Novel

ശിശിരം: ഭാഗം 18

രചന: മിത്ര വിന്ദ

അങ്ങനെ കിച്ചന്റെ കല്യാണ ദിവസം വന്നെത്തി.

രാവിലെ എഴുന്നേറ്റു കുളിച്ചു ഒരുങ്ങി സെറ്റ് മുണ്ട് ഒക്കെ ഉടുത്തു കൊണ്ട്, സുന്ദരിക്കുട്ടി ആയിട്ട് അമ്മു, സതിയമ്മയുമായി മേടയിൽ വീട്ടിലേക്ക് പുറപ്പെട്ടു.

അല്ലെ…. ആരാണ് ഈ സുന്ദരിക്കുട്ടി, ഒന്ന് നോക്കിക്കേ പ്രിയമോളെ നീയ്….

ഗിരിജഅമ്മായിയുടെ ശബ്ദം മുഴങ്ങിയതും അവിടെ ഉമ്മറത്ത് കൂടിയവർ ഒക്കെ തിരിഞ്ഞു വെളിയിലേക്ക് നോക്കി.

അത് കണ്ടതും അമ്മുവിന് നാണം ആയിപ്പോയി.

ഈ അമ്മായിടെ കാര്യം എന്ന് പറഞ്ഞു കുനിഞ്ഞ മുഖത്തോടെ അവൾ അകത്തേക്ക് കയറി

ഫോട്ടോ എടുക്കലും മറ്റും ആയിട്ട് ആകെ ബഹളം ആയിരുന്നു അകത്തെ മുറിയിൽ.

കിച്ചൻ റെഡി ആയി വന്നു നിൽപ്പുണ്ട്.

അമ്മു അവന്റെ അടുത്ത് ചെന്ന് നിന്നിട്ട് ഒരു ഫോട്ടോ ഒക്കെ എടുത്തു.
പ്രിയ ആണെങ്കിൽ വൈൻ റെഡ് നിറം ഉള്ള ഒരു പട്ടു സാരി ചുറ്റി ആഭരണം ഒക്കെ ഇട്ട് നിൽപ്പുണ്ടയിരുന്നു.

അമ്മുവും അവളും ചേർന്ന് ആയി പിന്നത്തെ ഫോട്ടോ എടുക്കലുകൾ..

ഈ സമയത്ത് ആണ് യദു അവന്റെ മുറിയിൽ നിന്നും താഴേക്ക് ഇറങ്ങി വന്നത്.

അമ്മുവിനെ കണ്ടതും അവൻ മുഖം തിരിച്ചുനോക്കി.

ഒരു വേള ഇരു മിഴികളും കോർത്തു വലിച്ചു.. അമ്മു ആയിരുന്നു നോട്ടം പിൻവലിച്ചുകൊണ്ട് ഇറങ്ങി പോയതും.

അന്നത്തെ അവന്റെ ഏറ്റു പറച്ചിലിന് ശേഷം യദുവിനു ആകെ ഒരു വിമ്മിഷ്ടം ആയിരുന്നു. അമ്മു പക്ഷെ അവനോട് എന്നത്തേയും പോലെ കൂൾ ആയിട്ട് സംസാരിച്ചു കൊണ്ട് തന്നെ തുടർന്ന്.

എങ്കിലും അവന്റെ ഉള്ളിന്റെ ഉള്ളിൽ എവിടെയോ ഒരു നഷ്ട ബോധം തളം കെട്ടി നിൽപ്പുണ്ടായിരുന്നു.

കാലത്തെ പത്ത് മണിയ്ക്ക് ശേഷം ആയിരുന്നു പെണ്ണിന്റെ വീട്ടിലേക്ക് എല്ലാവരും പുറപ്പെട്ടത്.

വഴിയിലേക്ക് ഇറങ്ങിയപ്പോൾ നകുലന്റെ അമ്മ ബിന്ദുവും ഒപ്പം ശ്രീജയും അവളുടെ കുഞ്ഞ് വാവയും ഒക്കെ ആയിട്ട് വന്നത്

ബിന്ദുചേച്ചി…. എന്താ ലേറ്റ് ആയത്. ശ്രീജമോളെ കണ്ടിട്ട് എത്ര നാളായിടി…
സതി ഓടിചെന്നു ശ്രീജയുടെ കുഞ്ഞിന്റെ കവിളിലും മുഖത്തും ഒക്കെ തലോടി.

ഇന്ന് കാലത്തെയാണ് നകുലൻ എത്തിയത്. അതാ പെണ്ണേ ലേറ്റ് ആയത്. ഇവളും വന്നത് വെളുപ്പിനത്തേ വണ്ടിയ്ക്കാ…

ഇറങ്ങീത് ആണ് ചേച്ചി, നമ്മൾക്ക് വഴിലോട്ട് നടക്കാം…
സതി പറഞ്ഞപ്പോൾ ബിന്ദുവും മകളും തല കുലുക്കി.

