ഏയ്ഞ്ചൽ: ഭാഗം 9
രചന: സന്തോഷ് അപ്പുകുട്ടൻ
“ഇതിൽ പേടിക്കാനൊന്നുമില്ല ഏയ്ഞ്ചൽ… നിനക്കൊരു കുഴപ്പവും വരാതെ ഞാൻ നോക്കിക്കോളാം… അതു പോരെ നിനക്ക്?”
ജിൻസ് സില്ലിയായി പറഞ്ഞ് തൻ്റെ കൈ ഏയ്ഞ്ചലിൻ്റെ തോളിൽ വെച്ച്, സമ്മതത്തിനായ് ആ മിഴികളിലേക്ക് ഉറ്റുനോക്കി..
അവൻ്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്ന അവളുടെ ചുണ്ടുകൾ പതിയെ വിറപൂണ്ടു തുടങ്ങി.
“ജിൻസ്…. ഒരു പെണ്ണ് ഒറ്റയ്ക്ക് ഒരുപാട് അകലേക്ക് പോകുന്നതിൻ്റെ റിസ്ക്ക് അറിയാതെയാണോ നീ ഈ പറയുന്നത് ”
പറയുന്നതോടൊപ്പം
ഏയ്ഞ്ചലിൻ്റെ കൺകോണിൽ നനവൂറി.
“എല്ലാം അറിയാം ഏയ്ഞ്ചൽ… പക്ഷെ ഇതല്ലാതെ മറ്റൊരു മാർഗം നമ്മൾക്കു മുന്നിൽ ഇല്ല… ഈ നഗരത്തിൻ്റെ ഏത് കോണിലൊളിച്ചാലും.
അലക്സി നിന്നെ കണ്ടു പിടിക്കും…. അത്രയ്ക്കും പടർന്നു പന്തലിച്ചിട്ടുള്ള ഒരു നെറ്റ് വർക്കാ
ഈ നഗരത്തിൽ അവൻ്റേത് ”
ജിൻസിൻ്റ വാക്കുകൾ കേട്ട് അവൾ അമ്പരപ്പോടെ അവനെ നോക്കി.
“അതെ ഏയ്ഞ്ചൽ… രാഷ്ടീയക്കാരൻ്റെ പാലൊളി പുഞ്ചിരിയും, സാമൂഹിക പ്രവർത്തകൻ്റെ ലാളിത്യമേറിയ പ്രവർത്തനവും മാത്രമേ നീ അവനിൽ കണ്ടിട്ടുണ്ടാവൂ…. അതൊക്കെ അവൻ്റെ വെറും വേഷപകർച്ചകളാണ് … ഈ ഗൾഫിലേക്കു പോക്കും നിൻ്റെ മനസ്സ് മാറ്റാനുള്ള അവൻ്റെ ഒരു നാടകമാ …അതിനുമപ്പുറം അവൻ്റെ ശരിയായ മുഖം നീ കണ്ടിട്ടില്ല…. ”
പറയുന്നതോടൊപ്പം ജിൻസിൻ്റെ കണ്ണുകളിൽ ഭയം പ്രതിഫലിക്കുന്നത് അവൾ ഒരു ഉൾക്കിടിലത്തോടെ നോക്കി നിന്നു.
” ഇത്ര പെട്ടെന്ന് ഒരു രാഷ്ടീയ പാർട്ടിയുടെ നെടുംതൂണായി മാറിയത് അവൻ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ചെന്ന് സേവനം ചെയ്തിട്ടല്ല….മറിച്ച് കള്ളും, കഞ്ചാവും, കൊടുത്ത് അണികളെയും, പെണ്ണിനെ കൂട്ടി
കൊടുത്ത് നേതാക്കളെയും വരുതിയിലാക്കി അവൻ നേടിയെടുത്തതാണ് രാഷ്ടീയത്തിലെ ഈ സ്ഥാനം”
അവൻ പറഞ്ഞു നിർത്തി ചുറ്റുപാടുമൊന്നു നോക്കി.
കുർബാന കഴിഞ്ഞ് ആളുകൾ പിരിഞ്ഞു തുടങ്ങിയിരിക്കുന്നു…
പലരും തങ്ങളെ ശ്രദ്ധിക്കുന്നെന്ന് കണ്ടപ്പോൾ, അവനിൽ പരിഭ്രമമുതിർന്നു.
