❤️പറയാതെ പോയ പ്രണയം..❤️ : ഭാഗം 4
രചന: തസ്‌നി
മറുതലയ്ക്കൽ വീണ്ടും ശബ്ദം കേട്ടപ്പോഴാണ് ബോധതലത്തിലേക്ക് വന്നത്…
ഫോൺ എടുത്തു ചെവിയോട് ചേർത്തു..
“ഹലോ…കുറേ നേരമായല്ലോ ഫോൺ വിളിച്ചു മിണ്ടാതിരിക്കുന്നെ…ഇതെന്താ മനുഷ്യനേ കളിപ്പിക്കുന്നതാണോ…. ”
കലിപ്പിലുള്ള അവന്റെ സംസാരം കേട്ട് ഹൃദയമിടിപ്പ് കൂടി….
“ഹ..ലോ…”
ഉള്ളിലുള്ള വിറയൽ വാക്കുകളിലേക്കും പടർന്നു..
“ഹലോ…ആരാ ഇത്..”
“ഞാൻ….ഞാൻ ഹൈറയാ….”
കുറച്ചു നേരത്തേക്ക് അപ്പുറത് നിന്ന് മറുപടിയൊന്നും കേട്ടില്ല….
“ആഹാ…ഹൈറയോ….ജീവനോടെ ഉണ്ടോന്ന് അറിയാൻ വിളിച്ചതാണോ….ഏയ് അതിനു വഴിയില്ല…പിന്നെ കല്യാണം പറയാൻ വിളിച്ചതാണോ….അതും പറയാൻ മാത്രം നമ്മൾ തമ്മിൽ എന്താ ബന്ധം അല്ലേ…”
അവന്റെ വാക്കുകളിലെ പരിഹാസം കണ്ണുനീരിന്റെ ഒഴുക്കിന്റെ ശക്തി ഒന്ന് കൂടി കൂട്ടി…എന്ത് പറയണമെന്ന് അറിയാതെ വാക്കുകൾ കിട്ടാതെ കുഴഞ്ഞു…
എന്റെ നിശബ്ദത കണ്ടിട്ടായിരിക്കാം അവന്റെ തന്നെ സംസാരം തുടർന്നു…
“താൻ എന്തായാലും വിളിച്ചത് നന്നായി….ഞാൻ കുറേ ആയി നിന്നെ കോൺടാക്ട് ചെയ്യാൻ ട്രൈ ചെയ്യുന്നു….”
അത് കേട്ടപ്പോൾ മനസ്സിൽ ഒരു കുളിർ അലയടിച്ചെങ്കിലും തുടർന്നുള്ള അവന്റെ വാക്കുകൾ അത് പാടെ തകർക്കാനുള്ളതായിരുന്നു…
“എന്റെ മാരേജ് ഫിക്സ് ചെയ്തു….എൻഗേജ്മെന്റ് കഴിഞ്ഞു….ഉപ്പാന്റെ ഫ്രണ്ടിന്റെ മകളാണ്….ഒന്നുമില്ലെങ്കിലും ആദ്യമായി മനസ്സിൽ പ്രതിഷ്ഠിച്ച പെണ്ണല്ലേ നീ…അപ്പൊ നിന്നോട് ഈ വിവരം എന്തായാലും പറയണമെന്ന് കരുതി….”
