്കുന്നത്. തനിക്ക് വാങ്ങിയാലും എനിക്ക് വാങ്ങിയാലും എല്ലാം നമുക്കുള്ളതല്ലേ…?

അവളുടെ കൈയ്യിൽ ഒന്ന് മുറുക്കി അവൻ പറഞ്ഞു..

“എനിക്കത് വാങ്ങിത്തരാൻ വേണ്ടിയല്ല ഞാൻ സുധിയേട്ടനോട് കാര്യം പറഞ്ഞത്, എനിക്ക് എന്തോ മനസ്സിന് വല്ലാത്ത വിഷമം തോന്നിയപ്പോൾ ഞാൻ പറഞ്ഞു പോയതാണ്. ഞാൻ അങ്ങനെ കരുതിയ പറഞ്ഞതെന്ന് സുധിയേട്ടൻ തെറ്റ് ധരിച്ചോ…?

നിഷ്കളങ്കമായ അവളുടെ ചോദ്യത്തിനു മുൻപിൽ അവൻ ഒന്ന് ചിരിച്ചു പോയിരുന്നു.

“തന്റെ ഒരു കാര്യം..! താൻ ഈ കാര്യം പറയുന്നത് വരെ ഞാൻ അങ്ങനെ ഒന്നും ചിന്തിച്ചിട്ട് കൂടിയില്ല, താൻ എന്തിനാ ഇങ്ങനെ കടന്നു ചിന്തിക്കുന്നത്. അങ്ങനെയൊന്നുമില്ല എന്റെ ഭാര്യക്ക് കല്യാണം കഴിഞ്ഞ് ഞാൻ ആദ്യമായിട്ട് വാങ്ങിക്കൊടുക്കുന്ന ഒരു സമ്മാനം അത്രയുമെ കരുതിയിട്ടുള്ളൂ, വേഗം വള സെലക്ട് ചെയ്യ്. എനിക്ക് ഇത് ഒന്നും അറിയില്ല, തനിക്ക് ഇഷ്ടമുള്ളത് ഏതാണെന്ന് വച്ചാൽ അത് എടുത്തോ…?

പറഞ്ഞിട്ട് മൊബൈലും എടുത്തുകൊണ്ട് കുറച്ച് അപ്പുറത്ത് മാറി ഇരിക്കുന്നവനെ കണ്ട് അവൾക്ക് വല്ലാത്ത ഇഷ്ടവും ബഹുമാനവും ഒക്കെ തോന്നിയിരുന്നു. സെയിൽസ്മാൻ കാണിച്ചതിൽ നിന്നും വീതി കുറഞ്ഞ നല്ല കട്ടിയുള്ള രണ്ടര പവൻ വരുന്ന രണ്ട് വളകൾ അവന്റെ നിർദ്ദേശാനുസരണം അവൾ വാങ്ങിയിരുന്നു.

ഈ സമയത്ത് സതിയും സുഗന്ധിയും കൂടി പുറത്തുപോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.

” അമ്മ ഇപ്പോൾ എവിടെ പോവാ..?

ശ്രീലക്ഷ്മി വന്ന് അവരോട് ചോദിച്ചു..

“ഒരു അത്യാവശ്യമുണ്ട് ഒന്ന് പുറത്തുവരെ പോണം, ഞങ്ങൾ പോയിട്ട് ഇപ്പൊൾ വരും..

ശ്രീലക്ഷ്മിയോട് മറുപടിയും പറഞ്ഞ് രണ്ടുപേരുംകൂടി പോയത് കവലയിലുള്ള ജ്വല്ലറിയിലേക്കാണ്. തന്റെ കയ്യിൽ കിടന്ന വളയൂരി ജ്വല്ലറികാരനെ ഏൽപ്പിച്ച് ഇത് സ്വർണമാണോന്ന് നോക്കാൻ സുധി പറഞ്ഞപ്പോൾ അയാൾ പോലും അമ്പരന്നുകൊണ്ട് അവരെ ഒന്ന് നോക്കിയിരുന്നു.

” ഇന്നലെ വിവാഹത്തിന് ക്ഷണിച്ചതിൽ എന്റെ വീട്ടീന്ന് വന്ന ഒരാൾ തന്ന സമ്മാനം ആണ്, സ്വർണ്ണം ആണോന്നറിയില്ല, അതുകൊണ്ട് ആണ്. ഈ വിവാഹസമയത്ത് ഇങ്ങനത്തെ സാധനങ്ങളൊക്കെ തന്ന് പറ്റിക്കുന്നവർ ഒത്തിരി ഉണ്ട്. പണ്ട് സുഗന്ധിയുടെ കല്യാണത്തിന് ഇതുപോലെ ഒരുവട്ടം പറ്റ് പറ്റിയതാ.. അതുകൊണ്ട് സംശയം തീർത്തേക്കാം എന്ന് കരുതി,

ജ്വല്ലറിക്കാരന് ഒരു സംശയം വേണ്ടന്ന് കരുതി അവർ പറഞ്ഞപ്പോൾ അയാൾ നന്നായി ഒന്ന് ചിരിച്ചിരുന്നു. ശേഷം അവർ പറഞ്ഞതിനെ അനുകൂലിച്ചത് പോലെ മറുപടി പറഞ്ഞു.