“ഈ ആൾക്കൂട്ടത്തിൽ വരെ അവൻ്റെ ചാരൻമാരുണ്ടാവും… നമ്മുടെ ഈ ഒരു കൂടികാഴ്ചയെ പറ്റി ആരെങ്കിലും അവൻ്റെ ചെവിയിലെത്തിച്ചാൽ, അവൻ ഗൾഫിൽ നിന്ന് ഒരു കോൾ ചെയ്താൽ മതി’.. ആ നിമിഷം എൻ്റെ ബോഡി ഏതെങ്കിലും
കായലില് താഴും… എനിക്കുറപ്പാ… കാരണം ഈ നഗരത്തിലെ
പേര് കേട്ട പല ഗുണ്ടകളും
അവൻ്റെ ശിങ്കിടികളാ”
ജിൻസിനോട് എന്തു പറയണമെന്നറിയാതെ ഏയ്ഞ്ചൽ ദയനീയമായി വേദയെ നോക്കി.
വേദ ആശ്വസിപ്പിക്കാനെന്നവണ്ണം അവളുടെ കൈയിൽ മുറുകെ പിടിച്ചു…
” എല്ലാറ്റിനും കാരണം, അവൻ്റെ സ്വഭാവം ശരിക്കും അറിയാതെ
ഈ വിവാഹം നടത്താൻ ധൃതികൂട്ടുന്ന നിൻ്റെ പൊങ്ങൻമാരായ പപ്പയും, മമ്മയും പിന്നെ അമുൽബേബിയായ അനിയനുമാണ് … ”
അവൻ അതും പറഞ്ഞ് അരിശത്തോടെ ചുറ്റും നോക്കി…
” അവർ അങ്ങിനെ ആയി പോയി… അതു ഞാൻ സമ്മതിച്ചു.. പക്ഷേ
ജിൻസോ ?”
ഏയ്ഞ്ചലിൻ്റെ കൂർത്ത നോട്ടത്തോടെയുള്ള ചോദ്യം കേട്ട് അവൻ അവളെ തുറിച്ചു നോക്കി.
“നമ്മൾക്ക് എങ്ങോട്ടെങ്കിലും ഒളിച്ചോടാമെന്ന് ഞാൻ പറഞ്ഞതല്ലേ? കുറച്ചു നാൾ പിടിച്ചു നിൽക്കുവാനുള്ള പൈസ എൻ്റെ കൈയിലുമുണ്ടെന്നും പറഞ്ഞു…. അത് തീർന്നാൽ കിട്ടുന്ന ഏത് ജോലിയും ഞാൻ ചെയ്തോളാമെന്നും ഉറപ്പും തന്നു.. അതിനി മണ്ണും, കല്ലും ചുമന്നിട്ടായാൽ പോലും… എന്നിട്ടും… ”
അവൾ പറഞ്ഞു തീരുമ്പോഴെക്കും സങ്കടം കൊണ്ട് വാക്കുകൾ ഇടറി.
അവളുടെ സംസാരം കേട്ട് ഒരു വിളറിയ ചിരിയോടെ ഏയ്ഞ്ചലിനെയും, വേദയെയും അവൻ മാറി മാറി നോക്കി.
” ഇത്രയും കോമൺസെൻസില്ലാതെ സംസാരിക്കല്ലേ ഏയ്ഞ്ചൽ… നമ്മൾ വെറും കോളേജ് വിദ്യാർത്ഥികളാ… ഒരു ജോലിയൊക്കെ കിട്ടാൻ കുറച്ചു ദൂരം കൂടി നമ്മൾക്കു പോകേണ്ടതുണ്ട്… അതിനിടയിൽ പഠിച്ചതൊക്കെ മറന്ന്, ലക്ഷ്യങ്ങൾ മറന്ന് പെട്ടെന്നൊരു പ്രഭാതത്തിൽ കൂലികാരനായി
കൂടുമാറാൻ ഇത്തിരി പ്രയാസാ…”
അവൻ ഒന്നു നിർത്തി ചുറ്റും നോക്കി.
