Kerala
രഞ്ജിത്തിനെതിരായ ആരോപണം തെളിഞ്ഞാൽ നടപടി ഉറപ്പ്; വിശദീകരണവുമായി സജി ചെറിയാൻ
രഞ്ജിത്തിനെതിരെ ബംഗാളി നടി നടത്തിയ ലൈംഗികാരോപണത്തിൽ വീണ്ടും പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ. തെറ്റ് ആര് ചെയ്താലും സർക്കാർ സംരക്ഷിക്കില്ല. രഞ്ജിത്തിനെതിരായ ആരോപണം തെളിഞ്ഞാൽ നടപടി ഉറപ്പാണെന്ന് മന്ത്രി പറഞ്ഞു. രാവിലെ നടത്തിയ പ്രതികരണം വിവാദമായതിന് പിന്നാലെയാണ് ഫേസ്ബുക്കിൽ കൂടുതൽ വിശദീകരണവുമായി സജി ചെറിയാൻ രംഗത്തുവന്നത്.
തെറ്റ് ആര് ചെയ്താലും സർക്കാർ സംരക്ഷിക്കില്ല. ചലചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരായ ആരോപണം തെളിഞ്ഞാൽ നടപടി ഉറപ്പ്, എന്നായിരുന്നു സജി ചെറിയാൻ ഫേസ്ബുക്കിൽ കുറിച്ചത്.
നടി പരാതി നൽകിയാൽ രഞ്ജിത്തിനെതിരെ നടപടി സ്വീകരിക്കാമെന്നായിരുന്നു സജി ചെറിയാൻ രാവിലെ പറഞ്ഞത്. പരാതി ലഭിച്ചാൽ കേസെടുത്ത് അന്വേഷിച്ച് വേണം കുറ്റക്കാരനാണോയെന്ന് അറിയാനെന്നും സജി ചെറിയാൻ പറഞ്ഞിരുന്നു.