” അങ്ങനെയുമുണ്ട് കുറച്ചുപേർ. എന്ത് ചെയ്യാനാ. ഇപ്പോൾ തന്നെ നോക്കാം,

അതും പറഞ്ഞ് അയാൾ സ്വർണം നന്നായി ഒന്ന് ഉരച്ചു നോക്കി.

” ഏതായാലും ഈ വട്ടം പണി കിട്ടിയിട്ടില്ല കേട്ടോ, ഇത് സ്വർണം ആണ് 22 ക്യാരറ്റ് 916 സ്വർണം. ഒന്നര പവനും കഴിഞ്ഞ് 500 മില്ലിയോളം ഉണ്ട്.

അത് കേട്ടപ്പോഴാണ് സതിയുടെ മുഖത്ത് ഒരു ആശ്വാസം വീണത്. അതോടൊപ്പം തന്നെ അവർക്ക് നിരാശയും തോന്നി, അഥവാ ഇത് സ്വർണം അല്ലായിരുന്നുവെങ്കിൽ ഇത് പറഞ്ഞുകൊണ്ട് മീരയെ ഒന്ന് കൊച്ചാക്കാം എന്നും അതിന്റെ പേരിൽ സുധിയോട് പറഞ്ഞു വലിയൊരു പ്രശ്നത്തിന് തുടക്കം കുറിക്കാമെന്ന് ഒക്കെയായിരുന്നു അവർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അതൊന്നും നടക്കില്ലന്ന് അറിഞ്ഞപ്പോൾ ഒരേ നിമിഷം തന്നെ അവർക്ക് സങ്കടവും അമർഷവും തോന്നിയിരുന്നു.

ജ്വല്ലറിയിൽ നിന്ന് ഇറങ്ങിയതും സുധിയും മീരയും കൂടി നേരെ പോയത് ഒരു ടെക്സ്റ്റൈൽ ഷോപ്പിലേക്ക് ആണ്. അവിടെ ചെന്ന് അമ്മയ്ക്കും അനുജത്തിമാർക്കും കുറച്ച് വസ്ത്രം മീരയെ കൊണ്ട് സുധി വാങ്ങിച്ചു. അവൾ വേണ്ട എന്ന് പറഞ്ഞിരുന്നു എങ്കിലും സമ്മതിക്കാതെ സുധി പുതിയ വസ്ത്രം വാങ്ങിപ്പിച്ചു. ഇതിനിടയിൽ വില കുറഞ്ഞത് മതിയെന്ന് മീര പറഞ്ഞപ്പോൾ സുധി നല്ല വിലയുള്ള ബ്രാൻഡ് സാധനം തന്നെയാണ് എല്ലാവർക്കും വേണ്ടി തിരഞ്ഞെടുത്തത്.

“ഇത്രയും വിലയുടെ സാധനങ്ങൾ ഒന്നും വേണ്ട സുധിയേട്ടാ, വിലക്കുറവിന്റെ എന്തെങ്കിലും വാങ്ങിയാൽ മതി..!

” ഞാനാദ്യമായിട്ടല്ലേ തന്റെ വീട്ടിലുള്ളവർക്ക് എന്തെങ്കിലും വാങ്ങിക്കൊടുക്കുന്നത്. ഏറ്റവും നല്ല സാധനം തന്നെ വേണമെന്ന് എനിക്കൊരു നിർബന്ധം കാണില്ലേ..? താൻ വേണ്ടെന്നു പറയരുത്, താൻ വേണ്ടെന്നു പറഞ്ഞാൽ പിന്നെ എനിക്കത് ചെയ്യാൻ തോന്നില്ല…

അത്രയും ആത്മാർത്ഥമായി പറയുന്നവനെ എതിർക്കാൻ പിന്നെ അവൾക്ക് തോന്നിയിരുന്നില്ല. രണ്ടുപേരും പിന്നെ കയറിയത് ഒരു ഹോട്ടലിലാണ് അവിടെ നിന്നും ഓരോ ബിരിയാണിയും കഴിച്ചാണ് യാത്ര തുടർന്നത്.