“എൻ്റെ തറവാട്ടിലെ മിക്കവരും ഡോക്ടറും, എഞ്ചിനീയർമാരുമാണെന്ന് ഏയ്ഞ്ചലിന് അറിയാമല്ലോ? അതുപോലെ എന്നെയും ഒരു ഡോക്ടറാക്കണമെന്നാണ് പപ്പയുടെ ആഗ്രഹം… നമ്മുടെ ഈ പ്രണയസാഫല്യത്തിന് വേണ്ടി അവരുടെ സ്വപ്നം ഞാൻ തകർക്കണോ?”
ജിൻസിൻ്റെ ചോദ്യം കേട്ടതും, ഏയ്ഞ്ചലിൻ്റെ ചുണ്ടിൽ ഒരു പുച്ഛ ചിരി വിരിഞ്ഞു.
“ജിൻസിൻ്റെ ഈ ചോദ്യങ്ങൾ കേട്ടാൽ തോന്നും.എനിക്ക് പപ്പയും, മമ്മയും ഇല്ലെന്ന്.. അവർക്ക് എന്നെ പറ്റി മോഹങ്ങൾ ഇല്ലെന്ന്…”
അവൻ ഒരു നിമിഷം പറയുന്നത് നിർത്തി അവനെ കൂർപ്പിച്ചു നോക്കി.
“പിന്നെ എങ്ങിനെ തൂക്കി നോക്കിയാലും, നീ ഈ പറഞ്ഞ എഞ്ചിനീയേഴ്‌സും, ഡോക്ടേസുമുള്ള നിൻ്റെ ഫാമിലിയെക്കാൾ, എൻ്റെ കുടുംബത്തിൻ്റെ തട്ട് ഒരു പൊടിയെങ്കിലും താണിരിക്കും ജിൻസ്… അപ്പോൾ പിന്നെ നീ ആ മഹത്വം ഒന്നും വലിയ വായിൽ വിളിച്ചു പറയണ്ട ”
ഏയ്ഞ്ചലിൻ്റെ വാക്കുകളിൽ രോഷം പൊടിഞ്ഞതറിഞ്ഞ ജിൻസ് വ്യഥയോടെ വേദയെ നോക്കി.
” എന്നിട്ടും ഞാൻ എൻ്റെ കുടുംബത്തിനെ പറ്റിയോ, എൻ്റെ ലക്ഷ്യത്തെ കുറിച്ചോ അല്ല ഓർത്തത്. മറിച്ച് നമ്മുടെ പ്രണയത്തെ കുറിച്ചാണ്… എന്തൊക്കെ നഷ്ടപ്പെട്ടാലും നമ്മുടെ പ്രണയം സാക്ഷാത്കരിക്കുന്ന നിമിഷത്തെ കുറിച്ചാണ് ചിന്തിച്ചത്… ആ എന്നോടാണോ നീയിപ്പോൾ ഭാവിയെ കുറിച്ച് ക്ലാസ്
എടുക്കുന്നത്….?”
“ഏയ്ഞ്ചൽ പ്ലീസ്….”
ഏയ്ഞ്ചലിൻ്റെ ഭാവമാറ്റം കണ്ട് വേദ
അവളുടെ കൈ പിടിച്ചു.
“തർക്കിക്കാനും, ചെളി വാരിയെറിയാനുമുള്ള സമയമല്ലിത്.. അലക്സി ഗൾഫിൽ നിന്നു വരും മുൻപെ നിങ്ങൾ ഒരു തീരുമാനം എടുത്തേ തീരൂ:…”
ഏയ്ഞ്ചലിനോട് അത്രയും പറഞ്ഞ് വേദ, ജിൻസിനെ നോക്കി.
“ഏയ്ഞ്ചലിൻ്റെ പപ്പയും, മമ്മയും പൊങ്ങൻമാരായിട്ടല്ല അലക്സിയുമായി
ഈ വിവാഹമുറപ്പിച്ചിരിക്കുന്നത്… നല്ല ബുദ്ധിയോടെയുള്ള തീരുമാനാ അത്…. കാരണം കാനഡയിൽ നിന്നു ജോലി നിർത്തി വരുന്ന അവരുടെ കൈയിൽ ഇട്ടു മൂടാനുള്ള പൈസയുണ്ട്…. ഇനി അവർക്ക് വേണ്ടത് അധികാരമാണ്… ഈ നാട്ടിൽ ബിസിനസ്സ് തുടങ്ങുമ്പോൾ, എതിർക്കാൻ വരുന്നവരെയും, തടയാൻ വരുന്നവരെയും തടഞ്ഞു നിർത്താനുള്ള അധികാരം …. ആ അധികാരം രാഷ്ടീയക്കാരനായ
അലക്സിയിലുണ്ടെന്ന് അവർക്കറിയാം…. ”
അവൾ ഒന്നു നിർത്തി ജിൻസിനെ നോക്കി.
