Novel

ശിശിരം: ഭാഗം 11

രചന: മിത്ര വിന്ദ

നിന്നോട് പറഞ്ഞത് അല്ലായിരുന്നോ നകുലൻ മടങ്ങി പോകുന്ന വരെ ഒറ്റയ്ക്ക് ഒരിടത്തും പോകരുതന്നു..എന്നിട്ട് എന്തിനാ ഇന്ന് അമ്പലത്തിലേയ്ക്ക് എഴുന്നള്ളിയത്.

യദു ദേഷ്യത്തിൽ ചോദിച്ചത് അമ്മുവിന്റെ മുഖം താണ് പോയി

അതെങ്ങനെയാ അനുസരണഎന്നുള്ളത് പണ്ടേ നിനക്ക് അറിയില്ലല്ലോ, ആരോടെങ്കിലും ചിലച്ചോണ്ട് നടക്കും,സ്വന്തം കാര്യം നോക്കാനും അറിയില്ല.

അമ്മുവിന് കേൾക്കാൻ പാകത്തിന് ശബ്ദം താഴ്ത്തി പറഞ്ഞശേഷം യദു അവിടെ നിന്നും ഇറങ്ങി പോയി.
സതി ആ സമയത്ത് ഫോണും ആയിട്ട് അകത്തേക്ക് കയറി വരുന്നുണ്ടായിരുന്നു.

അപ്പച്ചി, ഞാൻ പോകുവാ, പ്രിയയുടെ വീട് വരെ ഒന്ന് പോണം, എല്ലവരും റെഡി ആയി നിൽക്കുവാ,

ഹ്മ്മ്.. പോയിട്ട് വാ മോനേ, പിന്നെ ഞാനും അമ്മുവും വേറൊരു ദിവസം പൊയ്ക്കോളാം കേട്ടോ, ഇന്ന് എനിക്ക് ആകെ ഒരു ക്ഷീണം, ഇന്നലത്തെ യാത്രയുടേതാണ്, പിന്നെ ആ ഗുളിക ഇത്തിരി കട്ടി കൂടിയതാണെന്ന് തോന്നുന്നു,

മ്മ്… അപ്പച്ചി നന്നായി ആഹാരം ഒക്കെ കഴിച്ച ശേഷം മാത്രമേ ഗുളിക കഴിക്കാവുള്ളൂ കേട്ടോ പറഞ്ഞ സമയത്ത് തന്നെ ശ്രദ്ധിച്ചു ചെയ്തോണം. അമ്മു, അപ്പച്ചിക്ക് ഇതൊക്കെ ഒരു നിസ്സാര മട്ടാണ്,  നീ വേണം പറഞ്ഞുകൊടുക്കാന്, നിനക്ക് വിദ്യാഭ്യാസം ഉള്ളതല്ലേ, അറിയാലോ അസുഖത്തെക്കുറിച്ച് ഒക്കെ.

അവൻ പോകുവാണെന്ന് പറയുന്നത് കേട്ടുകൊണ്ട് പതിയെ വാതിൽക്കൽ വന്ന് നിൽപ്പുണ്ടായിരുന്നു അമ്മു.
യദു അവൾക്ക് ഓരോരോ നിർദ്ദേശങ്ങൾ കൊടുക്കുമ്പോൾ,എല്ലാം കേട്ട് തലകുലുക്കി നിൽക്കുകയാണ് അമ്മു.
അവളെ ഒന്ന് ഇരുത്തി നോക്കിയ ശേഷം, അപ്പച്ചിയോട് യാത്ര പറഞ്ഞു യദു അവിടെ നിന്നും ഇറങ്ങി..

*** അരമണിക്കൂറിനുള്ളിൽ മേടയിൽ വീട്ടിൽ നിന്നും എല്ലാവരും കൂടി, മകളെ കാണുവാനായി പുറപ്പെട്ടു.ഗിരിജയമ്മായിയും കിച്ചനും കൂടി അമ്മുവിനെ ഫോണിൽ വിളിച്ചതാണ്, അമ്മയ്ക്ക് വയ്യാത്തതുകൊണ്ട് അവൾ ഒഴിഞ്ഞുമാറി.

