Novel

നിനക്കായ്: ഭാഗം 10

രചന: ആൻ എസ്

ഞായറാഴ്ച ആണെങ്കിലും പതിവ് പോലെ നേരത്തെ തന്നെയാണ് ഉണർന്നത്. ദിവ്യയുടെ വീട്ടിൽ വിരുന്നിനു പോകേണ്ട കാര്യം ഓർത്തതും ഉത്സാഹം നിറഞ്ഞു.
” നാളെ നേരത്തെ തന്നെ എത്തിയേക്കണേ മാളു.. ഇവിടത്തെ തിരക്കിനിടയിൽ മനസ്സറിഞ്ഞ് നിന്നോടൊന്നു കൂട്ടുകൂടാൻ പോലും നേരം കിട്ടാറില്ല..” ദിവ്യ തലേദിവസം ഇറങ്ങാൻ നേരം കൂടി ഓർമിപ്പിച്ചതാണ് .

സിദ്ധു ഉറങ്ങിക്കിടക്കുന്നത് കാരണം ഒച്ചയുണ്ടാക്കാതെ കുളിക്കാൻ കയറി. കുളി കഴിഞ്ഞിറങ്ങി വന്നത് സ്കൂളിലെ എന്തോ കാര്യം ഓർത്തു കൊണ്ടാണ്.
ടവ്വലിനുള്ളിൽ ചുറ്റികെട്ടി വെച്ചിരിക്കുന്ന മുടി അഴിച്ചെടുത്തു പിന്നിലേകിട്ടു തോർത്തി തുടങ്ങി. എന്തോ സംഭവിച്ചത് പോലെ ഉറങ്ങുന്ന സിദ്ധു കട്ടിലിൽ നിന്ന് ചാടി എഴുന്നേറ്റിരിക്കുന്നത് കണ്ണാടിയിലൂടെ കണ്ടു. കൂട്ടത്തിൽ മുഖത്തുനിന്നും വെള്ളത്തുള്ളികൾ കൈ കൊണ്ട് തുടച്ചെടുക്കുന്നതും.

കുളികഴിഞ്ഞ് ഇത്തിരി തോർത്തിയിട്ടു മുടി ടവ്വലിനുള്ളിൽ ചുറ്റിക്കെട്ടി വെച്ച് പുറത്തിറങ്ങുന്നത് പണ്ടേയുള്ള ശീലമാണ്. മുറിയിൽ എത്തിയാലും വെള്ളം മുഴുവൻ മുടിയിൽ തന്നെ കാണും. തോർത്താൻ ആയി പിന്നിലേക്ക് എടുത്തിടുമ്പോൾ ഉറങ്ങി കിടക്കുന്ന ചേച്ചിയെ പലകുറി ഇങ്ങനെ കുളിപ്പിച്ചുട്ടുമുണ്ട്. ഉറക്കം കളഞ്ഞതിന് അടിക്കാൻ ഓടിവരുന്ന അവളുടെ പരാതി കേട്ട് അച്ഛനും മുത്തശ്ശിയും ഒത്തിരി ഉപദേശിച്ചിട്ടും ഇന്നുവരെ ഞാൻ നന്നായിട്ടില്ല… ഇനിയേതായാലും ഈ ദുശ്ശീലം മാറ്റിയേ പറ്റൂ..

സിദ്ധുവിന് മഴ വന്ന വഴി മനസ്സിലായതും “സോറി.. ഇനി ആവർത്തിക്കില്ല..” എന്നും പറഞ്ഞ് ജീവനും കൊണ്ട് ഇറങ്ങിയോടി. താഴെയെത്തി വാഷ്ബേസിനടുത്ത് വന്ന് സമാധാനത്തോടെ തല തോർത്തി.

അടുക്കളയിൽ ചെന്ന് അമ്മയെ സഹായിച്ചു തുടങ്ങി. എല്ലാ ദിവസവും രാവിലെ ജോലിക്ക് പോകേണ്ടതിനാൽ അടുക്കളയുടെ വഴിയേ എന്നെ രണ്ടാളും അടുപ്പിക്കാറില്ല. അവർക്ക് വല്ലതും ചെയ്തു കൊടുക്കാൻ പറ്റുന്നത് അവധി ദിവസം മാത്രമാണ് .ചേച്ചിയും കിച്ചുഏട്ടനും അമ്പലത്തിൽ പോയതാണ്. അതുകഴിഞ്ഞ് ഷോപ്പിങ്ങിനും കറങ്ങാനും ഒക്കെ പോകുന്നുണ്ട്. നാളെ തൊട്ട് കിച്ചു ഏട്ടന് കോളേജ് തുറക്കുകയാണ്. പകൽ സമയം ഏട്ടനെ വിട്ടു നിൽക്കുന്നതിൻറെ വിഷമം ഇന്നലെ തന്നെ ചേച്ചിയുടെ മുഖത്ത് മങ്ങൽ നിഴലിച്ചിരുന്നു.അവളുടെ സങ്കടം മാറ്റിയെടുക്കാനാകും കിച്ചു ഏട്ടൻ ഇന്നത്തെ ഔട്ടിംഗ് പ്ലാൻ ചെയ്തത്.