അവന്റെ വാക്കുകൾ കേട്ട് ഇപ്പൊ തന്നെ ഭൂമിയിലേക് താഴ്ന്നു പോയെങ്കിൽ എന്ന് ഒരുവേള ചിന്തിച്ചു….ഉയർന്നു വന്ന തേങ്ങലുകൾ പിടിച്ചു നിർത്താൻ പറ്റാതായി…അറിയാതെ തന്നെ വിരലുകൾ കാൾ എൻഡ് ബട്ടണിൽ അമർന്നു…
മനസ്സ് മരവിച്ചതോടൊപ്പം ശരീരത്തിന്റെ ഭാരം ഒരു തൂവൽ കണക്കെ ആകുന്നത് അവൾ പാതി തുറന്ന കണ്ണുകളാലെ അറിഞ്ഞു…. പതിയെ നിലത്തേക്ക് പതിച്ചു…
കണ്ണുകൾ തുറന്നു നോക്കിയപ്പോൾ കറങ്ങുന്ന ഫാൻ ആണ് കണ്ടത്….പതിയെ തലചെരിച്ചു നോക്കിയപ്പോൾ കണ്ടു ബെഡിന്റെ ഒരറ്റത്ത് ഇരുന്നു കണ്ണീർ വാർക്കുന്ന ഉമ്മയെ….കുറച്ചു നിമിഷങ്ങൾ വേണ്ടി വന്നു എല്ലാം തിരിച്ചറിയാൻ….എഴുന്നേൽക്കാൻ നോക്കുമ്പോ കയ്യിൽ ഡ്രിപ് ഇട്ടിട്ടുണ്ട്…കണ്ണ് തുറന്നത് കണ്ട് ഉമ്മാ ഓടി അരികിലെത്തി…..കവിളിലും നെറ്റിയിലുമൊക്കെ കണ്ണീരിൽ കുതിർന്ന ചുംബനങ്ങളാൽ മൂടി….
“എന്താ എന്റെ മോൾക്ക് പറ്റിയേ….ഉമ്മാ പേടിച്ചു പോയല്ലോ മോളെ….”
ഉമ്മാ പതം പറഞ്ഞു കരയാൻ തുടങ്ങി…
“എന്റെ ഉമ്മാ….നിങ്ങളെ മോൾക്ക് ഒന്നുല്ല….ബിപി ഒന്ന് ലോ ആയതാ….ഇങ്ങനെ ടെൻഷൻ ആകല്ലേ…”
അടുത്തുള്ള ഒരു നേഴ്സ് ഉമ്മയുടെ ഷോൽഡറിൽ തട്ടിക്കൊണ്ടു പറഞ്ഞു…
ഡ്രിപ് തീർന്നാൽ വീട്ടിൽ പോകാമെന്നു പറഞ്ഞു നേഴ്സ് പോയി…ഉമ്മാ ആരെയോ ഫോൺ വിളിക്കാൻ വേണ്ടി പുറത്തേക്ക് പോയി…
മനസ്സിൽ മുഴുവൻ അവന്റെ പറഞ്ഞ വാക്കുകൾ ആയിരുന്നു….എത്ര പിടിച്ചു വെച്ചിട്ടും കണ്ണുനീർ ഒഴുകി കൊണ്ടിരുന്നു….
മറക്കാൻ ശ്രമിക്കും തോറും ഓർമ്മകൾ മനസ്സിനെ കുത്തിനോവിച്ചു കൊണ്ടിരുന്നു….
അഞ്ചു വർഷമായി മനസ്സിൽ കൊണ്ട് നടന്ന പ്രണയം, ഇന്നിതാ വെറുമൊരു ഓർമ മാത്രമാകുന്നു….അവനെ എങ്ങനെ കുറ്റം പറയും…അവൻ പറഞ്ഞതുപോലെ അതിന് മാത്രം നമ്മൾ തമ്മിൽ എന്ത് ബന്ധം ആണല്ലേ….
ഇല്ല….ഈ ജന്മം എനിക്ക് മറക്കാൻ പറ്റില്ല…എന്റെ പ്രാണൻ ആണവൻ…എന്റെ ജീവനും….ചിലപ്പോ അവൻ സ്നേഹിച്ചതിന്റെ പതിന്മടങ്ങ് ഞാൻ സ്നേഹിക്കുന്നുണ്ടാകാം….
തെറ്റ് മുഴുവൻ എന്റെ ഭാഗത്താ….അന്ന് ജീവിതം ഒന്ന് കരയ്ക്കടുപ്പിക്കാനുള്ള വ്യഥയിൽ പറയാതിരുന്ന പ്രണയം ഇന്നിതാ എന്റെ ജീവൻ പോലും എടുക്കാനുള്ള ഒരു ഓര്മയാകുന്നു….