ഉച്ചയ്ക്കത്തേക്കുള്ള ചോറും കറികളും ഉണ്ടാക്കുമ്പോഴും, അമ്മുവിന്റെ മനസ്സിൽ നകുലന്റെ മുഖം ആയിരുന്നു.

രണ്ടുമൂന്നു ദിവസത്തിനുള്ളിൽ അവൻ ജോലി സ്ഥലത്തേക്ക് മടങ്ങിപ്പോകും എന്നുള്ളത് അവൾക്ക് ഉറപ്പാണ്.
കാരണം മിക്കവാറും,നകുലൻ,വന്നാൽ പിന്നെ,ഒരാഴ്ചയ്ക്കുള്ളിൽ മടങ്ങും.ഇതേവരെ ആയിട്ടും അമ്മുവിന് അവനെ പേടിക്കേണ്ടതായ ഒരു സംഭവവികാസങ്ങളും ഉണ്ടായിട്ടില്ല. ഇടയ്ക്കൊക്കെ ഇങ്ങനെ വായിനോക്കും അത്രമാത്രം. ഇതാദ്യമായാണ്, കഴിഞ്ഞദിവസം വഴിവക്കിൽ, വെച്ച് തന്നോട്, മോശമായി സംസാരിച്ചത് പോലും.

യദു ഏട്ടൻ പറഞ്ഞതുപോലെ ഒന്ന് കരുതിയിരിക്കണം, ഇല്ലെങ്കിൽ ശരിയാവില്ല..അവൾ മനസ്സിൽ ഉറപ്പിച്ചു.

**
തന്റെ വീട്ടിൽ നിന്നും എല്ലാവരും വരുമെന്ന് തലേ ദിവസമേ അറിയിച്ചത് കാരണം പ്രിയ വലിയൊരു സദ്യവട്ടം ഒക്കെ ഉണ്ടാക്കി,എല്ലാവരെയും കാത്തിരിക്കുകയായിരുന്നു.

മനോജ് അന്ന്, സ്റ്റേഷനിൽ പോയില്ല, ഹാഫ് ഡേ ലീവെടുത്ത് അവനും ഉണ്ടായിരുന്നു വീട്ടിൽ തന്നെ..

മനോജിന്റെ അമ്മ ഉഷയും ഭർത്താവ് രഘുവും കൂടി ഇളനീർ ഒക്കെ ഇടുവിച്ചു വെച്ചിട്ടുണ്ട്.

അതിഥികൾ വരുമ്പോൾ അവർക്ക് കുടിക്കുവാൻ കൊടുക്കാനായി.

മോളെ ശ്രുതി…

അകത്തേക്ക് നോക്കി ഉഷ വിളിച്ചപ്പോൾ, ഒരു സുന്ദരിയായ പെൺകുട്ടി ഇറങ്ങി വന്നു.

ഉഷയുടെ ആങ്ങളയുടെ മകൾ ആണ് ശ്രുതി. അവൾ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ടീച്ചർ ആണ്.. ജോലി കിട്ടിയിട്ട് നാല് മാസം ആയതേ ഉള്ളു. പി എസ് സി ടെസ്റ്റ്‌ ഒക്കെ എഴുതുന്നുന്നുണ്ട്.

ഒരുപാട് നാളുകൾ കൂടി അവൾ,ഇന്നലെ എത്തിയതാണ് ഇവിടെ. അന്നുതന്നെ മടങ്ങുവാൻ ആയിരുന്നു വന്നത്, എങ്കിലും, ഉഷ അവളെ നിർബന്ധപൂർവ്വം പറഞ്ഞു വിടാതെ നിർത്തി. അതിന്റെ പിന്നിൽ ഉഷയ്ക്ക് മറ്റൊരു ഉദ്ദേശവും കൂടിയുണ്ടായിരുന്നു, പ്രിയയുടെ മൂത്ത സഹോദരനായ കിച്ചനുവേണ്ടി ശ്രുതിയെ ഒന്ന് ആലോചിക്കാൻ. കിച്ചനെയും യദുവിനെയും ഒക്കെ പ്രിയയുടെ വീട്ടുകാർക്ക് വലിയ കാര്യമാണ്, നല്ല സ്വഭാവമുള്ള മര്യാദക്കാരായ ചെറുപ്പക്കാരാണ് അവർ എന്ന്,  ഉഷയും രഘുവും അവരുടെ ബന്ധുമിത്രാദികളോടൊക്കെ പറയാറുണ്ട്..
ഈ കാര്യത്തെക്കുറിച്ച് ഉഷ,ഇന്ന് കാലത്ത്,ശ്രുതിയോടും ഒന്ന് സംസാരിച്ചു.
വിവാഹത്തിന്റെ അന്ന് കണ്ടതായിരുന്നു ശ്രുതിയും കിച്ചനെ,അവൾക്കും അങ്ങനെ ഇഷ്ടക്കുറവ് ഒന്നുമില്ല എന്നാണ് ഉഷയ്ക്ക് തോന്നിയത്.