എല്ലാം തയ്യാറായി കഴിഞ്ഞതും അമ്മ പറഞ്ഞതനുസരിച്ച് അച്ഛനെ കഴിക്കാൻ വിളിക്കാൻ ചെന്നതും അടുത്തു തന്നെ സിദ്ധുവും പത്രത്തിൽ തലപൂഴ്ത്തി ഇരിപ്പുണ്ട്. ഞാൻ വാതിൽക്കൽ എത്തിയതും സാന്നിദ്ധ്യം അറിഞ്ഞിട്ട് എന്നതുപോലെ തലയുയർത്തി എന്നെ ഒന്ന് നോക്കുന്നത് കണ്ടു.രാവിലെ വെള്ളത്തിൽ കുളിപ്പിച്ചതിൻറെ ദേഷ്യമൊന്നും പക്ഷേ മുഖത്ത് കാണുന്നില്ല.

“അമ്മ രണ്ടാളെയും കാപ്പി കുടിക്കാൻ വിളിക്കുന്നു..”
അച്ഛനെ നോക്കിയാണ് പറഞ്ഞത്. പതിവുപോലെ വിളി കേട്ടതും അച്ഛൻ ചാടിയെഴുന്നേറ്റു. കൂട്ടത്തിൽ സിദ്ധുവും പത്രം മടക്കി എഴുന്നേൽക്കുന്നത് കണ്ടു.

“ആ… ഇപ്പോ ഇവൻറെ ചെവിക്ക് മാത്രമല്ല…
ആകെ മൊത്തം കുഴപ്പമൊന്നുമില്ലെന്ന് മനസ്സിലായി എൻറെ മാളൂസേ..” സന്തോഷത്തോടെയുള്ള അച്ഛൻറെ സംസാരത്തിലെവിടെയോ ഞങ്ങൾക്കായി ഒരു മുന വെച്ചിട്ടുണ്ടോ എന്ന സംശയത്തോടെ ഒരു മാത്ര ഞങ്ങൾ പരസ്പരം നോക്കിപ്പോയി.

അലമാരയിൽ നിന്നും നല്ലൊരു സാരിയേടുത്ത് ഒറ്റയ്ക്ക് തന്നെ ഉടുത്തു.മോശമില്ലാത്ത വിധത്തിൽ ഒരുങ്ങി. ഒരുക്കങ്ങൾ അമ്മയെ കാണിച്ചതും സാരി ചുറ്റിയത് ചിലയിടത്തൊക്കെ മാറ്റി കുത്തിതന്നുവെങ്കിലും
മൊത്തത്തിൽ നന്നായിട്ടുണ്ടെന്ന അഭിപ്രായം തന്നു. വണ്ടിയിൽ കയറാൻ നേരം സിദ്ധുവും പുതുമയോടെ നോക്കുന്നത് കണ്ടു.

“വഴിയിൽ നല്ല ബേക്കറി ഉണ്ടെങ്കിൽ ഒന്നു നിർത്തണേ..”
സിറ്റിയിൽ എത്തിയിട്ടും സിദ്ധുവിൻറെ ഭാഗത്തുനിന്നും നീക്കങ്ങളൊന്നും കാണാതിരുന്നതും പറയേണ്ടി വന്നു.

“അങ്ങനെയും ഒരു ചടങ്ങ് ഉണ്ടല്ലേ?..” ആത്മഗദം എന്നപോലെ പറയുന്നത് കേട്ടു. വലിയൊരു ബേക്കറിക്ക് മുന്നിൽ വണ്ടി നിർത്തി.പഴ്സ് എൻറെ കയ്യിൽ തന്നു.

“എനിക്ക് നോക്കി വാങ്ങാൻ ഒന്നും അറിയില്ല.. ബേക്കറി ഐറ്റംസ് തന്നെ നല്ലതല്ല എൻറെ നോട്ടത്തിൽ… മനുഷ്യരുടെ പകുതി അസുഖങ്ങൾക്ക് കാരണം ഇതൊക്കെ കഴിക്കുന്നതാണ് . എന്നുവച്ച് തനിക്ക് വേണ്ടതെല്ലാം വാങ്ങിച്ചോ. തൻറെ മാനേജറുടെ വീട്ടിലേക്കാണ്.. ഒട്ടും മോശം ആക്കേണ്ട.. ”

സിദ്ധുവിൻറെ പറച്ചിൽ കേട്ടതും കുറച്ച് ബേക്കറി ഐറ്റംസും കൂടുതൽ ഫ്രൂട്ട്സും വാങ്ങിച്ചു. ഞാനായിട്ടിനി ഡോക്ടറുടെ ആദർശങ്ങൾ കൈ വിടണ്ട എന്ന് തോന്നി.

” ഞാനവിടെ പലതവണ പോയിട്ടുണ്ടെങ്കിലും ഒന്നും വാങ്ങാതെ കൈവീശിയാണ് ചെല്ലാറ് .. എന്നെപ്പറ്റി അവര് മോശം വല്ലതും വിചാരിച്ച് കാണുമോ?..”
പേഴ്സ് തിരിച്ച് കൊടുക്കുമ്പോൾ ഉള്ള സിദ്ധുവിൻറെ നിഷ്കളങ്കമായ സംശയം കേട്ടതും എനിക്ക് ചിരിവന്നു.

വണ്ടിയുടെ ശബ്ദം കേട്ടിട്ട് ആവും കുടുംബം മൊത്തം മുറ്റത്തിറങ്ങി നിൽപ്പുണ്ട് ഞങ്ങളെ സ്വീകരിക്കാൻ. ഞാൻ ഇറങ്ങി വന്നപ്പോഴേക്കും സിദ്ധു ബാക്കിൽ നിന്നും വാങ്ങിവെച്ച കവറുകൾ എടുക്കുന്നത് കണ്ടു. കവറിൻറെ മുകളിലായി ഫ്രൂട്ട്സ് കണ്ടതു കൊണ്ടാവും മുഖത്ത് നല്ല തെളിച്ചം ഉണ്ട്. സന്തോഷത്തോടെ കയ്യിൽ പിടിച്ച് മനുവേട്ടന് കൊണ്ടുപോയി കൊടുക്കുന്നത് കണ്ടു.

