Novel

അരികിലായ്: ഭാഗം 8

രചന: മുല്ല

നെഞ്ച് വല്ലാതെ വിങ്ങുന്നുണ്ട്…. കണ്ണുകൾ നിറയുന്നുമുണ്ട്…. ആൺകുട്ടികൾ കരയാൻ പാടില്ല എന്ന് മുത്തശ്ശി പറയാറുണ്ട്…. പക്ഷെ.. സഹിക്കാൻ പറ്റാത്ത വിഷമം വന്നാൽ എന്ത് ചെയ്യും… അത്രത്തോളം നെഞ്ച് കലങ്ങിയിരിക്കുന്നു…. ആദ്യമായിട്ട് ഒരു പെണ്ണിനോട് തോന്നിയ ഇഷ്ടം… അത്‌ ഒന്നുമല്ലാതായി പോയി…. തന്റെ സ്നേഹത്തിനു വിലയില്ലാതായി പോയത് പോലെ…. ജീവനെക്കാളേറെ ഇഷ്ട്ടമായിരുന്നു അവളെ…. തിരിച്ചു എന്നെങ്കിലും സ്നേഹിച്ചാലോ എന്ന് കരുതി…. പക്ഷെ….. ഇനി അവൾ തനിക്ക് ആരുമല്ല…. അല്ല… തന്റെ സുധിയുടെ ഭാര്യ…. തന്റെ പെങ്ങളുടെ സ്ഥാനം…. സ്നേഹിച്ച പെണ്ണിനെ എങ്ങനെ ആ സ്ഥാനത്ത് കാണാൻ കഴിയും……

ചിന്തകൾ പിടി മുറുക്കിയപ്പോൾ തലയണയിലേക്ക് മുഖം പൂഴ്ത്തി കിടന്നു….. തലയണ നനയുന്നത് അറിഞ്ഞു…. അരുത് എന്ന് മനസ് വിലക്കുന്നുണ്ടായിരുന്നു… പക്ഷെ അവന്റെ കണ്ണുകൾ അത്‌ അനുവദിച്ചില്ലെന്ന് മാത്രം…..

( എസ്ക്യൂസ്‌ മി…. എന്റെ നായകന്മാർ കരയും )

 

കിടന്ന കിടപ്പിൽ ഉറങ്ങി പോയിരുന്നു…. പിന്നീട് എഴുന്നേൽക്കുമ്പോൾ വൈകുന്നേരം ആയിട്ടുണ്ട്…. എല്ലാവരും പോയി എന്ന് മനസ്സിലായി…. പുറത്തേക്ക് ഇറങ്ങിയപ്പോൾ അമ്മ അടുക്കളയിൽ ഉണ്ട്…. അച്ഛൻ പുറത്തെങ്ങോ പോയിരിക്കുന്നു…. അമ്മു സന്തോഷത്തോടെ ആർക്കോ ഫോൺ ചെയ്യുന്നു…. അവളുടെ സർ ആയിരിക്കും….

അവളുടെ പ്രണയം പൂവണിഞ്ഞ സന്തോഷം അവളുടെ മുഖത്ത് കാണാം…. അത്‌ കണ്ട് ഉള്ളിലൊരു തണുപ്പ് വീണെങ്കിലും തന്റെ പ്രണയം നഷ്ടപ്പെട്ടത് ഓർക്കേ ഉള്ളിൽ കാർമേഘം വന്നു മൂടി…. അറിയാതെ നോട്ടം ചെറിയച്ഛന്റെ വീട്ടിലേക്ക് പോയി… അവിടെയിപ്പോൾ തന്റെ പ്രണയിനി മറ്റൊരാളുടേത് ആകാൻ തയ്യാറെടുക്കുകയാണ്….

അവന്റെ മനസ് പോലെ ആകാശത്തു കാർമേഘങ്ങൾ ഉരുണ്ട് കൂടി നിന്നിരുന്നു…..