ചിന്തകൾ കാട് കയറും മുന്നേ ഉമ്മയുടെ കാൽപ്പെരുമാറ്റം കേട്ടു, ഒഴുകുന്ന കണ്ണുനീരിനെ തുടച്ചു മാറ്റി…
7 മണി കഴിന്നിരുന്നു വീട്ടിൽ എത്തുമ്പോൾ…ഉമ്മാ പറഞ്ഞിട്ടാണ് അറിഞ്ഞത്, അടുത്ത വീട്ടിലെ സാബു ചേട്ടനാണ് ഹോസ്പിറ്റലിൽ എത്തിച്ചത് എന്ന്….കൂടുതൽ ഒന്നും ചോദിക്കാൻ ഉമ്മയോ പറയാൻ ഞാനോ നിന്നില്ല…ക്ഷീണം കാരണം നിസ്കരിച്ചിട്ട് വേഗം കിടന്നു….
ഉമ്മാ രാത്രി ഫുഡ് കഴിക്കാൻ വിളിച്ചപ്പോഴാണ് ഉറക്ക് ഞെട്ടിയത്…
ഭക്ഷണം കഴിക്കാനിരുന്നിട്ടും മനസ്സ് നൂലില്ല പട്ടം പോലെ പറന്നു നടന്നു…എപ്പോഴും കഴിക്കാനിരുന്നാൽ ഹാനൂനോട് വഴക്കിടുന്ന ഞാൻ ഇന്ന് മൗനം പാലിച്ചപ്പോൾ അത് അവരെ തെല്ല് വേദനിപ്പിച്ചെന്ന് അറിഞ്ഞു…എങ്കിലും ആരോടും ഒന്നും പറയാൻ പോലും പറ്റുന്നില്ല…എങ്ങനെയൊക്കെയോ കഴിച്ചെന്നു വരുത്തി എഴുന്നേറ്റു….
ഇറയതിറങ്ങി മുറ്റത്തെ കല്ലുകെട്ടിൽ പോയിരുന്നു….മനസ്സിനെ എത്ര ശ്രമിച്ചിട്ടും പിടിച്ച നിർത്താൻ പറ്റാത്ത പോലെ….ഫോൺ എടുത്ത് ശ്രീയെ വിളിച്ചു…ഈ ഒരു സമയം അവളുടെ വാക്കുകൾക്ക് മാത്രമേ മനസ്സിലെ വിഷമങ്ങൾ കുറച്ചെങ്കിലും ശമിപ്പിക്കാൻ കഴിയൂ….
ശ്രീയോട് കാര്യങ്ങളൊക്കെ പറയുമ്പോയേക്കും ഞാൻ പൊട്ടികരഞ്ഞിരുന്നു….അവളുടെ വാക്കുകൾ മനസ്സിനെ കുറച്ചൊന്നു തണുപ്പിച്ചു…
മറക്കാൻ പറ്റുമോ എന്നറിയില്ല…എങ്കിലും ശ്രമിക്കണം…എനിക്ക് ഇനിയും അവന്റെ ഓർമകളെ താലോലിക്കാനുള്ള അവകാശമില്ല….പറഞ്ഞ് പഠിപ്പിക്കണം മനസ്സിനെ, അവൻ ഇനിയും എന്റേതല്ലെന്ന്…
തോളിൽ പതിഞ്ഞ സ്പര്ശനമാണ് ചിന്തകൾക്ക് കടിഞ്ഞാൺ ഇട്ടത്….
ഞാൻ ഇരുന്ന കല്ലിന്റെ തൊട്ടരികിൽ തന്നെ ഉമ്മയും വന്നിരുന്നു…
മൗനങ്ങൾ വാചാലമായ നിമിഷങ്ങൾ ആയിരുന്നു ഇരുവർക്കും….
“മോളെ….”
ഉമ്മയുടെ വിളിയിൽ ഒന്ന് മൂളിയത് അല്ലാതെ മുഖത്തേക്ക് നോക്കിയില്ല…നോക്കിയാൽ എനിക്ക് ചിലപ്പോൾ എന്റെ നിയന്ത്രണം നഷ്ടപ്പെടും…..