“ആ.. പെണ്ണ് കെട്ടിയതിൻറെ ഗുണങ്ങളൊക്കെ കാണാൻ ഉണ്ട് .ഇവൻ കൊണ്ടുവന്നിരിക്കുന്നത് കണ്ടോ അച്ഛാ”

മനുവേട്ടൻ കളിയാക്കിയതും സിദ്ധു പരുങ്ങുന്നത് കണ്ടു.

” നീ പോടാ ഇത് അവൻറെയും കൂടി വീടല്ലേ.. പറയുന്ന നീ പത്തുരൂപയുടെ മീൻ വാങ്ങിയിട്ടുണ്ടോ ഈ വീട്ടിലേക്ക് ഇന്നേ വരെ..” അച്ഛൻ സിദ്ധുവിൻറെ സൈഡ് പിടിച്ചു.

” മാളുവിനേ നേരിട്ട് കണ്ടില്ല എന്നേയുള്ളൂ.. ദിവ്യ പറഞ്ഞ് പറഞ്ഞു നല്ലപോലെ അറിയാം. അകത്തേക്ക് കേറി വാ.” അമ്മയാണ്. ദിവ്യയേ മാത്രം കണ്ടില്ലല്ലോന്ന് മനസ്സിലോർത്തതേയുള്ളൂ കയ്യിൽ വലിയൊരു ജ്യൂസ് ട്രെയുമായി ആൾ എത്തി. അവളുടെ പിറകേ പലഹാരങ്ങളുമായി വരുന്നത് സിന്ധു ചേച്ചി ആണെന്ന് മനസ്സിലായി. ഇടയിലൂടെ ഒരു കുട്ടികുറുമ്പൻ ഓടിവന്ന് സിദ്ധുവിൻറെ മടിയിലേക്ക് വീഴുന്നത് കണ്ടു പോരാത്തതിന് സിദ്ധുവിൻറെ നെഞ്ചത്തും തോളത്തും ഒക്കെ ശക്തിയിൽ ഇടിക്കുന്നുമുണ്ട്.സിദ്ധു ആണെങ്കിൽ അവന് നോവാത്ത വിധത്തിൽ ബോക്സിങ് പോലെ തിരികെ അവനെയും ഇടിച്ചു കാണിക്കുന്നുണ്ട്.

“കുരിപ്പ് ഇത്രനേരവും എൻറെ നെഞ്ചത്ത് ആയിരുന്നു.
ഇനി നീ കുറച്ചു വാങ്ങികൂട്ട്. വേണ്ടാത്തത് ഓരോന്ന് നീയല്ലേ ചെറുക്കന് കാണിച്ചു കൊടുത്തത് …” മനുവേട്ടൻ ആണ്.

“വി ബോയ്സ് ഫൈറ്റ് ..അല്ലടാ ചക്കരേ.. ഇതൊക്കെ നിൻറെ പേടിത്തൊണ്ടൻ മാമന് എങ്ങനെ അറിയാനാ.. അങ്കിളിനെ നീ ധൈര്യമായി എത്ര വേണേലും ഇടിച്ചോ…” അത് കേട്ടതും കുറുമ്പൻ ആദ്യമേ ദേഹത്ത് പഞ്ചാരിമേളം തുടങ്ങി.സിദ്ധുവിനെ അല്ലാതെ ചുറ്റുമുള്ളതൊന്നും അവൻ കാണുന്നേ ഇല്ലെന്നു തോന്നി.

“എടാ അവനെ കൊല്ലല്ലേടാ.. അവൻ ഇല്ലേൽ നീ ഈ ഭൂമി തന്നെ കാണില്ലായിരുന്നു..” സിന്ധു ചേച്ചി ഗുസ്തി പിടിച്ച് കുറുമ്പനെ കഷ്ടപ്പെട്ട് എടുത്തു കൊണ്ടുപോയി. പോകുന്ന പോക്കിലും ചേച്ചിയുടെ തോളത്തിരുന്നു കൈകൊണ്ട് സിദ്ധുവിനെ വെടിവെക്കുന്ന പോലെ ആക്ഷൻ കാണിക്കുന്നുണ്ട്. സിദ്ധു വെടി കൊണ്ട് മരിച്ചു വീഴുന്ന പോലെ അഭിനയിച്ച് കാണിച്ചതും ചിരിച്ച് മറിയുന്നുണ്ടവൻ.. അവനെയും സിദ്ധുവിനെയും കണ്ണു മിഴിക്കാതെ നോക്കിയിരുന്നു പോയി ഞാൻ.

“നിങ്ങളൊന്നും കാര്യമായി കഴിച്ചില്ലല്ലോ? ” ദിവ്യയുടെ ശബ്ദമാണ് എന്നെ കാഴ്ചകളിൽ നിന്നും ഉണർത്തിയത് .

കട്ലറ്റ്, കേക്ക്, ജാഗിരി ,കുഴലപ്പം അങ്ങനെ ഒത്തിരി ഐറ്റംസ് മേശപ്പുറത്ത് വച്ചതിൽ നിന്നും സിദ്ധു ഒരു പഴം എടുത്തു കഴിക്കുന്നത് കണ്ടു. എൻറെ കൈ പ്ലേറ്റിലേക്ക് നീണ്ടു വന്നതും സിദ്ധുവിൻറെ നെഞ്ചിടിക്കുന്ന ശബ്ദം എനിക്ക് ഇവിടെ കേൾക്കാം എന്ന് തോന്നി. ഞാനും വേറൊരു പഴം കയ്യിൽ എടുത്തതും അവിടെ ആശ്വാസം നിറയുന്നത് കണ്ടു.

