ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതി രൂക്ഷം; 24 മരണം, റെയിൽ, റോഡ് ഗതാഗതം നിലച്ചു
ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതി രൂക്ഷമായി തുടരുന്നു. ഇരു സംസ്ഥാനങ്ങളിലുമായി 24 പേർ ഇതിനോടകം മഴക്കെടുതിയിൽ മരിച്ചു. തെലങ്കാനയിൽ അച്ഛനും മകളും മറ്റൊരു കുടുംബത്തിലെ അമ്മയും മകളും ദമ്പതികളും അടക്കം 9 പേരും ആന്ധ്രയിൽ 15 പേരുമാണ് മരിച്ചത്.
കനത്ത മഴയിൽ വിജയവാഡ നഗരം ഒറ്റപ്പെട്ടു. നഗരത്തിലേക്കുള്ള റെയിൽ, റോഡ് ഗതാഗതം പൂർണമായി നിലച്ചു. റെയിൽവേ ട്രാക്കുകളിലും റോഡുകളിലും വെള്ളം കയറി. ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് തെലങ്കാനയിലും ആന്ധ്രയിലും സ്‌കൂളുകൾക്ക് വധി പ്രഖ്യാപിച്ചു.
കാർ വെള്ളപ്പാച്ചിലിൽ പെട്ട് യുവ ശാസ്ത്രജ്ഞയായ അശ്വിനി നുനാവത്(27), അച്ഛൻ മോത്തിലാൽ നുനാവത്ത് എന്നിവർ മരിച്ചു. പലേറിയിൽ ഹെലികോപ്റ്റർ മാർഗം കുട്ടിയെ രക്ഷപ്പെടുത്തി. കുട്ടിയുടെ അച്ഛനും അമ്മയും മരിച്ചു. കുട്ടികളെ രക്ഷപ്പെടുത്തി വ്യോമസേന ഹെലികോപ്റ്റർ തിരികെ എത്തിയപ്പോഴേക്കും വീട് പൂർണമായും വെള്ളത്തിലേക്ക് തകർന്നുവീണിരുന്നു.