പിറ്റേന്ന് തന്നെ അമ്മുവിന്റെയും അമ്പരീഷിന്റെയും ജാതകം നോക്കൽ കഴിഞ്ഞു…. പത്തിൽ എട്ടു പൊരുത്തം എന്ന് കണ്ടതോടെ നിശ്ചയം തീരുമാനിക്കപ്പെട്ടു…..
അധികം വൈകിക്കണ്ട എന്നായത് കൊണ്ട് വരുന്ന ഞായറാഴ്ച നിശ്ചയം വെക്കാനും തീരുമാനിച്ചിരുന്നു…..

നിശ്ചയത്തിനുള്ള ഡ്രെസ് എടുക്കാൻ പോകാൻ തീരുമാനിച്ചത് ആദിയുടെ വണ്ടിയിൽ ആണ്….

അമ്മുവിന് സാരി എടുത്തു…. ഒപ്പം തന്നെ കല്ലുവിനും എടുക്കുന്നത് കണ്ടപ്പോൾ ആണ് ഞായറാഴ്ച മറ്റൊരു നിശ്ചയം കൂടെ നടക്കുന്നുണ്ട് എന്ന് ആദിക്ക് മനസ്സിലായത്…. ഈയിടെയായി വീട്ടിലെ കാര്യങ്ങളിൽ ഉള്ള ശ്രദ്ധ കുറഞ്ഞിരുന്നു…. ഏകാന്തത ഇഷ്ടപ്പെടാൻ തുടങ്ങിയതോടെ ഓഫീസിൽ നിന്നും നേരം വൈകിയേ വരാറുള്ളൂ… രാവിലെ തന്നെ പോകുകയും ചെയ്യും…. അധികം ആരോടും സംസാരിക്കാതെ ആയി…. അമ്മയോട് പോലും…. ഇന്ന് ഓഫീസിൽ ഇരിക്കുമ്പോൾ ആണ് അച്ഛൻ വിളിക്കുന്നത് നേരത്തെ എത്താൻ പറഞ്ഞിട്ട്… ഡ്രെസ് എടുക്കാൻ പോകുന്നതല്ലേ.. താൻ ഇല്ലെന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല… മനസ്സില്ലാ മനസ്സോടെ പോകാൻ റെഡി ആയി ഇറങ്ങുമ്പോൾ സുധിയുടെ എന്തോ തമാശക്ക് പൊട്ടിച്ചിരിച്ചു നിൽക്കുന്ന കല്ലുവിനെ കണ്ട് ഉള്ള മനഃസമാധാനം പോയിരുന്നു…

അങ്ങോട്ട് പോയപ്പോൾ ഡ്രൈവ് ചെയ്തത് ആദി ആയിരുന്നു…. സുധിയുടെ വണ്ടിക്ക് എന്തോ പ്രോബ്ലം അതുകൊണ്ട് എല്ലാരും ഇതിൽ ഉണ്ട്…. തിങ്ങി ഞെരുങ്ങി ആണ് ഇരിപ്പ്….

കടയിൽ ചെന്നു എല്ലാവരും എന്തോ ഒക്കെ വാങ്ങി കൂട്ടുന്നത് കണ്ട് ആദി ഒരിടത്ത് അനങ്ങാതെ ഇരുന്നതേയുള്ളൂ….. ഒന്നിലും ഇടപെടാൻ വയ്യാതെ കണ്ണുകൾ അടച്ചു കിടക്കവേ തല വേദനിക്കാൻ തുടങ്ങിയിരുന്നു അവന്…..