“അടിപൊളി.. ചങ്കരനൊത്ത ചക്കി എന്ന് കേട്ടിട്ടേയുള്ളൂ.. അബദ്ധത്തിൽ കെട്ടിയത് ആണേലും ഇങ്ങനെയൊക്കെ പൊരുത്തം കാണുമോ?..” മനുവേട്ടൻറെ കമൻറ് കേട്ടതും കുടിച്ചു കൊണ്ടിരുന്ന ജ്യൂസ് സിദ്ധുവിൻറെ നെറുകയിൽ കയറി. ഒരു നിമിഷം ഞാനും വല്ലാണ്ടായി. മറന്നു തുടങ്ങിയ കല്യാണ വിശേഷങ്ങൾ ഒക്കെ തെളിമയോടെ ഓർമ്മയിൽ വന്നു.

“കഴിച്ചു കഴിഞ്ഞെങ്കിൽ നീ വാ.. നമുക്ക് വീടൊക്കെ ചുറ്റി കറങ്ങാം..” മനുവേട്ടനേ ദഹിപ്പിച്ച് നോക്കിയിട്ട് ദിവ്യ എന്നെ കൂട്ടി അകത്തേക്ക് നടന്നു. മുകളിലത്തെ പുറത്തേക്ക് തുറക്കുന്ന ചാരുപടി കൊണ്ട് മൂടിയ ബാൽക്കണിയിൽ ആണ് ഞങ്ങൾ ചെന്നിരുന്നത്. ദിവ്യ എൻറെ മൂഡ് മാറ്റാനായി എന്തൊക്കെയോ പറയുന്നുണ്ട്. ഒടുവിൽ അത് അവളാദ്യമായി സിദ്ധുവിനെ കണ്ടതിൽ എത്തി.+2വിൽ അവളുടെ സീനിയർ ആയിരുന്നത്രെ. മനുവേട്ടന് വേണ്ടി അവളോട് സംസാരിച്ചത് പോലും സിദ്ധു ആയിരുന്നു. സിദ്ധു വിട്ടു പോയെങ്കിലും ഡിഗ്രിക്ക് അവളും മനുവേട്ടനും ചേർന്നത് ഒരേ കോളേജിൽ ആയിരുന്നു . ഒടുവിൽ പാവപ്പെട്ട വീട്ടിലെ കുട്ടി ആയതിനാൽ മനുവേട്ടൻറെ വീട്ടുകാർ വിവാഹത്തിന് എതിർത്തപ്പോൾ സിദ്ധുവാണത്രേ അവരെ പറഞ്ഞു സമ്മതിപ്പിച്ചെടുത്തത്. അവൾ അറിയുന്ന സിദ്ധു എനിക്കറിയാവുന്നതിൽ നിന്നും വളരെ വ്യത്യസ്തനാണ് എന്ന് തോന്നി. ഒരുപക്ഷേ സിദ്ധു അന്ന് രാത്രിയിൽ കരയാനുണ്ടായിരുന്ന കാരണം ദിവ്യയ്ക്ക് അറിയുമായിരിക്കും എന്ന് തോന്നി. മടിച്ചു മടിച്ചു ചോദിച്ചു.

“സിദ്ധുവിനു പണ്ട് ഇഷ്ടങ്ങൾ വല്ലതും…” ചോദിച്ചു തീരും മുൻപേ മനുവേട്ടൻറെ കൂടെ സിദ്ധുവും ഞങ്ങൾ ഇരിക്കുന്നടത്തേക്കു കയറിവരുന്നത് കണ്ടത്. വികാരം എന്തെന്ന് വായിച്ചറിയാൻ പറ്റാത്ത സിദ്ധുവിൻറെ നോട്ടം കണ്ടതും ഞാൻ ചോദിച്ചത് കേട്ടു എന്ന് മനസ്സിലായി.

“നല്ല ചോദ്യം.. ഉത്തരം ഞാൻ പറയാം.” മനുവേട്ടൻ ആവേശത്തോടെ ചാടി കയറി ഇരിക്കുന്നത് കണ്ടു.
സിദ്ധു എന്തുചെയ്യണമെന്നറിയാതെ ഒരു മാത്ര പതറി നിൽക്കുന്നത് കണ്ടു.

” നേരത്തെ പോലെ അബദ്ധത്തിൽ എങ്ങാനും നീയൊരു വാക്ക് മിണ്ടിയാൽ..ആയിരം കഥ വേറെ കേൾക്കേണ്ടി വരും.. നിനക്കറിയാലോ എന്നെ.” അല്പം ദേഷ്യത്തോടെ സിദ്ധു പറഞ്ഞു തീർന്നില്ല മനുവേട്ടൻറെ ആവേശമെല്ലാം അറബിക്കടല് കടന്നു.