” നാളെ വൈകിട്ട് നമുക്ക് തന്റെ വീട്ടിൽ ഇറങ്ങണം കേട്ടോ, ആകെ കുറച്ച് ലീവ് ഉള്ളൂ, അതിനിടയ്ക്ക് എല്ലാ ബന്ധുക്കളുടെയും വീട്ടിൽ ഒരു ഓട്ടപ്രദക്ഷിണം നടത്തണം. ഇല്ലെങ്കിൽ പിന്നെ എല്ലാവർക്കും പരാതി അതുമതി..

ഡ്രൈവിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ചിരിയോടെ അവൻ പറഞ്ഞു.

” അതെ തനിക്ക് എന്നാ ക്ലാസ് തുടങ്ങുന്നത്…?

“അടുത്തമാസം പകുതിയോടെ തുടങ്ങും..

” വീട്ടിൽ നിന്ന് പോയി വരാൻ ബുദ്ധിമുട്ടുണ്ടോ..? രണ്ട് ബസ് മാറി കയറണം എങ്കിലും ഇരുട്ടുന്നതിനു മുൻപ് വീട്ടിൽ വരാൻ പറ്റുമായിരിക്കും,

” കുറച്ചുദിവസം പോയി നോക്ക് പറ്റുന്നില്ലെങ്കിൽ നമുക്ക് അവിടെ ഹോസ്റ്റലിൽ നിൽക്കാം, അല്ലെങ്കിൽ തന്റെ വീട്ടിൽ നിക്കാം, അങ്ങനെ എന്തെങ്കിലും ചെയ്യാം ക്ലാസ്സ് കഴിയുന്നതുവരെ..

അവനങ്ങനെ പറഞ്ഞപ്പോൾ അവൾക്കൊരു അല്പം ആശ്വാസം തോന്നിയിരുന്നു. ആ നിമിഷമാണ് അവൻ തിരികെ പോയാൽ ഉള്ള സമയങ്ങളെക്കുറിച്ച് അവൾ ചിന്തിച്ചത്. ഇതുവരെ അവൻ ഒപ്പമുള്ളതുകൊണ്ട് ഒരു അല്ലലും താൻ അറിഞ്ഞിരുന്നില്ല. ഒരു സുരക്ഷാ വലയം പോലെ അവന്റെ കരങ്ങൾ തന്നെ താങ്ങി നിർത്തുന്നുണ്ടായിരുന്നു. അവൻ പോയി കഴിഞ്ഞാൽ ആ സുരക്ഷിതത്വം തനിക്ക് ലഭിക്കുമോ.? അവളുടെ മനസ്സിൽ ആ ചോദ്യം ഉയർന്നു വന്നു. ഓരോന്ന് ആലോചിച്ചു കൊണ്ട് വീട് എത്തിയത് അവൾ അറിഞ്ഞില്ല. വണ്ടി നിർത്തിയപ്പോഴാണ് വീട്ടിലെത്തി എന്ന് അവൾക്ക് മനസ്സിലായത്. ഉള്ളം തുടി കൊട്ടാൻ തുടങ്ങി. അല്ലെങ്കിലും സ്വന്തം വീട്ടിലേക്കുള്ള യാത്രകൾ ഏതൊരു മനുഷ്യനെയും ഒരു കൊച്ചു കുട്ടി ആകുമല്ലോ. ഒരു രാത്രി ഇവിടെ നിന്ന് മാറി നിന്നതേയുള്ളൂ, പക്ഷേ ഒരുപാട് ദിവസങ്ങളായി വന്നിട്ട് എന്നതുപോലെ തോന്നുന്നു. അത്രയും പ്രിയപ്പെട്ട ഒരിടത്ത് എത്തിയപ്പോഴേക്കും മുഖം ഒന്ന് നന്നായി തെളിഞ്ഞു. അത് സുധിയും മനസ്സിലാക്കിയിരുന്നു. രണ്ടുപേരും വീട്ടിലേക്ക് നടക്കുന്നതിനിടയിലാണ് തൊട്ടടുത്തുള്ള വീട് ചൂണ്ടിക്കാണിച്ചുകൊണ്ട് മീര പറഞ്ഞത്

” ആ വീട്ടിലെ കുട്ടിയെ ആണ് സുധിയേട്ടൻ അന്ന് കാണാൻ വന്നത്.. അന്ന് അവരുടെ ആരോ മരിച്ചു പോയതുകൊണ്ട് എന്നെ കാണാൻ വേണ്ടി എത്തിയത്..

സുധിയും ആ സംഭവത്തെക്കുറിച്ച് ഓർത്തിരുന്നു. ഒരു നിമിത്തം പോലെ അന്നത്തെ ദിവസം ഇവിടെ എത്തിയതും, ആ പെൺകുട്ടിയെ കാണാൻ പറ്റാതെ തിരികെ പോകാൻ തുടങ്ങിയപ്പോൾ ബ്രോക്കർ അടുത്തുതന്നെ മറ്റൊരു പെൺകുട്ടി ഉണ്ടെന്ന് പറഞ്ഞതുമൊക്കെ. അവന്റെ ചൊടിയിൽ ഒരു പുഞ്ചിരി വിടർന്നു.