ഷോപ്പിങ് കഴിഞ്ഞപ്പോ ഏകദേശം ഒമ്പത് മണിയോളം ആയിരുന്നു… ഷോപ് അടക്കാറായി എന്ന് പറഞ്ഞപ്പോ ആണ് എല്ലാവരും ഇറങ്ങിയത്….
തിരികെ ഡ്രൈവ് ചെയ്യാൻ ആദിക്ക് വയ്യ എന്ന് പറഞ്ഞത് കൊണ്ട് സുധി ചെയ്യാം എന്ന് പറഞ്ഞു…. എറ്റവും പിറകിലെ സീറ്റിൽ ചെന്നിരുന്നു പുറത്തേക്ക് നോക്കി ഇരുന്നു അവൻ…. വണ്ടി സ്റ്റാർട്ട്‌ ആയപ്പോൾ ഒന്ന് തിരിഞ്ഞു നോക്കിയ അവൻ തന്റെ അടുത്ത് ഇരിക്കുന്ന ആളെ കണ്ട് ഞെട്ടിപ്പോയി….

കല്ലുവായിരുന്നു അത്‌….

അതോടെ ആ ഭാഗം മൈൻഡ് ചെയ്യാതെ പുറത്തേക്ക് നോക്കി ഇരുന്നു…

ഈ കുരുപ്പിന് അപ്പുറത്തെങ്ങാനും ഇരുന്നൂടെ…  എന്റെ കയ്യെങ്ങാനും അറിയാതെ തട്ടിയിട്ട്  ഇനി അതും പറഞ്ഞിട്ട് വേണം അവൾക്ക് എന്നോട് ദേഷ്യം കാണിക്കാൻ….

മനസ്സിൽ അങ്ങനെ വിചാരിച്ചു എങ്കിലും  ഓരോ വളവിലും തിരിവിലും അവൾ തന്റെ നെഞ്ചിലേക്ക് ചായുന്നത് അറിഞ്ഞു അവന് നെഞ്ചേല്ലാം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു…. അപ്പോഴെല്ലാം അവളുടെ മുടിയിഴകൾ അവന്റെ മുഖത്തേക്ക് പറന്ന് അവനേ ഇക്കിളി കൂട്ടുന്നുണ്ടായിരുന്നു…

മാക്സിമം അവളെ മുട്ടാതെ ഇരിക്കാൻ നോക്കി ദേഹം എല്ലാം വേദനിക്കുന്നുണ്ടായിരുന്നു അവന്… എങ്കിലും പുറത്തേക്ക് നോക്കി ഇരുന്നു… ഇടക്ക് തന്റെ തോളിൽ ഒരു ഭാരം അറിഞ്ഞു നോക്കുമ്പോൾ കല്ലു അവന്റെ തോളിൽ തല ചായ്ച്ചു ഉറങ്ങുന്നു… ശ്വാസം നിന്നത് പോലെ ആയിപ്പോയി…..

കല്യാണി….

പതിയെ വിളിച്ചതും അവളൊന്ന് കൂടെ അവന്റെ നെഞ്ചിലേക്ക് ചേർന്നു ഇരുന്നു കൊണ്ട് കഴുത്തിലൂടെ ചുറ്റിപ്പിടിച്ചു….

ഉറങ്ങട്ടെ ആദിയേട്ടാ…..

ചിണുങ്ങി കൊണ്ട് അവൾ പറഞ്ഞത് കേട്ട് ആദി സംശയത്തോടെ അവളെ നോക്കി….. സുധിയേട്ടാന്ന് വിളിച്ചതാവും…. അതോർത്തു ഒന്ന് തട്ടി വിളിച്ചതും അവൾ കണ്ണ് തുറന്നു നോക്കി….

ആരുടെ അടുത്താണെന്ന് ആദ്യം ഓർമ വന്നില്ലെങ്കിലും ആരുടെയോ കഴുത്തിൽ ചുറ്റിപ്പിടിച്ചാണ് താൻ ഇരിക്കുന്നത് എന്ന് മനസ്സിലായതും അവൾ മുഖം ഉയർത്തി നോക്കി… അനങ്ങാതെ ഇരിക്കുന്ന ആദിയെ കണ്ടതും മിഴിച്ചോന്ന് നോക്കി വേഗം അവന്റെ തോളിൽ നിന്നും കയ്യെടുത്തു നീങ്ങി മുന്നോട്ട് നോക്കി ഇരുന്നു…….