“എന്തിനാ സിദ്ദു.. എനിക്കറിയാവുന്നത് തന്നെ ഉണ്ടല്ലോ കൊട്ടക്കണക്കിന്..” ദിവ്യയുടെ മറുപടിയിൽ ആ വിഷയം അവിടെ തീർന്നു. പിന്നീടുള്ള സംസാരങ്ങൾ സ്കൂളിനെ കുറിച്ചും കുട്ടികൾ ഒപ്പിക്കുന്ന വേലകളെ കുറിച്ചും ഒക്കെയായി. മനുവേട്ടൻറെ വായിൽ നിന്നും പല കഥകളും രസികൻ മട്ടിൽ കേട്ടതും ഞങ്ങളെല്ലാം ചിരിച്ചു മറിയുന്നുണ്ടായിരുന്നു. ഇടയ്ക്കെപ്പോഴോ നോക്കിയപ്പോൾ സിദ്ധുവിൻറെ കണ്ണുകളിൽ നിറഞ്ഞു നിന്നത് ഞാനായിരുന്നുവെന്ന് തോന്നി. സിദ്ദു പെട്ടെന്ന് തന്നെ നോട്ടം പിൻവലിച്ചു എങ്കിലും ആ മുഖത്ത് തെളിഞ്ഞു കണ്ട പുഞ്ചിരി എന്നിലേക്കും പതിയെ പടരുന്നുണ്ടായിരുന്നു. ഞങ്ങൾ തമ്മിലുള്ള അകലം കുറയ്ക്കാൻ കൂട്ടായിരുന്നുള്ള ആ സംഭാഷണം സഹായിച്ചു എന്ന് തോന്നി.

ഇത്തിരി കഴിഞ്ഞതും സിന്ധു ചേച്ചിയും ഞങ്ങളുടെ കൂട്ടിനെത്തി.” ചക്കര എന്തിയേ ചേച്ചി..” സിദ്ധുവിൻറെ ചോദ്യത്തിൽ നിന്നും കുഞ്ഞിൻറെ കൂടെ കളിച്ച് മതിയായിട്ടില്ല എന്ന് തോന്നി.

“കഷ്ടപ്പെട്ട് ഉറക്കി ഞാൻ.. ഒരിത്തിരി നേരം പോലും അടങ്ങി നിൽക്കില്ല.. എന്തൊരു കുരുത്തക്കേട് ആണ്..”
ചേച്ചി തലയിൽ കൈ വെച്ചുകൊണ്ടാണത് പറഞ്ഞത്.

“മാമൻറെ സ്വഭാവം ഇത്തിരിയെങ്കിലും അനന്തരവന് കിട്ടാതിരിക്കുമോ ചേച്ചീ..” കിട്ടിയ ചാൻസിൽ സിദ്ധു മനുവേട്ടനെ താങ്ങിയതാണ്.

“ആയിരിക്കും.. ജൻമംകൊണ്ട് ഞാൻ ആണെങ്കിലും കർമ്മം കൊണ്ട് നീയാണല്ലോ അവൻറെ മാമൻ.അല്ലെടീ” മനുവേട്ടനും വിട്ടുകൊടുത്തില്ല.

“അത് സത്യം തന്നെയാണ്. ഇവൻ എൻറെ പിറക്കാതെ പോയ അനിയൻ തന്നെയാ.. മാളുവിന് അറിയില്ലല്ലോ അതൊന്നും. കേട്ടോ മാളു.. ഈ ഇരിക്കുന്ന സിദ്ധു ഇല്ലായിരുന്നെങ്കിൽ ഇന്നത്തെ എൻറെ അവസ്ഥ.. ഈ വീടിൻറെ അവസ്ഥ ഇതൊന്നും തന്നെ ആയിരിക്കില്ല..
കല്യാണം കഴിഞ്ഞു വർഷം ആറ് കഴിഞ്ഞിട്ടും കുഞ്ഞുങ്ങൾ ഉണ്ടാകാത്തതിനാൽ എന്നെ ഒഴിവാക്കാൻ ഡൈവോഴ്സ് നോട്ടീസ് അയച്ചതായിരുന്നു എൻറെ ഭർത്താവിൻറെ വീട്ടുകാർ. അതും കയ്യില്പിടിച്ച് ഈ ബാൽക്കണിയിലിരുന്ന് കരഞ്ഞു കൊണ്ടിരിക്കുമ്പോഴാ
“ചേച്ചിയെ ഞാൻ ട്രീറ്റ് ചെയ്തോട്ടെ” എന്നിവൻ ചോദിച്ചത്. അന്നേരം അതൊരു തമാശയായി തോന്നിയെങ്കിലും ഇവൻറെ മുഖത്തെ സങ്കടം കണ്ടതും സമ്മതിച്ചു. ഇവൻ തന്നെയാണ് പിന്നീട് ചേട്ടനെ വിളിച്ചു പറഞ്ഞ് സമ്മതിപ്പിച്ചത് . ആറേഴ് മാസത്തെ ചികിത്സ കഴിഞ്ഞതും എൻറെ വയറ്റിൽ ഒരു കുഞ്ഞു ജീവൻ ഉണ്ടെന്നറിഞ്ഞു.അന്ന് ഇവനെ കെട്ടിപ്പിടിച്ച് കരഞ്ഞ കരച്ചിൽ ജീവിതത്തിൽ മറക്കില്ല ഞാൻ. ആർക്കും വേണ്ടാതെ ബാധ്യതയായി നിന്നിരുന്ന ഞാൻ സന്തോഷത്തോടെ… അഭിമാനത്തോടെ ജീവിക്കുന്നത് എൻറെ ഈ പൊന്നനിയൻ കാരണമാണ്..”
ചേച്ചി വീണ്ടും സിദ്ധുവിനെ കെട്ടിപ്പിടിച്ച് കരഞ്ഞു.