” ഇപ്പോൾ മനസ്സിലായല്ലോ അവരുടെ ബുദ്ധിയെ പറ്റി… പിന്നെ ഏയ്ഞ്ചലിൻ്റെ അനിയനെ അമുൽ ബേബിയെന്ന് നീ വിളിച്ചില്ലേ? ശരിക്കും നീ അല്ലേ അമുൽബേബി ?”
“വേദാ”
ജിൻസ് അരിശത്തോടെ അവളെ നോക്കി.
“ഞാൻ പറഞ്ഞത് ശരിയാണ് ജിൻസ്… സ്വന്തം കുംടുംബത്തിനുണ്ടാകുന്ന മാനനഷ്ടങ്ങൾ ഓർക്കാതെയും, ഭാവിയെ കുറിച്ചുള്ള സ്വപ്നങ്ങളെയും മറന്നു, നിന്നോടൊപ്പം ഇറങ്ങിവരാൻ ചങ്കൂറ്റം കാണിക്കുന്ന ഏയ്ഞ്ചലിൻ്റ നട്ടെല്ലിനുള്ള ബലത്തിൻ്റെ ഒരു ശതമാനമെങ്കിലും നിനക്കുണ്ടോ? എന്നിട്ട് വലിയ വായിൽ മഹത്വം വിളമ്പുന്നു… മറ്റുള്ളവരെ അമുൽ ബേബിയെന്നു വിളിക്കുന്നു.”
“വേദാ മൈൻഡ് യുവർ വേർഡ്സ്… ഇതു ഞങ്ങളുടെ മാത്രം പ്രശ്നമാണ്… അതിൽ നീ ഇടപെടണമെന്നില്ല”
ജിൻസിൻ്റെ സ്വരമുയർന്നതോടെ വേദ അവനെ പരിഹാസത്തോടെ നോക്കി.
” ഇതുവരെ ഞാൻ നിങ്ങളുടെ സംസാരം കേട്ട് മൗനം പാലിച്ചു നിന്നില്ലേ? നീ കത്തികയറിയപ്പോഴല്ലേ ഞാൻ ഇടപെട്ടത്… പിന്നെ ഏയ്ഞ്ചലിൻ്റെ ഏതു കാര്യത്തിലും ഞാൻ ഇടപെടും… അത് നീയല്ല, ഏയ്ഞ്ചൽ പറഞ്ഞാൽ പോലും ഞാൻ ഇടപെടും”
വേദയുടെ സ്വരമുയർന്നതോടെ ജിൻസ് ഏയ്ഞ്ചലിനെ നോക്കിയതും അവൾ പൊടുന്നനെ
തല കുനിച്ചു.
” കാരണം കടലിലേക്ക് ഒഴുകി പോയ എന്നെ സ്വന്തം ജീവൻ പോലും നോക്കാതെ ആഴങ്ങളിലേക്ക് വന്ന് പിടിച്ചു നിർത്തിയത് അവളാ… എന്നോടൊപ്പം മരണത്തിലേക്ക് ആണ് പോകുന്നതെന്നറിഞ്ഞിട്ടും, ഒന്നു പതറാതെ എന്നെ പൂണ്ടടക്കം കെട്ടിപ്പിടിച്ചവളാ… ആദിയെന്ന ആണൊരുത്തൻ ഞങ്ങളെ രക്ഷിച്ചില്ലായിരുന്നെങ്കിൽ എനിക്കൊപ്പം മരണത്തിലേക്കും കൂട്ടുവന്നേനെ അവൾ…
പുകയുന്ന വാക്കുകൾ പാതിയിൽ നിർത്തി അവൾ ജിൻസിനെ രണ്ടു നിമിഷം അമർഷത്തോടെ നോക്കി നിന്നു.