ഒരു പിങ്ക് കളർ ഉള്ള,ചുരിദാർ ആയിരുന്നു ശ്രുതിയുടെ വേഷം.
കുളിയൊക്കെ കഴിഞ്ഞ്,മുടി അഴിച്ചിട്ടിരിക്കുകയാണ്,വിടർന്ന മിഴികൾക്ക് അഴകു കൂട്ടുവാനായി,അവൾ അല്പം കണ്മഷി എഴുതിയിട്ടുണ്ട്.നന്നായി ആകൃതി ഒത്ത പുരികം,അല്പം കൂടി എഴുതി കറുപ്പിച്ചു. ബേബി പിങ്ക് ഷെയ്ഡ് ഉള്ള ലിപ് ബാമും ഇട്ടു കൊണ്ട് ഒരു സ്റ്റോൺ പൊട്ട്, നെറ്റിയിലും പൊട്ടിച്ച് അവൾ, തന്റെ സൗന്ദര്യം ഒന്നുകൂടി പൊലിപ്പിച്ചിരുന്നു.

മോളെ പ്രിയേ… അവരെത്തിട്ടോ..

അച്ഛൻ, ഉമ്മറത്തു നിന്നും വിളിച്ചു പറഞ്ഞതും പ്രിയ ഓടി വെളിയിലേക്ക് ചെന്നു.

കുറച്ചു ദിവസങ്ങൾ കൂടിയായിരുന്നു എല്ലാവരും പരസ്പരം കാണുന്നത്.
ഗിരിജക്ക് ആണെങ്കിൽ മകളെ കണ്ടപ്പോൾ, സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ മിഴികൾ ഒക്കെ നിറഞ്ഞു തൂവി.

അത് കണ്ടതും കിച്ചൻ അമ്മയെ വഴക്കുപറഞ്ഞു.

കിച്ചേട്ടാ.. അമ്മേ ഒന്നും പറയല്ലേ, പാവം…

പ്രിയ അവനെ കുറുമ്പോടെ നോക്കി കണ്ണുരുട്ടി.

എന്നിട്ട് യദുവിന്റെ അടുത്തേക്ക് ചെന്നു.
അവൻ ആയിരുന്നു വണ്ടി ഓടിച്ചത്.

യദുവേട്ടാ… അമ്മു വന്നില്ലേ…
അവൾ കാറിന്റെ ഉള്ളിലേക്ക് നോക്കി.
ഇല്ല… അപ്പച്ചിക്ക് വയ്യാതെ ഇരിക്കുവല്ലേ,അതുകൊണ്ട് വന്നില്ല..

കുഴപ്പം ഇണ്ടോ ഏട്ടാ, ഇനി എന്തെങ്കിലും സർജറി വല്ലതും ചെയ്യാൻ ഉണ്ടോ.. അങ്ങനെ വല്ലതും പറഞ്ഞോ ഡോക്ടറു..

മരുന്നു കഴിച്ചിട്ട് മൂന്നാഴ്ചയ്ക്ക് ശേഷം വരാൻ പറഞ്ഞു.കുറഞ്ഞോളുമായിരിക്കും,റെസ്റ്റ് എടുത്ത് നന്നായി മരുന്നൊക്കെ കഴിക്കട്ടെ.