“ഇവൾ ഇത് വീണ്ടും.. എത്രാമത്തെ തവണയാ എന്നോട് ഇത് പറയണത് എന്ന് ഓർമ്മയുണ്ടോ.. സത്യം പറഞ്ഞാൽ ഇത് കേൾക്കാൻ മടിച്ചിട്ട് ആണ് നീ ഇല്ലാത്ത നേരം നോക്കി ഞാനിവിടെ വരുന്നത്.. ചക്കര വലുതായി വരുമ്പോഴെങ്കിലും ഇത് പറയുന്നത് നിർത്തണം..” ചേച്ചി കരഞ്ഞതും സിദ്ധുവിനും വിഷമമായി എന്ന്തോന്നി.

“നിൻറെ മുന്നിൽ മാത്രമല്ല മോനേ.. നിൻറെ ഹോസ്പിറ്റലിൽ എത്തുന്ന രോഗികളുടെ പകുതി പബ്ലിസിറ്റി ഇവള് വഴിയാ.. ഒരു 100 ആളോടെങ്കിലും ഈ കഥ പറയുന്നത് ഞാൻ തന്നെ കേട്ടിട്ടുണ്ട്. ഇപ്പോൾ ഏതു ഉറക്കത്തിൽ വിളിച്ചാലും ഞാൻ ഈ കഥ കാണാപാഠം പറയും. കൊടുക്കുന്ന പരസ്യത്തിന് നീ ഇവൾക്ക് നല്ലൊരു തുക കൊടുക്കണം എന്നാണ് എൻറെ ഒരിത്.. ” മനുവേട്ടൻ പറഞ്ഞതും ചേച്ചിയുടെ കരച്ചിൽ ചിരിക്ക് വഴി മാറി.

ചക്കര ഉണർന്നതും സിദ്ധുവിനെ അന്വേഷിച്ചു വരുന്നത് കണ്ടു. ഊണ് കഴിച്ചത് പോലും സിദ്ധുവിൻറെ മടിയിൽ ഇരുന്നാണ്. ആ വീടും വീട്ടിലെ ഓരോ അംഗങ്ങളും ആയി സിദ്ധുവിന് ആത്മബന്ധം ഉണ്ടെന്നു തോന്നി. ഞങ്ങൾ ഇറങ്ങാൻ നേരം ചക്കര കൂടെ വരാൻ വാശി പിടിച്ച് കരയുന്നുണ്ടായിരുന്നു. ഗേറ്റ് കഴിഞ്ഞ് പുറത്തേക്കിറങ്ങാൻ നേരവും സിദ്ധു വണ്ടി നിർത്തി അവനോട് ടാറ്റ പറയുന്നുണ്ടായിരുന്നു.

“സിദ്ധുവിന് കുട്ടികളെ ഒത്തിരി ഇഷ്ടമാണ് അല്ലേ..” ചോദിച്ചു കഴിഞ്ഞതും ആദ്യമായി ഞങ്ങൾക്കിടയിലെ സംഭാഷണത്തിന് തുടക്കമിട്ടത് ഞാനാണെന്നതിൽ
എനിക്ക് തന്നെ അത്ഭുതം തോന്നി.

“അങ്ങനെയൊന്നുമില്ല.. അവൻ എനിക്ക് സ്പെഷ്യൽ ആണ്.. ചേച്ചിയെ എനിക്ക് പണ്ടേ നല്ല ഇഷ്ടമായിരുന്നു. വീട്ടിൽ ഞങ്ങൾ രണ്ട് ആൺകുട്ടികൾ അല്ലേ. അതാവും പെൺകുട്ടികൾ എന്നാൽ വല്ലാത്തൊരു ഇഷ്ടമായിരുന്നു. മനുവിനെ ചേച്ചി സ്കൂളിൽ കൊണ്ടു വരുന്നതും, ഭക്ഷണം വാരി കൊടുക്കുന്നതും, കൈപിടിച്ച് നടക്കുന്നതും ഒക്കെ കൊതിയോടെ നോക്കി നിന്നിട്ടുണ്ട്. അവൻറെ ചെറിയ കാര്യങ്ങളിൽ പോലും ചേച്ചിയുടെ ശ്രദ്ധ എത്തുന്നത് കാണുമ്പോൾ ഓർക്കും കിച്ചു
ഏട്ടൻ എൻറെ ഇത്തരം കാര്യങ്ങൾ ഒന്നും അറിയുന്നില്ല ല്ലോ എന്ന്. പതിയെ ചേച്ചി ഞങ്ങളുമായി കൂട്ട് കൂടി തുടങ്ങി. ചേച്ചിയുടെ വിവാഹം ഞങ്ങൾക്ക് ആഘോഷമായിരുന്നു . പഠിത്തം കഴിഞ്ഞ് പ്രാക്ടീസ് തുടങ്ങിയ സമയത്താണ് ചേച്ചി ഒരു ദിവസം ഇരുന്ന് കരയുന്നത് കണ്ടത്. മനുവിൽ നിന്നും കാര്യങ്ങളെല്ലാം അറിഞ്ഞതും സഹിക്കാൻ കഴിഞ്ഞില്ല. പിന്നീടങ്ങോട്ട് ഒരു വാശിയായിരുന്നു. അറിയാവുന്ന പല ഡോക്ടർമാരെയും പ്രൊഫസർമാരെയും ഒക്കെ ചേച്ചിയുടെ റിപ്പോർട്ടും കയ്യിലെടുത്തു നേരിട്ട് പോയി കണ്ടു.വിദേശത്തുള്ള വിദഗ്ധരോട് നമ്പർ സംഘടിപ്പിച്ച് ഫോണിൽ സംസാരിച്ചു. ഉറക്കം കളഞ്ഞു പല പുതിയ കാര്യങ്ങളും ഗഹനമായി പഠിച്ചെടുത്തു.അറിയാവുന്ന ദൈവങ്ങളെ ഒക്കെ വിളിച്ചു പ്രാർത്ഥിച്ചു.ഭാഗ്യം കൊണ്ട് 7 മാസമായപ്പോഴേക്കും ട്രീറ്റ്മെൻറ് വിജയം കണ്ടു. ചേച്ചിയുടെ അന്നത്തെ സന്തോഷം കണ്ടതും മനസ്സ് നിറഞ്ഞു. മനുവും അച്ഛനും അമ്മയും ഒക്കെ അന്ന് നന്ദി പറഞ്ഞ് കരഞ്ഞിട്ടുണ്ട്.. അവരുടെ സന്തോഷത്തേക്കാൾ ആ സംഭവം എനിക്ക് കരിയറിൽ ഒത്തിരി ഗുണമായി. സത്യം പറഞ്ഞാൽ ചേച്ചിക്ക് വേണ്ടി അല്ലായിരുന്നെങ്കിൽ ഞാൻ ഈ ഫീൽഡിലെ പല കാര്യങ്ങളും ഇത്ര ശ്രദ്ധയോടെ അന്ന് പഠിക്കില്ലായിരുന്നു. ഇപ്പോൾ തോന്നും അവരോട് ഞാൻ അങ്ങോട്ടാണ് നന്ദി പറയേണ്ടതെന്ന്. എൻറെ ആദ്യത്തെ സക്സസ് ഫുൾ കേസ് ആയതു കൊണ്ടായിരിക്കാം ചക്കരയെ കാണുമ്പോൾ എനിക്ക് വല്ലാത്ത സന്തോഷമാണ്.. പറയാനാവാത്ത ..അനുഭവിച്ചറിയേണ്ട ഒരു ഇഷ്ടം.. അത്രയേ ഉള്ളൂ..”