“ഓരേ ഹോസ്റ്റലിൽ, ഓരേ റൂമിൽ ഒരു മനസ്സും, രണ്ട് ശരീരവുമായി താമസിക്കാൻ തുടങ്ങിയതാണ് ഞങ്ങൾ… അതിനു ശേഷം മാത്രമേ ഏയ്ഞ്ചൽ നിന്നെ ആദ്യമായി കണ്ടിട്ടുള്ളു… ഈ ഒലക്കമേലെ പ്രണയം തുടങ്ങിയിട്ടുള്ളൂ.. ആ ഞങ്ങളിലൊരുവളായ എന്നോട് അധികാരത്തിൻ്റെ വാറോല കാട്ടി ഇനിയും നീ സംസാരിക്കരുത്…”
“വേദാ…. ”
കിതപ്പടങ്ങാതെ നിൽക്കുന്ന വേദയുടെ തോളിലൂടെ കൈയിട്ടു കൊണ്ട് ഏയ്ഞ്ചൽ അവളെ ചേർത്തു നിർത്തി, ജിൻസിനെ പതിയെ നോക്കി.
പന്നിപടക്കം തലയിൽ വീണു പൊട്ടിയതുപോലെ അടപടലം ചിതറി നിൽക്കുന്ന അവൻ്റെ തലമുടിയും, വിളറിയ മുഖവും കണ്ട അവളുടെ മനസ്സ് പതറി.
” പ്രശ്നം സോൾവ് ചെയ്യാൻ വന്ന നീയിങ്ങിനെ പൊട്ടിതെറിക്കാതിരിക്ക് വേദാ…. ”
വേദയെ സാന്ത്വനിപ്പിക്കും പോലെ ഒന്നു ചെറുതായി കുലുക്കിയിട്ട് ഏയ്ഞ്ചൽ ജിൻസിനെ നോക്കി.
“എനിക്കു സമ്മതമാണ് ജിൻസ്… ”
ഏയ്ഞ്ചലിൻ്റെ പതിഞ്ഞ ശബ്ദം കേട്ടതും വേദ അമ്പരപ്പോടെ അവളെ നോക്കി എന്തോ പറയാൻ തുനിഞ്ഞപ്പോഴെക്കും, അവളുടെ വായ്പൊത്തി അമ്പരപ്പോടെ നിൽക്കുന്ന ജിൻസിനെ നോക്കി അവളൊന്നു പുഞ്ചിരിച്ചു.,,
പ്രണയത്തിന് വേണ്ടി പ്രപഞ്ചം ചുറ്റാനും ഒരുക്കമാണെന്ന സമ്മതത്തോടെയുള്ള സൂര്യശോഭയേറിയ പുഞ്ചിരി !
“ഏയ്ഞ്ചൽ ”
വിളിക്കുന്നതോടൊപ്പം അവൻ്റെ ശബ്ദം പതറിയിരുന്നു.
“സാരല്യ ജിൻസ്… നമ്മുടെ പ്രണയത്തിന് വേണ്ടിയല്ലേ? നമ്മൾക്കൊന്നിച്ചൊരു ജീവിതം കെട്ടിപ്പടുക്കാനല്ലേ?”
പറയുന്നതോടൊപ്പം അവളുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു.
“ദൂരെയൊരിടമാണെങ്കിലും ഒറ്റയ്ക്ക് പോയി അവരോടൊന്നിച്ച് താമസിക്കാൻ എനിക്ക് വിഷമമില്ല ജിൻസ്… ഒരിക്കൽ ഞങ്ങളുടെ ജീവൻ രക്ഷിച്ചവരല്ലേ?അവരെന്തായാലും കൈയൊഴിയുകയോ, ചതിക്കുകയോ ചെയ്യില്ലാന്ന് ഉറപ്പുണ്ട് ”
പതറി പറയുന്ന ഏയ്ഞ്ചലിനെ നോക്കി നിന്ന അവൻ്റെ കണ്ണുകൾ പതിയെ നിറഞ്ഞു തുടങ്ങി…
“എന്നോട് വിഷമമുണ്ടോ ഏയ്ഞ്ചലിന്, എൻ്റെ നിസഹായമായ അവസ്ഥ കണ്ട് വെറുപ്പ് തോന്നുന്നുണ്ടോ നിനക്ക്”
ജിൻസിൻ്റെ ചോദ്യം കേട്ടതും, വേദയുടെ ചുണ്ടിൽ ഒരു പുച്ഛ ചിരി പാതിവിടർന്നു പൊലിഞ്ഞു.