ഹ്മ്മ്.. ഈയാഴ്ച ഒന്ന് വരണമെന്ന് കരുതിയാണ്,  അപ്പച്ചിക്ക് മേലാതെ ഇരിക്കുവല്ലേ ചേട്ടാ..
പ്രിയ പറഞ്ഞതും യദു അവളെ നോക്കി ഒന്ന് തല കുലുക്കി..

നീയോ… കൊള്ളാം, അന്ന് കാക്ക മലന്നു പറക്കും, അല്ലേ അളിയാ..

മനോജിനെ നോക്കിക്കൊണ്ട് അവൻ പ്രിയയെ കളിയാക്കി.

യദു… എന്നെ തെറ്റിദ്ധരിക്കരുത് ഞാനല്ല ഇവളെ വിടാത്തത് കേട്ടോ, പലപ്രാവശ്യം ഞാൻ അവളോട് പറഞ്ഞതാ രണ്ടു ദിവസം പോയി നിന്നിട്ട് വരാൻ, കേൾക്കണ്ടേ, എത്രയൊക്കെ പറഞ്ഞാലും ശരി,  ഇവള് പോകില്ലാത്തതാണ് കേട്ടോ..
മനോജ് പറയുന്നത് കേട്ടുകൊണ്ട് ഉഷയും രഘുവും ചിരിച്ചു.

ഒരു കെട്ടു പലഹാരങ്ങൾ ഒക്കെ ആയിട്ട് ആണ് ലീലയമ്മായിയും ഗിരിജയും കൂടി കയറി വന്നത്.

അമ്മായി… ഇത്‌ ഒരു കട തന്നെ ഉണ്ടല്ലോന്നേ.എന്തൊക്കെയാണോ…?

പ്രിയ ചെന്ന് അമ്മായിയുടെ കയ്യിൽ നിന്നും ബേക്കറി കവറുകൾ വാങ്ങി പിടിച്ചു.
തിരിഞ്ഞു നോക്കി കൊണ്ട്
അകത്തേക്ക് കയറുകയായിരുന്ന കിച്ചൻ,പെട്ടന്ന് ആണ് ശ്രുതിയെ കണ്ടത്.

അവൾ അവനെ നോക്കി മധുരമായി ഒന്ന് പുഞ്ചിരിച്ചു.

മോന് മനസ്സിലായോ,എന്റെ മൂത്ത ചേട്ടന്റെ മോളാണ്,ശ്രുതി. പ്രിയ മോളെ കാണുവാനായി ഇന്നലെ വന്നതാണ്.
ഇരുവരു നിൽക്കുന്നത് കണ്ടപ്പോൾ ഉഷ ആണ് വന്ന് പരിചയപ്പെടുത്തി കൊടുത്തത്..

അവൻ തല കുലുക്കിക്കൊണ്ട്,ഒന്നുകൂടി മന്ദഹസിച്ചപ്പോൾ ഉഷായ്ക്ക് ഒരുപാട് സന്തോഷം ആയിരുന്നു.

കഥകളും വാർത്തമാനവും ഒക്കെ ആയിട്ട് എല്ലാവരും അവിടെ കൂടി..
ചിക്കനും ബീഫും അവിയലും പുളിശ്ശേരിയും തോരനും, ഇഞ്ചിപ്പുളിയും, മീൻ വറ്റിച്ചതും എന്ന് വേണ്ട ഒരുപാട് വിഭവങ്ങൾ മേശമേൽ നിരന്നു.

ഒരു കുടുബിനിയായ് മകൾ എല്ലാം ചെയ്യുന്നത് കാണുമ്പോൾ ഗിരിജയ്ക്ക് മനസ് നിറഞ്ഞു..

നല്ല ഒത്തൊരുമ ഉള്ള ആളുകൾ ആയിരുന്നു മനോജിന്റെ അച്ഛനും അമ്മയുമൊക്കെ.

ഊണൊക്കെ കഴിച്ചു പിന്നെയും കുറച്ചു സമയം ഇരുന്ന ശേഷം എല്ലാവരും സന്തോഷത്തോടെ അവിടെ നിന്നും മടങ്ങിയത്…..തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button