“സിദ്ധു ഒരു സംഭവം തന്നെ ആണല്ലേ ….”

“താനെന്നെ കളിയാക്കിയത് അല്ലല്ലോ..
പട്ടാളക്കാര് യുദ്ധത്തിൻറെ കഥ പറയുന്നതുപോലെ ഞങ്ങൾ ഡോക്ടർമാരുടെ ഒരു ദുശ്ശീലമാണ് ഈ കേസ് സ്റ്റഡി പറയുന്നത്.. കേട്ട് നിൽക്കുന്നവർക്ക് ചിലപ്പോൾ തള്ള് ആണെന്ന് തോന്നും. അതുകൊണ്ട് ചോദിച്ചതാ…” ചിരിച്ചു കൊണ്ടാണ് സിദ്ദു പറഞ്ഞത്.

“ഒരിക്കലുമല്ല.. പലരിൽ നിന്നുമായി ഞാൻ സിദ്ധുവിൻറെ കഴിവുകളെകുറിച്ച് കേട്ടിട്ടുണ്ട്… പിന്നെ ദിവ്യയുടെ സംസാരത്തിലും.. അവരുടെ വിവാഹത്തിന് മുൻകൈ എടുത്തത് സിദ്ധു ആണെന്ന് അറിഞ്ഞു..”

” അതും സത്യം പറഞ്ഞാൽ ചേച്ചി കാരണമാണ് നടന്നു കിട്ടിയത്.മനുവിൻറെ അച്ഛൻ വലിയ പ്രതാപശാലിയാണ്. ദിവ്യയുടെ വീട്ടുകാരാണെങ്കിൽ വളരെ പാവപ്പെട്ടവരും. ഇങ്ങനെയൊരു വിവാഹത്തെക്കുറിച്ച് മനുവിൻറെ വീട്ടുകാർക്ക് ചിന്തിക്കാൻ പോലും കഴിയില്ല. എന്ത് ചെയ്യണമെന്നറിയാതെ ഞങ്ങൾ കൂട്ടുകാർ എല്ലാം വിഷമിച്ച് നിൽക്കുന്ന സമയത്താണ് ചക്കരയുടെ ആദ്യത്തെ പിറന്നാളിന് അച്ഛനും അമ്മയും എൻറടുത്ത് ഇമോഷണൽ ആയി വീണ്ടും നന്ദി പറയാൻ വരുന്നത്. എന്തോ ധൈര്യത്തിൽ ദിവ്യയ്ക്ക് വേണ്ടി ഞാനും സംസാരിച്ചു. “മോന് അറിയാവുന്ന കുട്ടിയാണോ?…” അച്ഛൻറെ ചോദ്യത്തിന് അവളെക്കുറിച്ചും വീടിനെ കുറിച്ചും എനിക്കറിയാവുന്ന കാര്യങ്ങൾ ഒക്കെ സത്യസന്ധമായി പറഞ്ഞു.. കേട്ട് കഴിഞ്ഞതും അച്ഛനന്ന് മറുപടിയൊന്നും പറഞ്ഞില്ല .. ചീറ്റിപ്പോയി എന്ന് മനസ്സിലായി .പിറ്റേദിവസം പെണ്ണുകാണാൻ പോകുന്ന കാര്യം മനു വിളിച്ച് പറഞ്ഞപ്പോഴാണ് ഞാനും അറിയുന്നത്. അദ്ദേഹം സമ്മതിക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല…”

എളിമയോടെ ഉള്ള സിദ്ധുവിൻറ് സംസാരം നോക്കി കാണുകയായിരുന്നു ഞാൻ. വർത്തമാനം നിർത്തിയിട്ടും എൻറെ നോട്ടം സിദ്ധുവിൽ തന്നെ ആയിരുന്നു. കുറച്ചു കഴിഞ്ഞതും സിദ്ധു എന്താണെന്ന് പുരികമുയർത്തി ചോദിച്ചതും വല്ലാതെ ചമ്മിപ്പോയി. ഒന്നുമില്ല എന്ന് പറഞ്ഞു ധൃതിയിൽ പുറത്തേക്ക് നോക്കിയിരുന്നു.