“എന്നിട്ട് ആ കുട്ടിയുടെ വിവാഹം കഴിഞ്ഞൊ.?

” ഇല്ലില്ല അവര് ഗൾഫുകാരെയാ നോക്കുന്നത്. ആരെയും കിട്ടിയില്ലെന്ന് തോന്നുന്നു.

” അതെന്താ അങ്ങനെ ഒരു നിർബന്ധം..

” ആ കുട്ടിയുടെ അച്ഛൻ ഗൾഫിലായിരുന്നു. അതുകൊണ്ടാവും, പിന്നെ സാമ്പത്തികവും കാണും..

“എല്ലാവരുടെയും വിചാരം ഗൾഫുകാരുടെ കയ്യിൽ ഒത്തിരി പണം ഉണ്ടെന്ന് ആണ്. അവരുടെ ബുദ്ധിമുട്ട് അവർക്കല്ലേ അറിയൂ, രാത്രിയും പകലും ഒക്കെ ഉറക്കമിളച്ചുണ്ടാക്കുന്ന പണം ആണ്. അത് വെറുതെ നാട്ടിൽ ഒരു ലീവിന് വന്നു പൊട്ടിച്ചു കളയും, ഓരോ അവധി കഴിയുമ്പോഴും ഓരോ ഗൾഫുകാരനും ചെയ്യുന്നത് അതുതന്നെയാണ്. ഒരു മാസം രാജാവായിട്ട് ജീവിക്കാൻ വേണ്ടി ബാക്കിയുള്ള മാസങ്ങളിൽ ഒക്കെ അടിമയെ പോലെ പണിയെടുക്കുന്നു.

ഒരു തമാശയുടെ ആണ് അവനത് പറഞ്ഞതെങ്കിലും ഓരോ പ്രവാസിയുടെയും അവസ്ഥ ഇതാണെന്ന് ആ നിമിഷം മീരയും ചിന്തിച്ചിരുന്നു. ഓരോന്ന് പറഞ്ഞ് ചിരിച്ചുകൊണ്ട് പടിക്കെട്ടുകൾ ഇറങ്ങിവരുന്ന മീരയും സുധിയെയും കണ്ടപ്പോൾ വാതിൽക്കൽ നിന്ന മാധവിയുടെ ഹൃദയം നിറഞ്ഞിരുന്നു. ഏറെ സന്തോഷത്തിൽ അവർ മക്കളോട് രണ്ടുപേരും വന്നു എന്ന് വിളിച്ചു പറഞ്ഞു. പിന്നെ ഉടുത്തിരുന്ന സാരിയിൽ മുഖം നന്നായെന്ന് തുടച്ചു. എന്നിട്ട് ഉമ്മറത്തേക്ക് ഇറങ്ങി. അപ്പോഴേക്കും സുധിയും മീരയും പടിക്കെട്ടുകൾ ഇറങ്ങി വന്നിരുന്നു.

” താമസിച്ചുപോയോ മക്കളെ…?

ഏറെ വാൽസല്യത്തോടെ മാധവി ചോദിച്ചു.

“മനഃപൂർവം താമസിച്ചത് ആണ് അമ്മേ…ഞങ്ങൾ രാവിലെ തന്നെ വീട്ടിൽ നിന്ന് ഇറങ്ങിയത് ആണ്. വണ്ടിയൊക്കെ പതുക്കെ ആണ് ഓടിച്ചത്. വൈകുന്നേരം ഇവിടെ എത്തുമെന്നല്ലേ പറഞ്ഞത് അതുകൊണ്ട് അമ്മ വരട്ടെ എന്ന് കരുതിയാണ്.

സുധിയാണ് മറുപടി പറഞ്ഞത്.. യാതൊരു അപരിചിതത്വവും കാണിക്കാതെ പെട്ടെന്ന് മറുപടി പറഞ്ഞവനോട് അവൾക്ക് വീണ്ടും ഒരു ബഹുമാനം തോന്നിയിരുന്നു. സാധാരണ ആദ്യമായി വീട്ടിൽ വരുന്നവർ ഒന്ന് മാറിനിൽക്കുന്നത് പതിവാണ്.. അവൻ അങ്ങനെ ചെയ്യാത്തതിൽ അവൾക്ക് വല്ലാതെ സന്തോഷം തോന്നിയിരുന്നു.

” ഞാനിന്ന് പണിക്ക് പോയില്ല. നിങ്ങൾ കേറി വാ,

സന്തോഷത്തോടെ മാധവി ഇരുവരെയും അകത്തേക്ക് ക്ഷണിച്ചു…….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button