 

ആദിയുടെ ചുണ്ടിൽ എന്തിനോ ഒരു പുഞ്ചിരി വിരിഞ്ഞിരുന്നു…. പക്ഷെ വണ്ടി ഓടിക്കുന്ന സുധിയെ കണ്ടതും അത്‌ മങ്ങി……

 

പിറ്റേന്ന് ആദിയുടെ വീട്ടിൽ നിന്നു എല്ലാവരും നിശ്ചയം വിളിക്കാൻ ലളിതയുടെ വീട്ടിലേക്ക് പോയി….  ആദി വരുമ്പോൾ വീട്ടിൽ ആരും ഇല്ലായിരുന്നു…. ചെറുതായി മഴ പെയ്യുന്നത് കൊണ്ട് ആദി പിന്നെ പുറത്തേക്ക് പോയില്ല…. ഈയിടെയായി ചെറിയച്ഛന്റെ വീട്ടിലേക്കും പോകൽ കുറവാണ്….

ഒരു ചായ ഇട്ടു കുടിക്കും നേരമാണ് calling bell അടിക്കുന്നത്….

ചെറിയമ്മ ആകും എന്ന് കരുതി തുറന്നതും മുന്നിൽ നിന്നിരുന്നത് കല്ലു ആയിരുന്നു…. ഒരു നിമിഷം അമ്പരന്ന് പോയി അവൻ…. പിന്നെ അവളുടെ കയ്യിൽ ഒരു ചെറിയ പാത്രം കണ്ടപ്പോൾ മനസ്സിലായി ചെറിയമ്മ എന്തോ കൊടുത്തു വിട്ടതാണ് എന്ന്….

സരളമ്മായി തന്നതാ…. കുറച്ചു കപ്പ പുഴുങ്ങിയതും ചമ്മന്തീം…. ലളിതമ്മായി ഒക്കെ വരാൻ നേരം വൈകും എന്ന് പറഞ്ഞു…..

അവന്റെ മുഖത്ത് നോക്കാതെ എങ്ങോ നോക്കി ആണ് സംസാരം…

ഒന്ന് മൂളി അവൻ ആ പാത്രം വാങ്ങി അടുക്കളയിൽ കൊണ്ട് വെച്ചു…..

ഹാളിൽ ചെല്ലുമ്പോൾ അവൾ അവിടെ തന്നെ ഉണ്ട്…. പുറത്ത് മഴ കൂടുതൽ ആയി….  പോരാത്തതിന് ഇടിയും മിന്നലും… അതുകൊണ്ടാണ് അവൾ പോകാത്തെ എന്ന് മനസ്സിലായി…..

 

കുട വേണോ കല്യാണിക്ക്….

പെട്ടെന്നുള്ള അവന്റെ ചോദ്യം കേട്ട് അവളൊന്ന് ഞെട്ടിത്തെറിച്ചു… അവൻ വന്നത് അവൾ കണ്ടില്ലായിരുന്നു…..

ങേ…. വേണ്ട….. മഴ മാറീട്ട് പോകാം…..

മറുപടി വന്നതും പിന്നൊന്നും മിണ്ടിയില്ല….. രണ്ട് പേർക്കും ഒന്നും സംസാരിക്കാൻ ഇല്ലായിരുന്നു…. ഇതേ വരെ ഇരുവരും ഒറ്റക്ക് ഉള്ള നിമിഷങ്ങൾ ഉണ്ടായിട്ടും ഇല്ലായിരുന്നു…… ആ ഒരു അകൽച്ച….