“അപ്പച്ചി, അമ്മുക്കുട്ടി എവിടെ, അവളെ കണ്ടില്ലല്ലോ…”?

ഇപ്പൊ വരും, പ്രിയേടെ കൂടെയുണ്ട്. പെട്ടീ സാധനോം ഒക്കെ എടുക്കാൻ നിൽക്കുന്നത് ആവും.നകുലൻ ഇറങ്ങിയില്ലേ…

ഇല്ല അപ്പച്ചി, ഏട്ടൻ ആരെയോ ഫോണിൽ വിളിക്കുവാ.. ഇപ്പൊ വരാം എന്ന് പറഞ്ഞു, ഇനി തിരക്ക് വേണ്ടല്ലോ നമ്മൾക്ക് പോയേക്കാം….

ആഹ്, അതാ നല്ലത്.. അമ്മു എവിടെയാണോ, അവളെ കാണുന്നില്ലാലോ..

സതി പിന്നെയും തിരിഞ്ഞു നോക്കി.

ഓള് വന്നോളും സതി, നീ ഞങ്ങടെ ഒപ്പം പോരേ, വണ്ടിയ്ക്ക് ഇട ഉണ്ടല്ലോ…
ബിന്ദു പറഞ്ഞു.

സാരമില്ല ചേച്ചി, നിങ്ങള് പൊയ്ക്കോളൂ, അവള് എന്നേ നോക്കി ഇവിടെ നിൽക്കും.

അവര് പറഞ്ഞു കൊണ്ട് നിന്നപ്പോൾ അമ്മു ഇറങ്ങി വരുന്നുണ്ടായിരുന്നു.

ശ്രീജേച്ചി… എപ്പോ വന്നു,
ഓടി വന്നിട്ട് ശ്രീജേടെ കുഞ്ഞിനെ എടുത്തു. കവിളിൽ തുരു തുരാന്നു ഉമ്മ വെച്ചു.

ബിന്ദു ആണെങ്കിൽ അനിഷ്ടത്തോടെ അമ്മുനെ നോക്കി. മുഖം തിരിച്ചു..

ഗിരിജയും പരിവാരങ്ങളും വന്നപ്പോൾ ബിന്ദുവിനെ കണ്ടത്.

പിന്നീട് ഗിരിജ നിർബന്ധിച്ചു കൊണ്ട് ബിന്ദുവിനെ അവരുടെ വണ്ടിയിൽ കയറ്റി കൊണ്ട് പോയ്‌. ഒപ്പം സതിയെയും.

നകുലനോട് ഇറങ്ങി വരേണ്ട എന്നുള്ളത് ശ്രീജ വിളിച്ചു പറഞ്ഞിരുന്നു. അതുകൊണ്ട് അവൻ വണ്ടിയ്ക്ക് അകത്തു ഇരുന്നു.

അമ്മുട്ടാ.. നീ എന്റെ കൂടെ പോരേ, നമ്മളുടെ വണ്ടിയിൽ പോകാം….
ശ്രീജ നിർബന്ധിച്ചപ്പോൾ അമ്മു പിന്നെ അവളുടെ കൂടെ നടന്നു.

അമ്മു ആയിരുന്നു ശ്രീജയുടെ ഒന്നര വയസ് ഉള്ള കുഞ്ഞാവയെ എടുത്തത്.

ധ്വനി എന്നാണ് കുഞ്ഞിന്റെ പേര്, എല്ലാവരും വിളിക്കുന്നത് പാറുക്കുട്ടിഎന്നാണ്.. ശ്രീജ പറഞ്ഞു കൊടുത്തു.

നകുലന്റെ ഹോണ്ട സിറ്റി കിടക്കന്ന സ്ഥലത്തേക്ക് ശ്രീജയോടൊപ്പം അമ്മുവും നടന്നു ചെന്നു.

അമ്മു… ആരോ വണ്ടിയിൽ ഉണ്ടല്ലോടാ, ആരാണ് അത്…

അറിയില്ല ചേച്ചി, ഒരു കാര്യം ചെയ്യാം, ചേച്ചി ഇതിൽ പൊയ്ക്കോ, ഞാൻ വേറെ വണ്ടിയിൽ വന്നോളാം…
അമ്മു ഒഴിഞ്ഞു മാറി

ഹേയ്.. അതൊന്നും സാരമില്ല, ഒരാൾ അല്ലെ ഒള്ളു, നീ വന്നേ..

വണ്ടിയുടെ അടുത്ത് എത്തിയതും നോക്കിയപ്പോൾ അവരുടെ വകയിൽ ഉള്ള ഒരു കുഞ്ഞമ്മ ആയിരുന്നു.