വയ്യ….ഇനിയും ഉമ്മയെ വേദനിപ്പിക്കാൻ…
ഉപ്പ മരിച്ചതിനു ശേഷം കഷ്ടപ്പെട്ട് മറ്റുള്ളവരുടെ ആട്ടും തുപ്പും കേട്ട് കൊണ്ടാണ് ഉമ്മാ നമ്മളെ വളർത്തിയത്…ഇനിയും വിഷമിപ്പിച്ചത് ഉപ്പ പോലും എന്നോട് പൊറുക്കില്ല….
ഇനി ഉമ്മയുടെ ഇഷ്ടത്തിന് നിന്നു കൊടുക്കണം
കണ്ണുകളൊക്കെ തുടച്ചു ഉമ്മയുടെ തോളിൽ ചാരി ഇരുന്നു…
“എന്റെ മോൾക് എന്നാ പറ്റിയേ….
ആദ്യമായിട്ടാ ഉമ്മാ മോളെ ഈ അവസ്ഥയിൽ കാണുന്നെ…. ഉമ്മാ ഇന്നലെ കല്യാണ കാര്യം പറഞ്ഞോണ്ടാണോ….എനിക്ക് എന്തേലും പറ്റും മുന്നേ മോളെ ഒരാളെ കയ്യിൽ ഏൽപ്പിച്ചാൽ ഈ ഉമ്മാക് സമാധാനം അല്ലേ മോളെ…ഉപ്പ മരിക്കാൻ കിടന്നപ്പോഴും പറഞ്ഞത് എന്റെ ഈ മോളെ കുറിച്ചാ…. ഒരു രാജകുമാരിയെ പോലെ മോളെ വളർത്തണം എന്നായിരുന്നു ഉപ്പാന്റെ ഏറ്റവും വലിയ ആഗ്രഹം.. പക്ഷേ ആ ഉപ്പ അറിയുന്നില്ലലോ സ്വന്തം ഇഷ്ടങ്ങൾ പോലും മാറ്റിവെച്ചു നമുക്ക് വേണ്ടി ജീവിക്കുകയാ നമ്മളെ രാജകുമാരിയെന്ന്….
മോൾ ഇനിയും അതോർത്തു ടെൻഷൻ ആകേണ്ട…ഉമ്മാ ഇനി കല്യാണ കാര്യം പറയില്ല…. അവരോട് ഉമ്മാ വിളിച്ചു പറഞ്ഞോളാം…. ”
കരഞ്ഞു കൊണ്ടായിരുന്നു ഉമ്മാ സംസാരം നിർത്തിയത്…ശ്രീയും എന്നോട് പറഞ്ഞ ഒരേ ഒരു കാര്യവും ഇതാണ്, ഈ കല്യാണത്തിന് സമ്മതിക്കാൻ….വയ്യ ഇനിയും ആരെയും വേദനിപ്പിക്കാൻ…മനസ്സിൽ പലതും തീരുമാനിച്ചു, മുടിയിൽ തലോടി കൊണ്ടിരുന്ന ഉമ്മയുടെ കൈകളിൽ പിടിച്ചു ഞാൻ പറഞ്ഞു,
“എനിക്ക് സമ്മത കുറവൊന്നുമില്ല…. ഉമ്മാന്റെ ഇഷ്ടം പോലെ നടക്കട്ടെ എല്ലാം….”
എഴുന്നേറ്റ് നിന്ന് മുഖത്തൊരു പുഞ്ചിരി വരുത്തി, ആ കണ്ണുകൾ തുടച്ചു കൊടുത്തു, നെറ്റിയിലൊരു മുത്തവും നൽകി..
ആ കണ്ണുകളിലെ തിളക്കം മതിയായിരുന്നു കുറേ വേദന മറക്കാൻ….
ഉറങ്ങാൻ കിടന്നിട്ടും ഓർമ്മകൾ ഉറക്കിനൊരു വിലങ്ങായി വന്നു നിന്നു… നാളെയുടെ വരവേൽപ്പ് എന്താണെന്ന് അറിയാതെ പാതിരയുടെ ഏതോ യാമങ്ങളിൽ ഉറക്കിലേക്ക് വഴുതി വീണു………തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…