വേണ്ടെന്ന് വെച്ചിട്ടും അവളിലേക്ക് തന്റെ കണ്ണു ചായുന്നത് അവൻ അറിഞ്ഞു….. പുറത്ത് വെട്ടുന്ന ഓരോ ഇടിക്കും ആള് ഞെട്ടുന്നുണ്ട്…. ഇടക്ക് ചെവിയിലേക്ക് കൈ വെക്കുന്നത് കണ്ട് ഇടിമിന്നൽ അവൾക്ക് പേടിയാണ് എന്ന് മനസ്സിലായി അവന്…. പതിയെ എഴുന്നേറ്റ് പോയി ഹാളിന്റെ ഡോർ അടച്ചിട്ടു…..

താൻ ഇവിടെ ഒറ്റയ്ക്ക് ഇരുന്നോളുമോ… ഞാൻ റൂമിലേക്ക് പോകുവാ… തല വേദനിക്കുന്നു ഒന്ന് കിടക്കണം…

മറുപടി പ്രതീക്ഷിച്ചല്ല പറഞ്ഞത്….

ഞാൻ ഒറ്റക്ക് ഇരിക്കൂല… എനിക്ക് മിന്നൽ പേടിയാ…. ഞാൻ… ഞാനും വരാം റൂമിൽക്ക്… നിങ്ങള് കിടന്നോ….

അവളെ വെറുതെ ഒന്ന് നോക്കി അവൻ മുറിയിലേക്ക് പോയി…. വെറുതെ പറഞ്ഞതാവും എന്ന് കരുതിയെങ്കിലും അവൾ പിന്നാലെ വരുന്നത് കണ്ടതും ചിരി വന്നു പോയി…

പേടിത്തൊണ്ടിയാണല്ലോ പെണ്ണ്….

ചിരിയോടെ ഓർത്ത് അവൻ മുറിയിലേക്ക് കയറി….. പിന്നാലെ കല്ലുവും…..

അകത്തേക്ക് ചെന്നതും എന്തോ എടുത്തെറിയും പോലെ വലിയൊരു ശബ്ദത്തോടെ ഇടിയും മിന്നലും കൂടെ ഒരുമിച്ച് വെട്ടിയതും കല്ലു പേടിച്ച് ആദിയെ ചുറ്റി പിടിച്ചിരുന്നു…. പെട്ടെന്നുള്ള പ്രകൃതിയുടെ ശബ്ദകോലാഹലത്തിൽ ആദിയും ഞെട്ടിപ്പോയിരുന്നു…. ഒപ്പം അവൾ തന്നെ കെട്ടിപ്പിടിച്ചതിന്റെ ഞെട്ടലും…..
അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിക്കുമ്പോൾ ഇടി മുഴക്കം പോലെ തന്റെ ഹൃദയത്തിന്റെ ശബ്ദവും പുറത്തേക്ക് വരുന്നുണ്ടെന്ന് തോന്നി അവന്…..

അപ്പോഴും അവൾ പിടി വിടാതെ അവന്റെ നെഞ്ചിൽ മുറുകെ പുണർന്നു നിന്നതേയുള്ളൂ…. ആദിക്ക് തന്റെ മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നത് മനസ്സിലായിരുന്നു…..

ഒരിടി കൂടി വെട്ടിയതും കല്ലു വീണ്ടും കണ്ണുകൾ മുറുക്കി അടച്ചു അവനിലേക്ക് ചേർന്നു നിന്നു….

യാന്ത്രികമായി ആദിയുടെ കൈകളും അവളെ ചുറ്റി വരിഞ്ഞു….
ഇത് വരെ ഉള്ളിൽ അടക്കി വെച്ചിരുന്ന പ്രണയം പുറത്തേക്ക് വരാൻ വെമ്പുന്നത് അവൻ അറിഞ്ഞു……..

അതിന്റെ ആദ്യ ഫലം എന്നോണം അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ പതിഞ്ഞു………….തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button