” അബദ്ധത്തിൽ കിട്ടിയ ഭർത്താവ് മോശമായിട്ടില്ല എന്ന് എപ്പോഴെങ്കിലും തോന്നുകയാണെങ്കിൽ പറയണം …” സിദ്ധുവിൻറ പതിയെ ഉള്ള പറച്ചിൽ കേട്ടതും ഞാൻ വല്ലാതെ ആയിരുന്നു.

“സിദ്ദു മോശക്കാരനായതുകൊണ്ടല്ല ഞാൻ…എനിക്ക്..”
പറയാൻ വന്ന വാക്കുകൾ പാതി മുറിഞ്ഞു തല കുമ്പിട്ട് പോയിരുന്നു..
എൻറെ വലംകൈയ്യിൽ സിദ്ധുവിൻറെ ഇടംകൈയ്യിലെ തണുപ്പ് വന്ന് പൊതിയുന്നതറിഞ്ഞു. പതിയെ നിറമിഴിയോടെ തല ഉയർത്തി നോക്കി .

“വിവാഹം ജീവിതത്തിലെ വളരെ പ്രധാനമായ കാര്യമാണ്.
നമ്മൾ പങ്കാളിയെക്കുറിച്ച് പലതരം സ്വപ്നങ്ങൾ നെയ്തു കാണും..മനസ്സിൽ വരച്ചിട്ട ചില മുഖങ്ങൾ മായ്ച്ചു കളയാൻ ബുദ്ധിമുട്ടാണെന്നറിയാം..എങ്കിലും നമ്മുടെ ജീവിതത്തിൽ നമ്മളിലേക്ക് എത്തിച്ചേരുന്ന ചിലതുണ്ട്. നമ്മൾ ജനിച്ച വീട്, നമ്മുടെ മാതാപിതാക്കൾ, നമ്മുടെ രൂപം അങ്ങനെ സ്വന്തം എന്ന് നമ്മൾ അവകാശപ്പെടുന്ന അല്ലെങ്കിൽ അഹങ്കരിക്കുന്ന എന്തെങ്കിലും നമ്മൾ ആഗ്രഹിച്ച് കണ്ടുപിടിച്ചതാണോ?..
അല്ലല്ലോ.. ഈ കൂടിച്ചേരലും അങ്ങനെ കാണാനാണ് എനിക്കിഷ്ടം. താനിന്ന് ദിവ്യയോട് ചോദിച്ചത് ഞാനും കേട്ടിരുന്നു.. കഴിഞ്ഞുപോയ ഭൂതകാലത്തിൽ ചികയാതെ ഒരു നിയോഗം പോലെ സംഭവിച്ചതിനെ അംഗീകരിക്കാൻ ശ്രമിക്കുക. തൻറെ അച്ഛൻ ഈ കൈ എൻറെ കൈകളിൽ ഏൽപ്പിച്ചപ്പോൾ മുതൽ ഞാൻ ചെയ്തു കൊണ്ടിരിക്കുന്നത് അതാണ്.
നമ്മുടെ ശത്രുവും മിത്രവും നമ്മുടെ ഉള്ളിലെ മനസ്സ് തന്നെയാണ്.. അതിനെ പിടിച്ചുകെട്ടാൻ കഴിഞ്ഞാൽ പിന്നെ നമ്മളെ തോൽപ്പിക്കാൻ ഒരു ശക്തിക്കും കഴിയില്ല. ഞാനതിൽ വിജയിച്ചു കഴിഞ്ഞു..തന്നെ ഞാൻ എൻറെ പങ്കാളിയായി എല്ലാ അർത്ഥത്തിലും അംഗീകരിച്ചു കഴിഞ്ഞു . അങ്ങനെയൊരു ശ്രമത്തിന് തനിക്ക് പറ്റില്ലെന്ന് തോന്നുന്നുവെങ്കിൽ എന്നിൽ നിന്നും തൻറെ കൈകൾ പിൻവലിക്കാം..”

പറഞ്ഞ് കഴിഞ്ഞതും എന്നെ ചേർത്തു പിടിച്ചിരിക്കുന്ന കൈകളിൽ വന്നു ചേർന്ന വിറയൽ ഞാനും അറിയുന്നുണ്ടായിരുന്നു. എന്തോ കൈകൾ പിൻവലിക്കാൻ തോന്നിയില്ല.. ആ കൈകളിലെ കരുതലോ സംരക്ഷണമോ ഒക്കേ എൻറെ കൈകളും ആസ്വദിക്കുന്നുണ്ടെന്നു തോന്നി. വീട് എത്തുന്നത് വരെയും എൻറെ കൈകൾ സിദ്ധുവിൻറെ കൈകളിലെ മിടിപ്പുകൾ അറിയുന്നുണ്ടായിരുന്നു..

വീടെത്തി വണ്ടിയിൽ നിന്നും പുറത്തിറങ്ങി കഴിഞ്ഞതും സ്വതന്ത്രമാക്കപ്പെട്ട കൈകളിൽ പറയാനറിയാത്ത ഒരു നഷ്ടബോധം നിറയുന്നത് ഞാനറിയുന്നുണ്ടായിരുന്നു…..തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button