“നിന്നോടു ദേഷ്യമോ? നിന്നോടുള്ള അടങ്ങാത്ത പ്രണയം കൊണ്ടല്ലടാ ഇത്രയും ദൂരത്തേക്ക് ആരും അറിയാതെ ഞാൻ മാറി നിൽക്കാനൊരുങ്ങുന്നത് ”
അവൾ ഒരു നിമിഷം നിർത്തി അവനെ നോക്കി പുഞ്ചിരിച്ചു.
കണ്ണീരിൻ്റെ തിളക്കമുള്ള ഒരു പുഞ്ചിരി !
” ഇതൊക്കെ ചെയ്യുന്നത് നിന്നോടുള്ള അടങ്ങാത്ത പ്രണയം കൊണ്ടാണെന്ന് നീ മറക്കരുത്… ഒടുവിൽ
ഇതൊക്കെ നീ മറന്ന്, എന്നെ പാതി വഴിയിൽ ഉപേക്ഷിച്ചാൽ ആ കടലിൽ തന്നെ ഞാൻ ”
ബാക്കി പറയാൻ കഴിയാതെ അവൾ വിങ്ങി പൊട്ടി.
കവിളിലൂടെ ചാലിട്ടൊഴുകിയ അവളുടെ കണ്ണീർ തുടച്ചു കൊടുക്കുമ്പോൾ, ജിൻസ് അഭിമാനത്തോടെ വേദയെ നോക്കി കണ്ണുയർത്തിയതും, അവൾ അവനെ വല്ലാതെയൊന്നു നോക്കി മുഖം കുനിച്ചതും, അരനിമിഷത്തിനുള്ളിൽ തന്നെ ആ മുഖമുയർത്തി ഏയ്ഞ്ചലിനെ നോക്കി.
” പോകുന്നതൊക്കെ ശരി തന്നെ… നിൻ്റെ വികൃതിത്തരങ്ങൾ ഒന്നും അവിടെ എടുക്കരുത്… പ്രത്യേകിച്ച് നമ്മുടെ ജീവൻ രക്ഷപ്പെടുത്തിയ ആദിയോട് ”
വേദ പൊടുന്നനെ പറഞ്ഞതും, ഏയ്ഞ്ചലും, ജിൻസും പരസ്പരം ഒന്നു നോക്കി.
“നിങ്ങളെ രണ്ടാളെയും രക്ഷിച്ചത് ആദിയെന്ന് പറയുന്ന ആളല്ലേ? ആ ആദിയോട് ഏയ്ഞ്ചലിന് തോന്നാത്ത സിംപതിയെന്തേ നിനക്ക്?”
ചിരിയോടെയുള്ള ജിൻസിൻ്റെ ചോദ്യം കേട്ടതും വേദ അവനെ രൂക്ഷമായി ഒന്നു നോക്കി…
” അത് വെറുമൊരു സിംപതിയല്ല ജിൻസ്… ഇഷ്ടമാണ്… ജീവൻ രക്ഷിച്ച ആളോടുള്ള അടങ്ങാത്ത ആരാധന മൂത്ത ഇഷ്ടം.. അവന് ഇഷ്ടമാണെങ്കിൽ കെട്ടാനും, കൂടെ കിടന്ന് അവൻ്റെ നാലഞ്ചു കുട്ടികളെ പെറാനും ഞാനൊരുക്കമാ..
ആദിയോടുള്ള സ്നേഹം വെറും സിംപതി കൊണ്ടല്ലായെന്ന് ഇത്രയും കേട്ടാൽ മനസ്സിലാവില്ലേ
ജിൻസിന്?”
വേദയുടെ ആവേശത്തോടെയുള്ള സംസാരം കേട്ടപ്പോൾ ജിൻസ് എയ്ഞ്ചലിനെ നോക്കി ഒന്നു തലയാട്ടി വേദയുടെ മുഖത്തേക്ക്
പുച്ഛഭാവത്തോടെ നോക്കി.
