ലഹരി പാർട്ടി ആരോപണം: ഗായിക സുചിത്രക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് റിമ കല്ലിങ്കൽ
തമിഴ് ഗായിക സുചിത്രയ്ക്കെതിരെ നിയമനടപടിയുമായി നടി റിമ കല്ലിങ്കൽ. വീട്ടിൽ ലഹരി പാർട്ടി നടത്തിയെന്ന ആരോപണത്തിനെതിരെയാണ് നടപടി. വിഷയവുമായി ബന്ധപ്പെട്ട് റിമ സാമൂഹ്യ മാധ്യമങ്ങളിൽ പ്രതികരിച്ചു. വർഷങ്ങളായി നിങ്ങളിൽ പലരും ഡബ്ല്യുസിസിക്കും അതിന്റെ ലക്ഷ്യത്തിനും ഒപ്പം നിൽക്കുന്നുവെന്നും ഈ പിന്തുണയും വിശ്വാസവുമാണ് ഇപ്പോൾ ഇത് എഴുതാൻ തന്നെ പ്രേരിപ്പിക്കുന്നതെന്നും റിമ കുറിപ്പിൽ വ്യക്തമാക്കി.
കുറിപ്പിന്റെ പൂർണരൂപം
തമിഴ് ഗായിക സുചിത്ര ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലെ ചില പ്രസ്താവനകൾ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 2017ലെ ലൈംഗികാതിക്രമത്തിലെ അതിജീവിതയുടെ പേര് പറയുകയും അവരെ പരിഹസിക്കുകയും മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയൻ, മമ്മൂട്ടി, മോഹൻലാൽ എന്നിവർ ചേർന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ ഫഹദ് ഫാസിൽ പോലുള്ള നടൻമാരുടെ കരിയർ തകർക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിക്കുന്നു. ഹേമാ കമ്മിറ്റി എങ്ങിനെയുണ്ടായെന്ന് ഞങ്ങൾക്ക് എല്ലാവർക്കും നന്നായി അറിയാം. അങ്ങനെയല്ല എന്ന് പറയുമ്പോൾ ചോദ്യങ്ങൾ ചോദിക്കേണ്ടി വരും.
ഇവരുടെ വെളിപ്പെടുത്തലുകൾ മുഖ്യധാരാ മാധ്യമങ്ങളുടെ വാർത്തകളിൽ ഇടം നേടിയില്ല. എങ്കിലും എന്റെ ‘അറസ്റ്റി’നെക്കുറിച്ച് അവർ ഒരു വാർത്ത വായിച്ചുവെന്ന അടിസ്ഥാനരഹിതമായ പ്രസ്താവന ശ്രദ്ധനേടി. ഇത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്ന് ഞാൻ വ്യക്തമാക്കട്ടെ.
സംഭവത്തിൽ ഞാൻ നടപടി സ്വീകരിക്കാൻ തീരുമാനിച്ചു. പ്രത്യേക അന്വേഷണസംഘത്തിന് മുന്നിൽ പരാതി സമർപ്പിക്കുകയും മാനനഷ്ടത്തിന് നോട്ടീസ് അയക്കുകയും ചെയ്തു.
ഞങ്ങളുടെ ലക്ഷ്യത്തിൽ വിശ്വസിക്കുന്നവരോട്, നമുക്ക് ഒന്നിച്ച് മുന്നോട്ട് നീങ്ങാം. പിന്തുണയ്ക്ക് നന്ദി