മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവർ ഭാഗമാകുന്നു, ഇത് പോലീസിന് പുതിയ മുഖം നൽകുന്നു: മുഖ്യമന്ത്രി
മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവർ പോലീസിന്റെ ഭാഗമാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് പോലീസിന് പുതിയ മുഖം നൽകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴക്കൂട്ടത്ത് നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തിയത് പോലീസിന്റെ മികവാർന്ന അന്വേഷണത്തിലൂടെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വയനാട് ദുരന്തമുഖത്ത് കേരളാ പോലീസ് നടത്തിയ പ്രവർത്തനം പ്രശംസനീയമാണ്. മറ്റ് പ്രധാന ഏജൻസികളോട് കിടപിടിക്കുന്ന രീതിയിലായിരുന്നു പോലീസിന്റെ പ്രവർത്തനം. ദുരന്തത്തെ നേരിടാൻ പോലീസ് സേനയിൽ പ്രത്യേക വിഭാഗത്തെ സജ്ജമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വന്തം ജീവൻ തൃണവൽക്കരിച്ചുകൊണ്ടാണ് എല്ലാവരും പ്രവർത്തിച്ചതെന്നും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്നതിനായിരുന്നു പോലീസ് പ്രാധാന്യം കൊടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള പോലീസിന് മാനവിക മുഖം കൈവന്നിട്ടുണ്ട്. പോലീസിന് എപ്പോഴും ജനങ്ങളോട് മൃദുഭാവം ആയിരിക്കണം. ജനങ്ങളുടെ ബന്ധുവായി പോലീസ് പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.