” മുഖത്ത് ഇത്രയും പുച്ഛം വേണ്ട മോനെ…. പണത്തിനും,
ആഢ്യത്തത്തിനും ഇത്തിരി കുറവുണ്ടാകുമെന്നുള്ളൂ… അതുക്കു മേലെയുള്ള ചങ്കൂറ്റത്തിനും, നെഞ്ചുക്കിനും ഒരു കുറവുമുണ്ടാകുകയില്ലെന്നു മാത്രമല്ല… അതിത്തിരി കൂടുതലുമായിരിക്കും… ”
വേദയുടെ വാക്കുകളിലെ കാഠിന്യം കൂടുംതോറും, ജിൻസിൻ്റെ മുഖത്തെ പുഞ്ചിരി മാഞ്ഞു തുടങ്ങി.
” അന്ന് ഞങ്ങൾ കടലിലേക്കൊഴുകി പോയപ്പോൾ, ആദിയുടെ സ്ഥാനത്ത് നീയായിരുന്നെങ്കിൽ, ഞങ്ങൾ കടലിലേക്ക് ഒഴുകി പോകുന്നതും നോക്കി നിശ്ചലം, നിർന്നിമേഷനായി നീ നിന്നേനെ… അപ്പനും, അമ്മയ്ക്കും
പുത്രവിയോഗം സംഭവിക്കല്ലേ എന്ന പ്രാർത്ഥനയോടെ… അങ്ങിനെയുള്ളവൻ്റെ മുഖത്താ ഈ പുച്ച ചിരിയെന്നോർക്കുമ്പോൾ, എനിക്ക് ആകെ മൊത്തം ടോട്ടൽ പുച്ഛമാ വരുന്നത് ”
“വേദാ…. നിർത്ത്”
പറഞ്ഞു കൊണ്ട് ഏയ്ഞ്ചൽ അവളെ പിടിച്ചു ഒന്നു കുലുക്കി, ജിൻസിനെ നോക്കി.
“ജിൻസും നിർത്തിക്കോ… ആ വിഷയമല്ല ഇവിടെത്തെ ഇപ്പോഴത്തെ വിഷയം…. ”
ഏയ്ഞ്ചൽ താക്കീതോടെ പറഞ്ഞതും, അവർ നിശബ്ദരായി….
നിശബ്ദമായ നിമിഷങ്ങൾക്കിടയിൽ വേദ, പള്ളിയുടെ നേർക്ക് നടന്നു….
“നീ എവിടേക്ക് പോകുന്നു വേദാ….?”
“ഞാൻ ഒന്നു പ്രാർത്ഥിച്ചിട്ടു വരാം….. അതിനുള്ളിൽ നിങ്ങൾ അന്തിമ തീരുമാനത്തിലെത്ത്…”
വേദയുടെ കനത്ത ശബ്ദത്തിലുള്ള മറുപടി കേട്ടതും, ഏയ്ഞ്ചൽ ദേഷ്യത്തോടെ ജിൻസിനെ നോക്കി.
“ഞങ്ങളുടെ കാര്യത്തിലൊന്നും ഇടപെടണ്ടായെന്ന് നീ എന്തിനാ അവളോട് പറഞ്ഞത്… അത് അവളെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്.,, എന്നെയും ”
“സോറി ഏയ്ഞ്ചൽ… ക്യാമ്പസ്സിൽ ഒരു മിണ്ടാപൂച്ചയെ പോലെ നടക്കുന്ന ഇവൾ ഇങ്ങിനെ പൊട്ടിത്തെറിക്കുന്നത് കണ്ട് ബി.പി കൂടിയപ്പോൾ പറഞ്ഞു പോയതാ..”
“എൻ്റെ കാര്യത്തിൽ അവൾ അങ്ങിനെയാ… എനിക്കും അതുപോലെ തന്നെയാ ”
മാതാവിൻ്റെ രൂപത്തിനു മുന്നിൽ പ്രാർത്ഥിക്കുന്ന വേദയെ നോക്കി അങ്ങിനെ പറയുമ്പോൾ ഏയ്ഞ്ചലിൻ്റ കണ്ണു നിറഞ്ഞിരുന്നു…
ഒന്നും പറയാൻ കഴിയാതെ കുനിഞ്ഞു നിന്നിരുന്ന ജിൻസിൻ്റെ മുഖം പതിയെ പിടിച്ചുയർത്തി ഏയ്ഞ്ചൽ.