ആഹ്ഹ.. ഓമനകുഞ്ഞമ്മേ.. എന്തൊക്കെയുണ്ട് വിശേഷം, കണ്ടിട്ട് കുറേ കാലം ആയല്ലോ….

ശ്രീജ പിന്നിലേക്ക് കയറാൻ തുടങ്ങിയപ്പോൾ അമ്മു അവളെ പിടിച്ചു വിലക്കി.

പാറുക്കുട്ടിക്ക് പാല് കൊടുക്കണം മോളെ, ഇല്ലെങ്കിൽ അവിടെ ചെല്ലുമ്പോൾ കരയും,,നീ മുന്നോട്ട് കേറിയിരുന്നോ കേട്ടോ.
ശ്രീജ പറഞ്ഞതും അമ്മു സങ്കടത്തോടെ നോക്കിയത് നകുലന്റെ മുഖത്തേക്ക് ആണ്.

അവൻ ആണെങ്കിൽ അമ്മുവിന് ചുഴിഞ്ഞു നോക്കുന്നത് കണ്ടപ്പോൾ അവൾക്ക് വല്ലാത്ത ജാള്യത പോലെ.

നേര്യതിന്റെ വശം പിടിച്ചു വലിച്ചു, വയറിന്റെ ഭാഗം ഒക്കെ കേറ്റി വെച്ചു കൊണ്ട് അവൾ നകുലന്റെ അടുത്തെയ്ക്ക് കയറി ഇരുന്നപ്പോൾ ചെറുതായി വിറയ്ക്കാൻ തുടങ്ങിയിരുന്നു.

ഇത് സതീടെ മോള് അല്ലെ?
പിന്നിൽ ഇരുന്ന സ്ത്രീ ചോദിച്ചപ്പോൾ അമ്മു ഒന്ന് മുഖം തിരിച്ചു.

“അതേ കുഞ്ഞമ്മേ, അമ്മുനെ അറിയില്ലേ ”

“ഹ്മ്മ്… കണ്ടിട്ടുണ്ട്,ചെറുപ്പത്തിലേ, എത്ര പെട്ടന്ന് ആണല്ലെ പെൺകുട്ടികൾ വളരുന്നത്, കൊച്ചേ നീ എന്നേ അറിയുമോടി…”

അവർ ചോദിച്ചപ്പോൾ അമ്മു വെറുതെ തല കുലുക്കി.

ഈ മുടിയിൽ എന്തേലും ഒടക്കി വെയ്ക്കാൻ നോക്ക് കേട്ടോ, ഇല്ലെങ്കിൽ കണ്ണ് കിട്ടി മുഴോനും പോകും..
അവർ പിന്നെയും പറഞ്ഞപ്പോൾ അമ്മു ഒന്ന് പുഞ്ചിരിച്ചു.

അമ്മുവിന്റെ സകല വിവരവും അവർ ഇതിനൊടിടയ്ക്ക് ചോദിച്ചു മനസിലാക്കി..
എന്നിട്ട് ഉള്ളിൽ ഉള്ള കാര്യവും തുറന്ന് പറഞ്ഞു.
അവരുടെ മകന്റെ മകൻ, ബാങ്കിൽ ആണ് ജോലി. അമ്മുനെ കൊണ്ട് കല്യാണം കഴിപ്പിയ്ക്കാൻ ഒരു ആഗ്രഹം…

രണ്ടു മൂന്നു വർഷം കഴിഞ്ഞേ ഒള്ളു എനിക്ക് കല്യാണം, ഇപ്പൊ ഒന്നും നോക്കുന്നില്ല ചേച്ചി.
അമ്മു പെട്ടന്ന് മറുപടി പറഞ്ഞപ്പോൾ നകുലൻ ഒന്ന് ഊറി ചിരിച്ചു.

ഇടയ്ക്ക് ഒക്കെ അവൾ തിരിഞ്ഞു പിന്നിലേക്ക് നോക്കുമ്പോൾ ആ മുടിയിഴകൾ നകുലന്റെ മുഖത്തൂടെ തഴുകി കടന്ന് പോകുന്നുണ്ട്..അത് മനസിലായതും അമ്മു പെട്ടന്ന് മുടി എടുത്തു അവളുടെ ഇടതു വശത്തെയ്ക്ക് ഇട്ടിട്ടു  മേൽചുണ്ടിന് മുകളിൽ പതിഞ്ഞു വന്നിരിക്കുന്ന വിയർപ്പ്കണങ്ങൾ ഒന്ന് ഒപ്പികളഞ്ഞു കൊണ്ട് മുന്നോട്ട് നോക്കി ഇരുന്നു……തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button