“നീ വിഷമിക്കണ്ട ജിൻസ്… ആരൊക്കെ നമ്മൾക്കിടയിലേക്ക് പ്രതിബന്ധം ആയി വന്നാലും,നമ്മൾ ഒരിക്കലും പിരിയില്ല .. പകരം നമ്മൾ ഒന്നിച്ചു ജീവിക്കും ജിൻസ്… വേദയുടെ ഭാഷ കടമെടുത്ത് പറഞ്ഞാൽ, നിൻ്റെ മൂന്നാല് കുട്ടികളെയും പെറ്റ്, അവരെ നോക്കി നമ്മൾ ജീവിക്കും..”
ആത്മവിശ്വാസത്തോടെയുള്ള ഏയ്ഞ്ചലിൻ്റെ വാക്കുകൾ കേട്ടപ്പോൾ, ജിൻസിൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.
കുറച്ചു നേരം അവൾ ജിൻസിനെ തന്നെ നോക്കി നിന്നു…
കുറച്ചു കാലത്തേക്കുള്ള പിരിയലിൽ ഓർക്കാൻ വേണ്ടി, അവൻ്റെ ചിത്രം മനസ്സിലേക്ക് പകർത്തുന്നതു പോലെ!
” അലക്സിയെ കുറിച്ച് ജിൻസ് പറഞ്ഞത് ശരിയാണെങ്കിൽ ഇനി ഇവിടം നമ്മളൊന്നിച്ച് അധികനേരം നിൽക്കുന്നത് സേഫ് അല്ല ജിൻസ്… അതു കൊണ്ട് നീ ഹോസ്റ്റലിലേക്ക് മടങ്ങിക്കോ…. ഞാനും, വേദയും ആ
കടൽതീരത്തേക്ക് പോകുകയാണ് ”
“ഇപ്പോഴോ?”
അവൻ ചോദിച്ചതും, ഒരു ബൈക്ക് വന്നു അവർക്കരികിൽ മുരൾച്ചയോടെ നിന്നതും ഒരുമിച്ചായിരുന്നു!
റെയ്സ് ചെയ്തു കൊണ്ടിരിക്കുന്ന ബൈക്കിനു നേർക്ക് ഏയ്ഞ്ചൽ ദേഷ്യത്തോടെ നോക്കിയതും, ജിൻസിൻ്റെ ശബ്ദം പതറി വീണു.
” ഒന്നും പറയണ്ട ഏയ്ഞ്ചൽ.. അവൻ അലക്സിയുടെ ആളാ… അപ്പോ ഓകെ… ഞാൻ പോകുവാ….. ”
പരിഭ്രമത്തോടെ പറഞ്ഞു കൊണ്ട് അവൻ ബൈക്ക് ഓടിച്ചു പോയതും, റെയ്സ് ചെയ്തു കൊണ്ടിരുന്ന ബൈക്കും പതിയെ നീങ്ങി തുടങ്ങി…
ബൈക്ക് ഓടിപ്പിച്ചു കൊണ്ട് തിരിഞ്ഞു നോക്കി പോകുന്ന ആളെ നോക്കി നിന്ന ഏയ്ഞ്ചൽ പൊടുന്നനെ വേദയെ ഉറക്കെ വിളിച്ചു…
“നീ പെട്ടെന്ന്
കാറിൽ കയറ്…”
ഏയ്ഞ്ചലിൻ്റെ പരിഭ്രമത്തോടെയുള്ള വിളി കേട്ടതും,മാതാവിൻ്റെ രൂപത്തിനെ നോക്കി ധൃതിയിൽ കുരിശ് വരച്ചുകൊണ്ട് ഓടിവന്ന വേദയോട് പറഞ്ഞു കൊണ്ട് ഏയ്ഞ്ചൽ കാർ സ്റ്റാർട്ട് ചെയ്തതും, അവൾ കോ- ഡ്രൈവർ സീറ്റിലേക്ക് ചാടിയിരുന്നു, സീറ്റ് ബെൽറ്റിട്ടു…..തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…